Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഷെയ്ൻ''സേഷണൽ'' വാട്സൺ, പുണെയിൽ ജയിച്ചു തുടങ്ങി ചെന്നൈ

കാർത്തിക്ക് തെക്കേമഠം
shane-watson-century രാജസ്ഥാനെതിരെ സെഞ്ചുറി നേടിയ ഷെയ്ൻ വാട്സൺ.ചിത്രം: ഐപിഎൽ ട്വിറ്റർ

രാജസ്ഥാൻ വീണ്ടും തോറ്റു. മികച്ചൊരു വിജയ ലക്ഷ്യം ലഭിച്ചപ്പോൾ ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ. പന്തുകൊണ്ടും ബാറ്റുകൊണ്ടും രാജസ്ഥാൻ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയപ്പോൾ ചെന്നൈ ബുദ്ധിമുട്ടേതുമില്ലാതെ വിജയിച്ചുകയറി. അല്ലെങ്കിലും പുണെയിലെ ആദ്യ ഹോം മാച്ചിൽ അങ്ങനെ തോറ്റുകൊടുക്കാനാകുമായിരുന്നില്ല ചെന്നൈയ്ക്ക്. അതുകൊണ്ട് ട്രെയിൻ പിടിച്ച് ചെന്നൈയിൽ നിന്നെത്തിയ ആയിരങ്ങൾക്കു മുന്നിൽ അവർ കളിച്ചു, ജയിച്ചു. ഒപ്പം ഇരട്ടിമധുരമായി ഷെയ്ൻ വാട്സന്റെ സെഞ്ചുറിയും.

നൂറടിച്ച് വാട്സൺ; ഗാലറിയിൽ കയ്യടിച്ച് ഭാര്യയും കുട്ടിയും

തുടർച്ചയായി രണ്ടാം ദിവസവും സെഞ്ചുറിയോടെ ഐപിഎൽ. വ്യാഴാഴ്ച ഗെയിലിന്റെ മാസായിരുന്നെങ്കിൽ വെള്ളിയിൽ വാട്സന്റെ ക്ലാസ് ബാറ്റിങ്ങിനാണു ഐപിഎൽ സാക്ഷ്യം വഹിച്ചത്. 51 പന്തുകളിൽ സെഞ്ചുറി പൂർത്തിയാക്കിയ വാട്സൻ ഒൻപതു ഫോറുകളും ആറു സിക്സും പറത്തി. ട്വന്റി20യിലെ വാട്സന്റെ നാലാമത്തെ സെഞ്ചുറിയാണ് പുണെയിൽ പിറന്നത്.

ഒപ്പം ഐപിഎൽ 2018 സീസണിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന സ്കോറെന്ന നേട്ടവും ഈ ഓസീസ് ബാറ്റ്സ്മാന്റെ പേരിലായി. വ്യാഴാഴ്ച സീസണിലെ ആദ്യ സെഞ്ചുറി തികച്ച ക്രിസ് ഗെയിൽ രണ്ടാമതും. ഒപ്പം മികച്ച റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് മൽസരത്തിൽ വാട്സണ്‍ മൂന്നാമതെത്തി. വിരാട് കോ‍ഹ്‍ലിയും സഞ്ജു വി. സാംസണുമാണ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 

shane-watson-batting

ഐപിഎല്ലിൽ രാജസ്ഥാനു വേണ്ടിയായിരുന്നു വാട്സൺ ആദ്യ സെഞ്ചുറി നേടിയത്. അതും എം.എസ്. ധോണിയുടെ ഇതേ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 2013ൽ. അന്ന് 82 പന്തിൽ വാട്സണ്‍ 101 റണ്‍സെടുത്തെങ്കിലും രാജസ്ഥാൻ അന്നു പരാജയപ്പെട്ടു. അന്ന് രാജസ്ഥാനു വേണ്ടി ചെന്നൈയ്ക്കെതിരെ സെഞ്ചുറിയെങ്കിൽ ഇന്നത് െചന്നൈയ്ക്കു വേണ്ടി രാജസ്ഥാനെതിരെയായി. രാജസ്ഥാനു വേണ്ടി കൊൽക്കത്തയ്ക്കെതിരെ നേടിയതുൾപ്പെടെ മൂന്നു സെഞ്ചുറികളാണ് ഐപിഎല്ലിൽ ഇതുവരെ താരത്തിന്റെ പേരിലുള്ളത്. 

തീർത്തും ക്ലാസായ പ്രകടനമായിരുന്നു പുണെയില്‍ വാട്സൺ രാജസ്ഥാനെതിരെ പുറത്തെടുത്തത്. 28 പന്തിൽ അർധസെഞ്ചുറി നേടിയ താരം അടുത്ത അമ്പത് റൺസ് 23 പന്തിൽ നേടി. ഒടുവിൽ ഐപിഎൽ 2018 സീസണിലെ രണ്ടാം സെഞ്ചുറി പിറന്നപ്പോൾ ഗാലറിയിൽ ആരാധകർക്കൊപ്പമിരുന്ന വാട്‍സന്റെ ഭാര്യയും കുട്ടിയും കയ്യടിച്ചു. ട്രെയിനും കയറി പുണെയിലെത്തിയ ക്രിക്കറ്റിലെ മഞ്ഞപ്പടയ്ക്കു ഇതിൽപ്പരം എന്താണു സന്തോഷം.

chennai-fans

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 204 റൺസെടുത്തു. ഓപ്പണർ ഷെയ്ൻ വാട്സന്റെ സെഞ്ചുറി മികവിലാണ് ചെന്നൈ കൂറ്റൻ വിജയലക്ഷ്യം തന്നെ രാജസ്ഥാനു മുന്നിൽ വച്ചത്. അംബാട്ടി റായുഡു ( എട്ടു പന്തിൽ 12), സുരേഷ് റെയ്ന (29 പന്തിൽ 46), എം.എസ്. ധോണി (മൂന്നു പന്തിൽ അഞ്ച്), സാം ബില്ലിങ്സ് (ഏഴു പന്തില്‍ മൂന്ന്) എന്നിങ്ങനെയാണ് പുറത്തായ ചെന്നൈ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.   ഡ്വെയ്ൻ ബ്രാവോ (16 പന്തിൽ 24), രവീന്ദ്ര ജഡേജ (രണ്ട്) എന്നിവര്‍ ചെന്നൈ നിരയിൽ പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി ശ്രേയസ് ഗോപാൽ മൂന്നു വിക്കറ്റും ബെൻ‌ ലോ‍ഗ്‍ലിൻ രണ്ടു വിക്കറ്റും വീഴ്ത്തി. 

ടോസ് നേടിയ രാജസ്ഥാൻ ചെന്നൈയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇരു ടീമുകളും പുണെയിൽ കളിക്കാനിറങ്ങിയത്. ഡാർസി, ധവൽ കുൽ‌ക്കർണി എന്നിവർക്കു പകരം ഹെന്‍റി ക്ലാസൻ, സ്റ്റുവർട്ട് ബിന്നി എന്നിവര്‍ രാജസ്ഥാൻ നിരയിലെത്തി. ചെന്നൈയ്ക്കു വേണ്ടി കരൺ ശർമയും സുരേഷ് റെയ്നയും ടീമിൽ തിരിച്ചെത്തി. 

ബാറ്റുകൊണ്ടും പന്തുകൊണ്ടും തകർന്ന് റോയൽസ്

ചെന്നൈയിലെ രാജാക്കൻമാർക്കെതിരെ ബാറ്റു കൊണ്ടും പന്തുകൊണ്ടും തകർന്നടിയാനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിധി. ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെയാണ് രാജസ്ഥാൻ ചെന്നൈയ്ക്കു മുന്നില്‍ കീഴടങ്ങിയത്. 205 റണ്‍സെന്നത് രാജസ്ഥാനെ സംബന്ധിച്ചിടത്തോളം എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യമായിരുന്നു. പക്ഷെ ബാറ്റിങ്ങിൽ ഒന്നിനു പിറകെ ഒന്നായി താരങ്ങൾ ഗ്രൗണ്ട് വിട്ടപ്പോള്‍ ചെന്നൈയ്ക്കു സ്വന്തമായത് മൂന്നാം ജയം. അതും സൂപ്പറായി തന്നെ. 

18.3 ഓവറിൽ 140 റൺസിനു രാജസ്ഥാന്‍ നിരയിലെ എല്ലാവരും പുറത്തായി. ബെൻ‌ സ്റ്റോക്സ് ഒഴികെ മറ്റാർക്കും കാര്യമായ ബാറ്റിങ് പ്രകടനം നടത്താനായില്ല. 37 പന്തുകൾ നേരിട്ട സ്റ്റോക്സ് 45 റണ്‍സെടുത്ത് പുറത്തായി. രാജസ്ഥാന്റെ അഞ്ച് ബാറ്റ്സ്മാൻമാരാണു രണ്ടക്കം കടക്കാനാകാതെ പുറത്തായത്. ജോസ് ബട്‍ലര്‍ 22 റൺസും അജിൻക്യ രഹാനെ 16 റൺസും നേടി. ഹെൻറിച്ച് ക്ലാസൻ ( ഏഴു പന്തിൽ ഏഴ്), സഞ്ജു വി. സാംസൺ ( മൂന്നു പന്തിൽ രണ്ട്), രാഹുൽ ത്രിപതി (അഞ്ചു പന്തിൽ അഞ്ച്), സ്റ്റുവർട്ട് ബിന്നി (എട്ടു പന്തിൽ പത്ത്), കൃഷ്ണപ്പ ഗൗതം (രണ്ട് പന്തിൽ ഒന്ന്), ജയ്ദേവ് ഉനദ്ഘട്ട് ( പത്തു പന്തിൽ 16), ബെൻ ലോഗ്‍ലിൻ (പൂജ്യം)  എന്നിങ്ങനെയാണു മറ്റു രാജസ്ഥാൻ താരങ്ങളുടെ സ്കോറുകൾ. എട്ടു റൺസുമായി ശ്രേയസ് ഗോപാൽ പുറത്താകാതെ നിന്നു. 

rajastan

ചെന്നൈയ്ക്കു വേണ്ടി ദീപക് ചഹർ, ഷാർദൂൽ‌ താക്കൂർ, ഡ്വെയ്ൻ ബ്രാവോ, കരൺ ശർമ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ഷെയ്ൻ വാട്സൻ, ഇമ്രാൻ താഹിർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

പന്തുകൊണ്ടും രാജസ്ഥാൻ പുണെയിൽ അമ്പെ പരാജയപ്പെട്ടു. പന്തെറിയാനെത്തിയ ആറിൽ അഞ്ചുപേരും മുപ്പതിനു മുകളിൽ റൺസ് വിട്ടുകൊടുത്തു. രണ്ട് ഓവർ മാത്രമെറിഞ്ഞ സ്റ്റുവർട്ട് ബിന്നി 33 റൺസാണു വിട്ടുകൊടുത്തത്. ജയ്ദേവ് ഉനദ്ഘട്ട്, ബെൻ സ്റ്റോക്സ്, ബെൻ ലോഗ്‍ലിൻ, കൃഷ്ണപ്പ ഗൗതം എന്നിവരും തല്ലുകൊള്ളികളായി. നാലോവറിൽ 20 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാൽ മാത്രമാണ് ഇതിനൊരപവാദമായുള്ളത്. 

related stories