Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയുടെ പിൻഗാമിയാകാനുള്ള താരപ്പോരിലേക്ക് സഞ്ജുവിന്റെ ‘റോയൽ എൻട്രി’

എ.ഹരിപ്രസാദ്
Sanju-Samson സഞ്ജു സാംസൺ

ദിനേഷ് കാർത്തിക്, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ...ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിങ് ധോണിക്കു പിൻഗാമിയായി സിലക്ടർമാർ തിരയുന്ന വിക്കറ്റ് കീപ്പർമാരുടെ പട്ടികയ്ക്കു നീളമേറെയാണ്. റോബിൻ ഉത്തപ്പ, കെ.എൽ. രാഹുൽ തുടങ്ങി ബാറ്റ്സ്മാൻമാരായി കടന്നുവന്നു കീപ്പിങ് ഗ്ലൗസിനു പാകം നോക്കുന്ന ചിലരും ചേരുന്നുണ്ട് ഈ പട്ടികയിൽ. എന്നാൽ വിക്കറ്റ് കീപ്പറുടെ റോളിൽ വന്നു സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ ആയവരെ തേടിയാൽ ? ആ അന്വേഷണം ചെന്നെത്തുക കേരളത്തിന്റെ സ്വന്തം സഞ്ജു വിശ്വനാഥ് സാംസണിൽ ആകും.

വിക്കറ്റ് കീപ്പർ എന്ന ലേബലില്ലാതെ ബാറ്റ്സ്മാൻ എന്ന നിലയ്ക്കുള്ള ഒറ്റയാൻ പോരാട്ടത്തിലാണു സഞ്ജു സാംസൺ. വാലറ്റം എന്ന വിശേഷണം കേൾക്കാത്തൊരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനെ മഷിയിട്ടു നോക്കിയാൽ പോലും കിട്ടാത്ത കാലം ഇന്ത്യൻ ക്രിക്കറ്റിൽ നിന്നു മാഞ്ഞിട്ട് അധികമൊന്നുമായിട്ടില്ല. എം.എസ്. ധോണിയെന്ന പടനായകനു ശേഷം ബാറ്റ് കൊണ്ട് എതിരാളികളെ വീഴ്ത്താൻ പോന്നൊരു കീപ്പറെത്തേടിയുള്ള ചെറുതല്ലാത്ത അന്വേഷണത്തിലാണു ടീം ഇന്ത്യ. കാർത്തിക്കും ഋഷഭും മുൻനിരയിലുള്ള ആ മൽസരത്തിന്റെ തലപ്പത്തേയ്ക്കു കടന്നെത്താൻ സഞ്ജുവിന് ഈ ഐപിഎല്ലിലെ പ്രകടനം കൂടി മതിയാകും. 

സഞ്ജുവിന്റെ അവതാരം

സഞ്ജുവിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ ‘വർഷം തോറും വന്നെത്തുന്ന രണ്ടു മാസത്തെ അവസരം’ ആയ ഐപിഎൽ ഇക്കുറിയും കേരള താരത്തിന് അനുഗ്രഹമാകുകയാണ്. രാജസ്ഥാൻ റോയൽസിനു വേണ്ടി മൂന്നു മൽസരങ്ങളിൽ നിന്നായി സഞ്ജുവിന്റെ ബാറ്റിൽ നിന്നു പിറന്നതു 178 റൺസ്. രണ്ടു മൽസരങ്ങളിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സഞ്ജു ഏറ്റുവാങ്ങി. ലോകോത്തര താരങ്ങൾ നിരക്കുന്ന ലീഗിലെ റൺവേട്ടയ്ക്കുള്ള ഓറഞ്ച് ക്യാപ്പും മലയാളി താരത്തിന്റെ ശിരസ്സിൽ വന്നു. രണ്ടു മൽസരങ്ങളിലും ടീമിന്റെ ടോപ് സ്കോററായ സഞ്ജുവിന്റെ ഇന്നേവരെ കാണാത്തൊരു ബാറ്റിങ് വെടിക്കെട്ടിനാണു വിഷുസന്ധ്യയിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വേദിയായത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട, വിജയം തേടാൻ 160– 170 റൺസ് എന്ന കണക്കുകൂട്ടലുകളുമായി ഇന്നിങ്സ് കരുപ്പിടിപ്പിച്ച റോയൽസിനെ സഞ്ജുവിന്റെ ഒറ്റയാൾ ആക്രമണം 217 റൺസ് എന്ന പടുകൂറ്റൻ ടോട്ടലിലാണെത്തിച്ചത്.

എസ്‌വി സാംസൺ – 92 നോട്ടൗട്ട്, 45 പന്തുകൾ, 10 സിക്സറുകൾ, സ്ട്രൈക്ക് റേറ്റ് 204.44 – എന്ന ഒറ്റവരി സ്കോർകാർഡിൽ ഒതുങ്ങുന്നതല്ല ആ ഇന്നിങ്സ്. ടീം ഇന്ത്യയുടെ മുഖങ്ങളായ യൂസ്‌വേന്ദ്ര ചാഹലും വാഷിങ്ടൺ സുന്ദറും ഉമേഷ് യാദവും ഉൾപ്പെടുന്ന ബോളിങ് നിരയാണ് അന്നു സഞ്ജുവിനു മുന്നിൽ നിരായുധരായത്. ബാറ്റ് കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന എബി ഡിവില്ലിയേഴ്സും ബ്രണ്ടൻ മക്കല്ലവും ക്വിന്റൺ ഡികോക്കുമടങ്ങുന്ന റോയൽ ചാലഞ്ചേഴ്സിന്റെ ലോകതാരങ്ങൾ ആ പടയോട്ടത്തിലെ കാണികളായി. എല്ലാറ്റിനും മേലെ, സഞ്ജുവിന്റെ പ്രതിഭയ്ക്കും പ്രഭാവത്തിനും സാക്ഷിയായി (ഇരയായി !) ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും. ഒരു കരീബിയൻ വന്യതയോടെ മൈതാനത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും പന്ത് പറത്തിയ സഞ്ജുവിന്റെ ഇന്നിങ്സിനെ മറികടക്കാൻ കഴിയാതെ ട്വന്റി 20യിലെ വൻതോക്കുകൾ നിരന്ന ആതിഥേയ ടീം ഒടുവിൽ കീഴടങ്ങി. 

വഴിമാറ്റത്തിന്റെ സീസൺ

ആഭ്യന്തര ക്രിക്കറ്റിലെ റൺ കനമുള്ളൊരു സീസണിനു ശേഷമാണു സഞ്ജു റോയൽസിനു വേണ്ടി കളിക്കാനിറങ്ങുന്നത്. രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായി ക്വാർട്ടർ ഫൈനൽ കണ്ട സീസണിൽ സഞ്ജു സാംസണിന്റെ ബാറ്റും പുതിയ ഉയരങ്ങൾ താണ്ടി. ആറു മൽസരങ്ങളിൽ നിന്നായി 577 റൺസാണ് ഈ വലംകൈയൻ ബാറ്റ്സ്മാന്റെ സമ്പാദ്യം. രഞ്ജിയിൽ രണ്ടു സെഞ്ചുറികളും മൂന്ന് അർധ ശതകങ്ങളും കുറിച്ചതിനു പ്രതിഫലമെന്നോണം ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ബോർഡ് പ്രസിഡന്റ്സ് ഇലവനെ നയിക്കാനുള്ള അവസരം സഞ്ജുവിനെത്തേടിവന്നു. രംഗണ ഹെറാത്ത് ഉൾപ്പെടെയുള്ള ബോളർമാർക്കെതിരെ സെഞ്ചുറി കുറിച്ചു സ‍ഞ്ജു ആ വെല്ലുവിളി ഏറ്റെടുത്തു. സന്ദർശകർക്കെതിരെ വീണുപോയ സ്വന്തം ടീമിനെ നായകന്റെ ഇന്നിങ്സ് പുറത്തെടുത്താണ് അന്നു സഞ്ജു രക്ഷിച്ചെടുത്തത്.

എമർജിങ് പ്ലെയർ തിളക്കത്തോടെ അ‍ഞ്ചു വർഷം മുൻപ് അരങ്ങേറിയ സഞ്ജുവിന്റെ താരമൂല്യം ഓരോ സീസണിലും വർധിക്കുന്ന കാഴ്ചയാണ് ഐപിഎൽ കാട്ടിത്തരുന്നത്. രാഹുൽ ദ്രാവിഡിന്റെ കണ്ടെത്തലായി രാജസ്ഥാൻ റോയൽസിനൊപ്പം തുടങ്ങിയ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും തിളക്കമേറിയ പ്രകടനം മുൻവർഷം ഡൽഹി ഡെയർഡെവിൾസിനു വേണ്ടി പുറത്തെടുത്തതാണ്. ഡൽഹിയുടെ താരനിബിഡ നിരയിൽ ബാറ്റ്സ്മാനായി ഇടംകണ്ടെത്തിയ സഞ്ജു 14 മൽസരങ്ങളിൽ നിന്നായി കുറിച്ചതു 386 റൺസ്. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും നേടിയ സഞ്ജു സാംസൺ യുവതാരമെന്ന ലേബലിൽ നിന്നു ടീമിന്റെ മുന്നണിപ്പോരാളിയായി വളർന്നതിന്റെ സാക്ഷ്യപത്രമാണ് ഇത്തവണത്തെ താരലേലം.

ബെംഗളൂരു തന്നെ വേദിയായ ഐപിഎൽ ലേലത്തിൽ ടീം ഇന്ത്യയുടെ നിറത്തിലെ സ്ഥിരക്കാരായ പല താരങ്ങൾക്കും ലഭിക്കാത്ത വില നൽകിയാണ് ഇരുപത്തിമൂന്നുകാരനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. എട്ടു കോടിയെന്ന സ്വപ്നസംഖ്യയ്ക്കൊത്ത പ്രകടനം ഇപ്പോൾ കളത്തിൽ നിന്നും വരുമ്പോൾ  മിന്നിത്തെളിയുന്നത് റോയൽസിന്റെ മാത്രം പ്രതീക്ഷകളല്ല. ധോണിക്കൊരു പിൻഗാമിയെന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ആകാശത്തോളം ചെന്ന പ്രതീക്ഷകൾ കൂടിയാണു ക്രീസിൽ പൂത്തുലയുന്നത്.