Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്ശോ, ആ റെക്കോര്‍ഡിലും മലയാളികള്‍ തന്നെ മുന്നില്‍!

സന്ദീപ് ചന്ദ്രൻ
basil-thampi-vs-rcb റോയൽ ചാലഞ്ചേഴ്സിനെതിരായ മൽസരത്തിനിടെ ബേസിൽ തമ്പി. (ട്വിറ്റർ ചിത്രം)

ഐപിഎല്ലിലെ ഏറ്റവും മികച്ച ബോളിങ് യൂണിറ്റിനെ ഇടിച്ചുപിഴിയുന്നതു കണ്ട റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മല്‍സരത്തില്‍ കയ്പുനീര്‍ ഏറെ കുടിക്കേണ്ടി വന്നത് മലയാളി പേസര്‍ ബേസില്‍ തമ്പിക്കാണ്. ഈ ഒറ്റ മൽസരത്തിൽ മാത്രം ബേസില്‍ വിട്ടു നല്‍കിയത് മൂന്നു മൽസരങ്ങളിലെ റണ്‍സാണ്, നാലോവറില്‍ 70 റണ്‍സ്. വിക്കറ്റൊന്നും കിട്ടിയുമില്ല!

ഒരു ട്വന്റി20 മല്‍സരത്തില്‍ ഏറ്റവും അധികം റണ്‍സ് വിട്ടു നല്‍കുന്നതില്‍ ഇത് ഐപിഎല്ലിലെ മാത്രമല്ല, ഒരു ഇന്ത്യന്‍ ബോളറുടെ തന്നെ റെക്കോര്‍ഡാണ്. 2011 ല്‍ ചാംപ്യന്‍സ് ലീഗില്‍ സൗത്ത് ഓസ്‌ട്രേലിയ ടീമിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി എറിഞ്ഞ എസ്. അരവിന്ദ് നാലോവറില്‍ 69 റണ്‍സ് വിട്ടു നല്‍കിയതായിരുന്നു ഇതുവരെയുള്ള ഐപിഎല്‍ ടീമുകളിലെ റെക്കോര്‍ഡ്. 2013ല്‍ സണ്‍റൈസേഴ്‌സിനു വേണ്ടിത്തന്നെ കളിച്ച ഇഷാന്ത് ശര്‍മ നാലോവറില്‍ 66 റണ്‍സ് നല്‍കിയതാണ് ഐപിഎല്‍ മാത്രം പരിഗണിച്ചാല്‍ മുന്‍പുണ്ടായിരുന്ന മോശം പ്രകടനം. ഐപിഎല്ലിനു പുറമെ നോക്കിയാല്‍ കര്‍ണാടകയ്ക്കു വേണ്ടി കളിച്ച ബി.അഖില്‍ 2010ല്‍ നാലോവറില്‍ 67 റണ്‍സ് വിട്ടു നല്‍കിയതാണ് റെക്കോര്‍ഡ്.

ഭുവനേശ്വര്‍ കുമാറിനു പകരം സണ്‍റൈസേഴ്‌സ് ടീമില്‍ ഇടം കിട്ടിയ ബേസിലിന്റെ ദിനമായിരുന്നില്ല അത്. ആദ്യ ഓവറില്‍ 19, രണ്ടാം ഓവറിൽ 18, മൂന്നാം ഓവറിൽ 14, നാലാം ഓവറിൽ 19. ഈ ക്രമത്തിലാണ് ഓരോ ഓവറിലും ബേസിൽ റണ്‍സ് വിട്ടുകൊടുത്തത്. ആര്‍സിബി 218 എന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തുന്നതില്‍ ബേസിലിന്റെ ഫോമില്ലായ്മയും നിര്‍ണായകമായി. ഒടുവില്‍ 14 റണ്‍സ് അകലത്തില്‍ സണ്‍റൈസേഴ്‌സ് ബാറ്റ് വച്ച് കീഴടങ്ങുകയും ചെയ്തു.

ബേസിലിന്റെ റെക്കോര്‍ഡ് കാര്യം ഓര്‍ക്കുമ്പോള്‍ മനസ്സിലെത്തുക മറ്റൊരു മലയാളിയായ പ്രശാന്ത് പരമേശ്വരനെയാണ്. ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയതിന്റെ ഐപിഎല്‍ റെക്കോര്‍ഡ് പ്രശാന്തിന്റെ പേരിലാണ്. ആറു പന്തില്‍ 37 റണ്‍സ്! 2011ല്‍ ഐപിഎല്ലിന്റെ ഭാഗമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരള അങ്ങനെ നനഞ്ഞൊരു റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചു.

അന്നും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തന്നെയായിരുന്നു മറുഭാഗത്ത്. ഗെയില്‍ താണ്ഡവമാടുന്ന സമയം. 125 എന്ന കൊച്ചിയുടെ ദുര്‍ബലമായ സ്‌കോര്‍ പിന്തുടരുകയായിരുന്നു ബാംഗ്ലൂര്‍. പച്ചക്കുപ്പായത്തിലെത്തിയ ഗെയില്‍ ഒട്ടും ദയ കാണിക്കാനുള്ള മൂഡിലല്ലായിരുന്നു. മൂന്നാം ഓവറിലാണ് സംഭവം നടന്നത്. നാലു സിക്‌സും മൂന്നു ഫോറുമാണ് ഗെയില്‍ പറത്തിയത്. ഒരു പന്ത് നോബോളുമായി.