Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്തു പോകുമോ, ഗംഭീറും യുവിയും?

സന്ദീപ് ചന്ദ്രൻ
Yuvraj-Gambhir യുവരാജ് സിങ്, ഗൗതം ഗംഭീർ

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പുറത്താകുന്ന രീതി കാണുമ്പോള്‍, അദ്ദേഹം ഔട്ടായി രക്ഷപ്പെടുന്നതായാണ് തോന്നുന്നത്. വലിയ പ്രതീക്ഷകളുമായി ഡൽഹിയുടെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ഗംഭീറിന് പ്രതീക്ഷിച്ചപോലെ കളിക്കാന്‍ കഴിയുന്നില്ല. ആ ബാറ്റിങ്ങിന്റെ ചാരുതയായിരുന്ന ടൈമിങ് എങ്ങോ പോയി മറഞ്ഞു. ഓരോ ഡോട് ബോളും സമ്മര്‍ദ്ദമേല്‍പിക്കുമ്പോള്‍ ഗംഭീര്‍ എങ്ങനെയെങ്കിലും പന്ത് ബൗണ്ടറി കടത്താനുള്ള തത്രപ്പാടിലാണ്.

ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് ക്യാച്ചാകുകയോ പന്തിന്റെ ദിശ മനസ്സിലാകാതെ ബാറ്റ് വച്ച് ബൗള്‍ഡാകുകയോ ആയിരുന്നു അദ്ദേഹം. ക്യാപ്റ്റനെന്ന രീതിയില്‍ ബോള്‍ നഷ്ടപ്പെടുത്താതിരിക്കാനുള്ള ‘ആത്മഹത്യ’ എന്നു തോന്നിപ്പോകും. രണ്ടു ഫീല്‍ഡര്‍മാര്‍ മാത്രം സര്‍ക്കിളിനു പുറത്തു നില്‍ക്കുന്ന ആദ്യ ആറോവറില്‍ ചിലപ്പോള്‍ ബൗണ്ടറികളൊക്കെ കണ്ടെത്താനാകും. എങ്കിലും ഇന്ത്യയ്ക്ക് ട്വന്റി20 കിരീടം സമ്മാനിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച, ഏകദിന ലോകകപ്പ് ഫൈനലിലെ ടോപ് സ്‌കോററായ ഗംഭീറിന്റെ നിഴലാണ് ഡല്‍ഹി ജഴ്‌സിയില്‍ കളിക്കുന്നത്. 

ബാറ്റിങ്ങിലെ പരാജയം ഫീല്‍ഡിലും പ്രതിഫലിക്കുന്നത് ക്യാപ്റ്റന്റെ സമ്മര്‍ദം ഇരട്ടിയാക്കുകയാണ്. അഭിമാനിയാണ് ഗംഭീര്‍. ടീമിനു താന്‍ ഭാരമാണെന്ന് അദ്ദേഹത്തിനു തന്നെ തോന്നിത്തുടങ്ങിയാല്‍ ഒരുപക്ഷേ ക്യാപ്റ്റന്‍ സ്ഥാനം തന്നെ ഉപേക്ഷിച്ചേക്കാം. ഗംഭീറിലും കഷ്ടമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവായിരുന്ന യുവരാജ് സിങ്ങിന്റെ അവസ്ഥ. അദ്ദേഹത്തിന്റെ പ്രതാപകാലത്തെ കളി കണ്ടിട്ടുള്ളവര്‍ യുവരാജ് കളി നേരത്തേ നിര്‍ത്തിയിരുന്നെങ്കിലെന്നു ചിന്തിച്ചു പോകുകയാണ്.

ഐപിഎല്‍ ലേലത്തില്‍ വലിയ ഡിമാന്‍ഡില്ലായിരുന്ന യുവരാജിനെ പഞ്ചാബിയെന്ന വൈകാരികതകൂടി പരിഗണിച്ചാകണം അടിസ്ഥാന വിലയായ രണ്ടു കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒപ്പം കൂട്ടിയത്. ആദ്യ മല്‍സരങ്ങളിലെല്ലാം വണ്‍ ഡൗണ്‍ ആയും നാലാമതായുമെല്ലാം അവസരവും നല്‍കി. എന്നാല്‍ ദയനീയമായി പരാജയപ്പെടുന്ന യുവിയെയാണ് ആദ്യ മൽസരങ്ങൾ ആരാധകർക്കു സമ്മാനിച്ചത്. തീരെ ആത്മവിശ്വാസമില്ലാതെയാണ് യുവി ക്രീസില്‍ നില്‍ക്കുന്നതു തന്നെ. ഫീല്‍ഡില്‍ മിന്നല്‍പ്പിണറായിരുന്നു യുവി. ഇപ്പോള്‍ അതും നഷ്ടമായി.

പന്തിനു പിന്നാലെ ഓടുന്നില്ലെന്ന പരാതിയും ആരാധകര്‍ക്കുണ്ട്. വായടപ്പിക്കുന്ന ഒരിന്നിങ്‌സെങ്കിലും യുവിയുടെ ബാറ്റില്‍നിന്നു വന്നില്ലെങ്കില്‍ അധികം വൈകാതെ മനോജ് തിവാരി ആ സ്ഥാനത്തു കളിക്കും. ഹര്‍ഭജന്‍ സിങ്ങും വിനയ് കുമാറുമെല്ലാം ഈ ഗണത്തില്‍ പെടുത്താവുന്ന വെറ്ററന്‍മാരാണ്. ഹര്‍ഭജനെ ആരും ഗൗരവത്തോടെ കാണുന്നില്ല. വിനയ് ആണെങ്കില്‍ ആരാധകരുടെ ചീത്തവിളി കേട്ട് ടീമില്‍പോലും ഇടം കിട്ടാതായി. ഓസീസ് വെറ്ററന്‍ മിച്ചല്‍ ജോണ്‍സനും ഇത് അവസാന ഐപിഎൽ സീസണാകുന്ന ലക്ഷണമാണ്.

എന്നാല്‍, പ്രായമേശാത്ത ഒരുകൂട്ടര്‍ വെസ്റ്റിന്‍ഡീസിന്റെ താരങ്ങളാണ്. എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ അവര്‍ ലോകത്തെ ട്വന്റി20 ലീഗുകളിലെല്ലാം ഓടി നടന്നു കളിക്കുന്നു എന്നതു തന്നെ കാരണം. ക്രിസ് ഗെയില്‍, ഡ്വെയ്ന്‍ ‌ബ്രാവോ, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, എവിന്‍ ലൂയിസ്.. മിക്കവാറും എല്ലാവരും ഐപിഎല്ലില്‍ മികച്ച ഫോമിലാണ്. ഇവരിലാരും വിന്‍ഡീസ് ദേശീയ ടീമില്‍ കളിക്കുന്നവരല്ല. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ്, ബിഗ് ബാഷ്, ബംഗ്ലദേശ് ലീഗ് തുടങ്ങിയ ടൂര്‍ണമെന്റിലെ പ്രധാന താരങ്ങളാണ് ഇവരെല്ലാം. ഗംഭീറിന്റെയും യുവരാജിന്റെയും ഒക്കെ വിഷയം കളിക്കിടയിലെ വലിയ ഇടവേളകളാണ്. അതോടെയാണ് ടച്ചും ടൈമിങ്ങും നഷ്ടമാകുന്നത്.

related stories