Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

174 പന്ത്, 342 റൺസ്; ഡൽഹിയിൽ ‘റൺമഴയിൽ ഒലിച്ച്’ രാജസ്ഥാൻ

Ajinkya-Rahane-Umbrella ഡൽഹിക്കെതിരായ മൽസരത്തിനിടെ മഴയെത്തിയപ്പോൾ കുടയ്ക്കു കീഴിൽ അഭയം തേടിയ രാജസ്ഥാൻ നായകൻ രഹാനെ. (ട്വിറ്റർ ചിത്രം)

ന്യൂഡൽഹി ∙രസം കൊല്ലിയായി ഇടയ്ക്കിടെ എത്തിനോക്കിയ മഴയ്ക്കും കെടുത്താവുന്നതായിരുന്നില്ല ആ ക്രിക്കറ്റ് ആവേശം. ഡൽഹി ഫിറോസ്ഷാ കോട്‌ലയെ നനച്ചെത്തിയ മഴപ്പെയ്ത്തിനൊപ്പം ആരാധകരെ വിരുന്നൂട്ടിയ റൺപെയ്ത്തും സമാസമം ചേർന്ന മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ഡെയർഡെവിൾസിന് തകർപ്പൻ വിജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാലു റൺസിനാണ് ഡൽഹിയുടെ വിജയം. 

18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ  ഡൽഹി 17.1  ഓവറിൽ  ആറിനു 196ൽ നിൽക്കെ വീണ്ടും മഴയെത്തിയതിനെ തുടർന്ന് രാജസ്ഥാന് 12 ഓവറിൽ 151 റൺസ് വിജയലക്ഷ്യമായി തീരുമാനിച്ചു. 72 പന്തിൽ 151 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാൻ ‘റോയൽ’ പോരാട്ടം തന്നെ നടത്തിയെങ്കിലും ലക്ഷ്യത്തിന് നാലു റൺസകലെ ഇന്നിങ്സ് അവസാനിപ്പിച്ചു. അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് നേടേണ്ടിയിരുന്ന രാജസ്ഥാന് 10 റൺസ്  മാത്രമേ നേടാനേ സാധിച്ചുള്ളു.

26 പന്തിൽ 67 റൺസെടുത്ത ജോസ് ബട്‌ലറുടെയും 25 പന്തിൽ 44 റൺസെടുത്ത ‍ഡാർസി ഷോട്ടിന്റെയും നേതൃത്വത്തിലായിരുന്നു രാജസ്ഥാന്റെ പോരാട്ടം. നേരത്തെ, ഋഷഭ് പന്ത് (69), ശ്രേയസ് അയ്യർ (50), പൃഥ്വി ഷാ (47) എന്നിവരുടെ ഇന്നിങ്സുകളാണ് രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ നേടാൻ ഡൽഹിയെ സഹായിച്ചത്.

ആവേശം വാനോളം...

എന്തൊരു പോരാട്ടമായിരുന്നു അത്! ഇടയ്ക്കിടെ മഴ രസംകൊല്ലിയായെത്തിയതോടെ ആകെ കളി നടന്നത് 174 പന്തുകൾ മാത്രം. എന്നാലെന്ത്, ആരാധകരെ ത്രസിപ്പിക്കാൻ ഈ പന്തുകൾ ധാരാളമായിരുന്നു ഡൽഹിക്കും രാജസ്ഥാനും. ഇരു ടീമുകളും ചേർന്ന് 174 പന്തിൽ അടിച്ചുകൂട്ടിയത് 342 റൺസാണ്. 10 ഓവറിലേറെ കളി നടന്ന ഐപിഎൽ മൽസരങ്ങളിലെ റെക്കോർഡ് റണ്ണൊഴുക്കാണിത്.

ആദ്യം ബാറ്റു ചെയ്ത ഡൽഹി 103 പന്തിൽ 196 റൺസെടുത്തപ്പോൾ, രാജസ്ഥാൻ 72 പന്തിൽ 146 റൺസുമെടുത്തു. ഡൽഹി താരങ്ങൾ ചേർന്ന് 13 സിക്സും 16 ബൗണ്ടറിയും അടിച്ചുകൂട്ടിയപ്പോൾ, രാജസ്ഥാൻ താരങ്ങൾ 12 സിക്സും 9 ബൗണ്ടറിയും കണ്ടെത്തി. 29 പന്തിൽ ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 69 റൺസെടുത്ത ഋഷഭ് പന്തിന്റെ പോരാട്ടം കളിയിലെ കേമ‍ൻ പട്ടം നേടിയപ്പോൾ, രാജസ്ഥാനായി ഇംഗ്ലിഷ് താരം ജോസ് ബട്‌ലർ നടത്തിയ ഐതിഹാസിക പ്രകടനം (26 പന്തിൽ നാലു ബൗണ്ടറിയും ഏഴു സിക്സും സഹിതം 67) പാഴായി.

അയ്യർക്കു കീഴിൽ ഡൽഹിക്കു ശ്രേയസ്

ഗൗതം ഗംഭീറിൽനിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യർക്കു കീഴിൽ ഡൽഹി ശ്രേയസ് വീണ്ടെടുക്കുന്ന കാഴ്ചയാണ് ഐപിഎൽ സമ്മാനിക്കുന്നത്. അയ്യർക്കു കീഴിലുള്ള ആദ്യ മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയം നേടിയ ഡൽഹി, രണ്ടാം മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കടുത്ത പോരാട്ടത്തിനൊടുവിലാണ് തോൽവി സമ്മതിച്ചത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തപ്പോൾ, ഡൽഹിയുടെ പോരാട്ടം അ‍ഞ്ചു വിക്കറ്റ് നഷ്ടത്തിൽ 198 റൺസിൽ അവസാനിച്ചു. ഇതിനു പിന്നാലെയിതാ രാജസ്ഥാനെതിരായ ആവേശപ്പോരിലും ‍ഡൽഹി വിജയം പിടിച്ചെടുത്തിരിക്കുന്നു.

ശ്രേയസ് അയ്യർക്കൊപ്പം ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ ശേഷിയുള്ള ഒരു പിടി യുവതാരങ്ങളാണ് ‍ഡൽഹിയുടെ കരുത്ത്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത പൃഥ്വി ഷാ മുതൽ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, വിജയ് ശങ്കർ എന്നിങ്ങനെ പോകുന്ന ഡൽഹിയുടെ ഇന്ത്യൻ കരുത്ത്. ഇവർക്കൊപ്പം വമ്പനടികളുടെ ആശാൻമാരായ കോളിൻ മൺറോ, ഗ്ലെൻ മാക്സ്‌വെൽ എന്നിവർകൂടി ചേരുന്നതോടെ ഏതു ബോളർമാരെയും വിറപ്പിക്കുന്ന ബാറ്റിങ് ലൈനപ്പായി ഡൽഹി രൂപാന്തരം പ്രാപിക്കുന്നു.

ടോസ് നഷ്ടം, എന്നിട്ടും...

ഡൽഹിക്കെതിരായ മൽസരത്തിൽ ടോസ് ഭാഗ്യം അനുഗ്രഹിച്ചത് രാജസ്ഥാൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ. പതിവുപോലെ രാജസ്ഥാൻ ഡൽഹിയെ ബാറ്റിങ്ങിന് അയച്ചു. മഴമൂലം കളി ആരംഭിക്കാൻ വൈകിയതിനാൽ മൽസരം 18 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു.

‍ഡൽഹിയുടെ തുടക്കവും പതർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽത്തന്നെ കോളിൻ മൺറോ പുറത്തായി. ധവാൽ കുൽക്കർണിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറിനു ക്യാച്ച് സമ്മാനിച്ച് മൺറോ കൂടാരം കയറുമ്പോൾ ഡൽഹിയുടെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് ഒരു റൺ മാത്രം. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒരുമിച്ച ശ്രേയസ് അയ്യർ–പൃഥ്വി ഷാ സഖ്യം ഡൽഹി ഇന്നിങ്സിന് അടിസ്ഥാനമിട്ടു.

40 പന്തുകൾ മാത്രം നീണ്ടുനിന്ന ഈ കൂട്ടുകെട്ട് ഡൽഹി സ്കോർബോർഡിൽ ചേർത്തത് 73 റൺസ്. ബൗണ്ടറികളും സിക്സുകളും യഥേഷ്ടം കണ്ടെത്തിയ സഖ്യം അനായാസം മുന്നേറുന്നതിനിടെ, പൃഥ്വി ഷായെ ശ്രേയസ് ഗോപാൽ വീഴ്ത്തി. 25 പന്തിൽ നാലു വീതം ബൗണ്ടറിയും സിക്സും സഹിതം 47 റൺസെടുത്ത ഷായെ സ്വന്തം ബോളിൽ ക്യാച്ചെടുത്താണ് ഗോപാൽ മടക്കിയത്.

ഷായെ പുറത്താക്കിയതിൽ രാജസ്ഥാനുണ്ടായിരുന്ന സകല സന്തോഷവും അതോടെ തീർന്നു. പിന്നീട് ക്രീസിൽ ഒരുമിച്ച ശ്രേയസ് അയ്യർ – ഋഷഭ് പന്ത് സഖ്യം മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 92 റൺസ്. വെറും 43 പന്തിലായിരുന്നു അയ്യർ–പന്ത് സഖ്യത്തിന്റെ അദ്ഭുത പ്രകടനം. വെറും 29 പന്തിൽ ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 69 റൺസെടുത്ത പന്തായിരുന്നു കൂടുതൽ അപകടകാരി. അയ്യർ 35 പന്തിൽ മൂന്നു വീതം സിക്സും ബൗണ്ടറിയും സഹിതം 50 റൺസുമെടുത്തു. ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കിയ ഉനദ്കട് തിരിച്ചടെച്ചെങ്കിലും വൈകിപ്പോയിരുന്നു.

അവസാന ഓവറുകളിൽ വമ്പൻ അടികളുമായി കളം നിറഞ്ഞ വിജയ് ശങ്കർ ഡൽഹി സ്കോർ ഇരുന്നൂറിന് അടുത്തെത്തിച്ചു. ആറു പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 17 റൺസെടുത്ത ശങ്കറിനെയും ഉനദ്കട് പുറത്താക്കിയതിനു പിന്നാലെ മഴയെത്തി. അപ്പോൾ 17.1 ഓവറിൽ ആറിന് 196 റൺസെന്ന നിലയിലായിരുന്നു ഡൽഹി.

രാജസ്ഥാൻ നിരയിൽ പന്തെടുത്തവരെല്ലാം നല്ല തല്ലുവാങ്ങി. ഓവറിൽ പത്തിൽ താഴെ റൺ ശരാശരിയുള്ളത് രണ്ടു പേർക്കു മാത്രം. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർ. ഇവരും ഒൻപതിനു മുകളിൽ റൺ വഴങ്ങുകയും ചെയ്തു. ഉനദ്കട് നാല് ഓവറിൽ 46 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കുൽക്കർണി മൂന്ന് ഓവറിൽ 37, കൃഷ്ണപ്പ ഗൗതം രണ്ട് ഓവറിൽ 27, ശ്രേയസ് ഗോപാൽ രണ്ട് ഓവറിൽ 26 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ ബോളിങ് പ്രകടനം.

തകർത്തടിച്ച് ബട്‌ലർ, ബട്...

മഴ മാറിയതിനു പിന്നാലെ രാജസ്ഥാന് 12 ഓവറിൽ 151 റൺസ് വിജയലക്ഷ്യമായി തീരുമാനിച്ചു. ജയത്തിലേക്ക് ഓവറിൽ ശരാശരി 13 റൺസോളം വേണ്ടതിനാലാകണം, ഡാർസി ഷോർട്ടിനൊപ്പം ഓപ്പണറായെത്തിയത് ഇംഗ്ലിഷ് താരം ജോസ് ബട്‌ലർ. രാജസ്ഥാന്റെ ഈ പരീക്ഷണം ഫലിച്ചു. ട്രെന്റ് ബോൾട്ടും ലിയാം പ്ലങ്കറ്റും അണിനിരക്കുന്ന ഡൽഹി ബോളർമാരെ ബട്‌ലറും ഷോർട്ടും ചേർന്ന് അടിച്ചൊതുക്കി. ജോസ് ബട്‌ലർ കൂറ്റൻ അടികളുമായി ഫിറോസ്ഷാ കോട്‌ലയെ കോരിത്തരിപ്പിച്ചപ്പോൾ, ഡാർസി ഷോർട്ട് മിക്കപ്പോഴും കാഴ്ചക്കാരനായി. പന്തുകൾ നിർബാധം ബൗണ്ടറിയിലേക്ക് ഒഴുകിയതോടെ ഡൽഹി ബോളർമാർ ശരിക്കു വിയർത്തു.

ഷഹബാസ് നദീം എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഒരു സിക്സും ബൗണ്ടറിയും സഹിതം 14 റൺസ് അടിച്ചെടുത്ത രാജസ്ഥാൻ നയം വ്യക്തമാക്കി. ട്രെന്റ് ബോൾട്ട് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു ബൗണ്ടറി സഹിതം രാജസ്ഥാന് നേടാനായത് എട്ടു റൺസ്. ആവേഷ് ഖാന്‍ എറിഞ്ഞ മൂന്നാം ഓവറിൽ കളി മാറി. ഈ ഓവറിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം ജോസ് ബട്‌ലർ അടിച്ചെടുത്തത് 23 റൺസ്. ഇതോടെ രാജസ്ഥാന്റെ ലക്ഷ്യം 55 പന്തിൽ 106 റൺസായി.

ലിയാം പ്ലങ്കറ്റിന്റെ അടുത്ത ഓവറിൽ 13 റൺസെടുത്ത ബട്‌ലർ, അമിത് മിശ്ര എറിഞ്ഞ അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി. മിശ്രയുെട ആദ്യ പന്ത് ഗാലറിയിലേക്കു പറത്തിയാണ് ബട്‌ലർ അർധസെഞ്ചുറി പൂർത്തിയാക്കിയത്. 18 പന്തിൽ നിന്നായിരുന്നു ബട്‌ലറിന്റെ അർധസെഞ്ചുറി. ആവഷ് ഖാൻ എറിഞ്ഞ അടുത്ത ഓവറിൽ ഒരു സിക്സും ബൗണ്ടറിയും സഹിതം ബട്‌ലർ നേടിയത് 13 റൺസ്. എന്നാൽ, അമിത് മിശ്ര എറിഞ്ഞ ഏഴാം ഓവറിൽ കളി തിരിഞ്ഞു. ഈ ഓവറിന്റെ നാലാം പന്തിൽ മിശ്രയുടെ ഗൂഗ്ലിയിൽ ബട്‌ലർ കുരുങ്ങി. മിശ്രയെ കയറിക്കളിക്കാനുള്ള ബട്‌ലറിന്റെ ശ്രമം പിഴച്ചു. ഋഷഭ് പന്ത് ബട്‌ലറെ സ്റ്റംപ് ചെയ്ത് പുറത്താക്കി. 26 പന്തിൽ നാലു ബൗണ്ടറിയും ഏഴു സിക്സും സഹിതം 67 റൺസായിരുന്നു ബട്‌ലറിന്റെ സമ്പാദ്യം.

ബട്‌ലർ മടങ്ങുമ്പോൾ 6.4 ഓവറിൽ (40 പന്തിൽ) 82 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. വൺഡൗണായെത്തിയ മലയാളി താരം സഞ്ജു സാംസണ് നിലയുറപ്പിക്കാനാകാതെ പോയതോടെ രാജസ്ഥാൻ പതറി. അഞ്ചു പന്തിൽ മൂന്നു റൺസെടുത്ത സഞ്ജുവിനെ ബോൾട്ട് മടക്കി. പിന്നാലെ ബെൻ സ്റ്റോക്സ് (രണ്ടു പന്തിൽ ഒന്ന്), രാഹുൽ ത്രിപാഠി (എട്ടു പന്തിൽ ഒൻപത്) എന്നിവരും പുറത്തായി. അതിനിടെ ഗ്ലെൻ മാക്സ്‌വെല്ലിനെ തുടർച്ചയായി മൂന്നു സിക്സിനു ശിക്ഷിച്ച ഡാർസി ഷോർട്ട് വീണ്ടും രാജസ്ഥാന് പ്രതീക്ഷ നൽകിയെങ്കിലും നാലാം പന്തിൽ ഷോർട്ടിനെ മടക്കി മാക്സ്‌വെൽ തിരിച്ചടിച്ചു. അവസാന ഓവറുകളിൽ കൃഷ്ണപ്പ ഗൗതം നടത്തിയ വെടിക്കെട്ടിനും (ആറു പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 18) രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല.

ഡൽഹിക്കായി ട്രെന്റ് ബോൾട്ട് മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും മാക്സ്‌വെൽ ഒരു ഓവറിൽ 21 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

പർപ്പിൾ, ഓറഞ്ച് ക്യാപ്പുകൾ ഡൽഹിയിലേക്ക്

ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പും ‍ഡൽഹി താരങ്ങൾ സ്വന്തമാക്കുന്നതിനും മൽസരം സാക്ഷ്യം വഹിച്ചു. കളിയിലെ കേമൻപട്ടം നേടിയ ഋഷഭ് പന്താണ് ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പ് നേടിയത്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ രണ്ടു പേരെ പുറത്താക്കിയ ന്യൂസീലൻഡ് താരം ട്രന്റ് ബോൾട്ട് പർപ്പിൾ ക്യാപ്പും സ്വന്തമാക്കി.

ലീഗിൽ ഒൻപതു മൽസരങ്ങൾ പൂർത്തിയാക്കിയ ഡൽഹിക്കായി 375 റൺസാണ് പന്തിന്റെ സമ്പാദ്യം. എട്ടു മൽസരങ്ങളിൽനിന്നും 370 റൺസെടുത്ത അമ്പാട്ടി റായിഡുവിനെയാണ് പന്ത് പിന്തള്ളിയത്. ഒൻ‌പതു മൽസരങ്ങളിൽനിന്ന് 307 റൺസ് നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.

28, 20, 47, 43, 85, 4, 0, 79, 69 എന്നിങ്ങനെയാണ് ഈ സീസണിൽ ഇതുവരെ പന്തിന്റെ പ്രകടനം. അതേസമയം, 11, പുറത്താകാതെ പൂജ്യം, പുറത്താകാതെ 27, നാല്, 52, 57, പുറത്താകാതെ 93, 13, 50 എന്നിങ്ങനെയാണ് അയ്യരുടെ പ്രകടനം.

ഒൻപതു മൽസരങ്ങളിൽനിന്ന് 13 വിക്കറ്റുകളുമായാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ട്രെന്റ് ബോൾട്ട് ഒറ്റയ്ക്ക് ഒന്നാമതെത്തിയത്. എട്ടു മൽസരങ്ങളിൽനിന്ന് 11 വിക്കറ്റ് വീതം നേടിയ സിദ്ധാർഥ് കൗൾ, മായങ്ക് മർക്കണ്ഡെ, ഉമേഷ് യാദവ്, ഏഴു മൽസരങ്ങളിൽനിന്ന് 11 വിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം ഇതോടെ ബോൾട്ടിന് പിന്നിലായി.

related stories