Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ്ദേവല്ല, ‘പരാജയ്ദേവ്’ ഈ ഉനദ്കട്; ആ 11.5 കോടി?

Jaidev-Unadkat ജയ്ദേവ് ഉനദ്ഘട്

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 11–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിലെ താരോദയങ്ങളിൽ പ്രധാനിയായിരുന്നു ജയ്ദേവ് ദീപക്ഭായ് ഉനദ്കട് എന്ന ഗുജറാത്തുകാരൻ. സൂപ്പർ താരങ്ങളിൽ പലരും 10 കോടി കടക്കാൻ വിഷമിച്ച താരലേലത്തിൽ ഈ ഇരുപത്താറുകാരന്റെ താരോദയം വെറുതെ സംഭവിച്ച ഒന്നല്ല. വാശിയേറിയ ലേലത്തിനൊടുവിൽ 11.5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഉനദ്ഘടിനെ ടീമിലെത്തിച്ചത്.

തീർത്തും നാടകീയമായിരുന്നു ലേല വേദിയിൽ ഉനദ്കടിന്റെ താരോദയം. അൺക്യാപ്ഡ് താരങ്ങളടക്കമുള്ള ഇന്ത്യൻ ബോളർമാർക്ക് ആവശ്യക്കാരേറിയ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സും കിങ്സ് ഇലവനുമാണ് ഉനദ്കടിനു വേണ്ടി ആദ്യം രംഗത്തെത്തിയത്. വാശിയേറിയ ലേലം 11 കോടിയിലെത്തിയതോടെ കിങ്സ് ഇലവൻ പിൻമാറി. ചെന്നൈ ലേലമുറപ്പിച്ചെന്നു കരുതിയ ഘട്ടത്തിൽ അപ്രതീക്ഷിതമായി റോയൽസിന്റെ വിളിയെത്തി. എതിർ ടീമുടമകളുടെ കരഘോഷത്തിന്റെ അകമ്പടിയോടെയാണ് ഉനദ്കടിനെ റോയൽസ് നാടകീയമായി സ്വന്തമാക്കിയത്.

ഐപിഎൽ ലേലചരിത്രത്തിൽ ഒരു ഇന്ത്യൻ ബോളർക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. പതിനൊന്നാം ലേലത്തിലെ വിലയേറിയ ഇന്ത്യൻ താരവും ഉനദ്കട് തന്നെ. ക്രിക്കറ്റ് വൃത്തങ്ങളിൽ കൗതുകം സൃഷ്ടിച്ച ഈ ലേല തീരുമാനത്തിന് കളത്തിലെ പ്രകടത്തിലൂടെ ഉനദ്കടെന്ന ലെഫ്റ്റ് ആം മീഡിയം പേസർ നീതീകരണം നൽകുമെന്നു പ്രതീക്ഷിച്ച ആരാധകരേറെ.

നാലു മൽസരം, രണ്ടു വിക്കറ്റ്

എന്നാൽ, രാജസ്ഥാൻ സീസണിലെ നാലാം മൽസരം പൂർത്തിയാക്കുമ്പോഴും ഉനദ്ഘടിനു ടീം മാനേജ്മെന്റ് നൽകിയ വിലയിലുള്ള സംശയങ്ങൾ അവസാനിക്കുന്നില്ല. നാലു മൽസരങ്ങൾ പൂർത്തിയാകുമ്പോൾ രണ്ടേ രണ്ടു വിക്കറ്റുകളാണ് ഉനദ്കടിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഒരേയൊരു മൽസരത്തിലാണ് ഉനദ്കട് ഓവറിൽ 10 റൺസിനു താഴെ വിട്ടുകൊടുത്തത്. ആ മൽസരത്തില്‍പ്പോലും 9.33 റൺസ് വിട്ടുകൊടുത്തു. രാജസ്ഥാന്‍ ബോളിങ്ങിനെ നയിക്കേണ്ട ഉനദ്കടാണ് രണ്ടു മൽസരങ്ങളിൽ രാജസ്ഥാൻ നിരയിൽ ഏറ്റവുമധികം പ്രഹമേറ്റുവാങ്ങിയ താരം. മറ്റു മൽസരങ്ങളിൽ സഹതാരങ്ങൾ ചെറിയ വ്യത്യാസത്തിനാണ് ആ ‘റെക്കോർഡ്’ കൊണ്ടുപോയത്.

ഇതുവരെ നാലു മൽസരങ്ങളിൽനിന്ന് 11 ഓവർ ബോൾ ചെയ്ത ഉനദ്കട് വിട്ടുകൊടുത്തത് 121 റൺസാണ്. ഓവറിൽ ശരാശരി 11 റൺസ്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 43–ാം സ്ഥാനത്താണ് ഈ ദശ കോടിപതി.

11–ാം സീസണിൽ ഉനദ്കടിന്റെ പ്രകടനം ഇങ്ങനെ: 

∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മൂന്ന് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ്. വൃദ്ധിമാൻ സാഹയെയാണ് പുറത്താക്കിയത്. മൽസരം ഹൈദരാബാദ് അനായാസം ജയിച്ചു.

∙ ഡൽഹി ഡെയർഡെവിൾസിനെതിരെ രണ്ട് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ്. രാജസ്ഥാൻ നിരയിൽ ഏറ്റവും തല്ലുവാങ്ങിയ താരം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം രാജസ്ഥാൻ ജയിച്ചു.

∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മൂന്ന് ഓവറിൽ 35 റൺസ് വഴങ്ങി. വിക്കറ്റൊന്നുമില്ല. ധവാൽ കുൽക്കർണിക്കു ശേഷം രാജസ്ഥാൻ നിരയിൽ ഏറ്റവും പ്രഹരമേറ്റു വാങ്ങി. മൽസരം രാജസ്ഥാൻ ജയിച്ചു.

∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മൂന്ന് ഓവറിൽ 34 റൺസ് വഴങ്ങി. ഇക്കുറിയും വിക്കറ്റൊന്നുമില്ല. ഒരി‍ക്കൽക്കൂടി രാജസ്ഥാൻ നിരയിൽ ഏറ്റവുമധികം പ്രഹരമേറ്റു വാങ്ങിയ താരം. മൽസരം രാജസ്ഥാൻ തോറ്റു.

ജയദേവനാകുമോ, ഉനദ്കട്?

ഈ സീസണിൽ ഏറ്റവുമധികം വില ലഭിച്ച ബോളറെന്ന ലേബലിനു േചരുന്ന പ്രകടനമല്ല, ഇതുവരെ ഉനദ്കടിന്റേത്. നിർബാധം റൺസ് വിട്ടുകൊടുക്കുന്ന താരം വിക്കറ്റു വീഴ്ത്തുന്നതിലും പിശുക്കു തുടരുമ്പോൾ, പരുക്കേൽക്കുന്നത് രാജസ്ഥാൻ റോയൽസെന്ന ടീമിന്റെ ഐപിഎൽ മോഹങ്ങൾക്കു കൂടിയാണ്. ലഭിച്ച വിലയുടെ, അതിന്റെ പകുതി വിലയുടെങ്കിലും മൂല്യത്തിനൊത്ത പ്രകടനം ഉനദ്കട് വരും മൽസരങ്ങളിൽ പുറത്തെടുത്തില്ലെങ്കിൽ രാജസ്ഥാൻ റോയൽസിന് മുന്നേറ്റം ദുഷ്കരമാകുമെന്ന് ഉറപ്പാണ്. ജയദേവനായി ഉനദ്കട് അവതരിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും കാത്തിരിക്കുകയാണ് രാജസ്ഥാൻ ആരാധകർ.

related stories