sections
MORE

പരുക്കൻ കളിയല്ല, ‘പരുക്കിന്റെ കളി’; ഒഡിഷയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില (0–0)

isl-3
ബ്ലാസ്റ്റേഴ്സ് – ഒഡിഷ എഫ്‌സി മത്സരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ
SHARE

കൊച്ചി ∙ പരുക്കിന്റെ ‘കളിയിൽ’ സ്വാഭാവികമായ കളി പുറത്തെടുക്കാനാകാതെ പോയ കേരളാ ബ്ലാസ്റ്റേഴ്സിന് കൊച്ചിയുടെ കളിമുറ്റത്ത് വിരസമായൊരു ഗോൾരഹിത സമനില. ഐഎസ്എല്ലിലെ നവാഗതരായ ഒഡിഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ തളച്ചത്. മൂന്നാം മിനിറ്റിൽ താൽക്കാലിക നായകൻ ജയ്റോ റോഡ്രിഗസ് പരുക്കേറ്റ് മുടന്തി മൈതാനം വിട്ടതുമുതൽ തുടങ്ങിയ പരുക്കിന്റെ കളിയിൽ പൂർണമായും താളം കണ്ടെത്താനാകാതെയാണ് ബ്ലാസ്റ്റേഴ്സ് സമനിലയ്ക്കു സമ്മതിച്ചത്. കൃത്യമായ ഇടവേളകളിൽ സഹൽ അബ്ദുൽ സമദിന്റെ മാന്ത്രിക ചലനങ്ങൾ ഗാലറിയിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ചെങ്കിലും സ്കോർ നില മാറിയില്ല. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. ഇനി എഫ്സി‌ ഗോവയ്‌ക്കെതിരെയാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അതിനു മുൻപ് നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു എഫ്‍സിക്കെതിരെ 23ന് അവരുടെ തട്ടകത്തിലും മത്സരമുണ്ട്.

ബ്ലാസ്റ്റേഴ്സ് നായകൻ ജയ്റോ റോഡ്രിഗസ് ഉൾപ്പെടെ മൂന്നു താരങ്ങളാണ് ആദ്യപകുതിയിൽത്തന്നെ പരുക്കേറ്റ് വീണത്. 21–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ കൂട്ടിയിടിച്ചു വീണ ഒഡിഷ താരം അരിഡെയ്ൻ സന്റാനയെയും ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ റാഫേൽ മെസ്സി ബൗളിയെയും സ്ട്രെച്ചറിലാണ് പുറത്തുകൊണ്ടുപോയത്. പരുക്കിന്റെ വേദനയ്ക്കിടെ ബ്ലാസ്റ്റേഴ്സ് അർഹിച്ചൊരു പെനൽറ്റി ആദ്യപകുതിയിൽ റഫറി നിഷേധിച്ചത് നിരാശയ്ക്കും വഴിവച്ചു. സഹൽ അബ്ദുൽ സമദിനെ ഒഡിഷ പ്രതിരോധം അവരുടെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്സിന് പെനൽറ്റി ലഭിക്കേണ്ടിയിരുന്നത്.

ആദ്യപകുതിയെ അപേക്ഷിച്ച് കൂടുതൽ ആക്രണോത്സുകമായിരുന്നു രണ്ടാം പകുതി. ഇരു ടീമുകളും ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. മലയാളി താരങ്ങളായ കെ.പ്രശാന്തും കെ.പി. രാഹുലും ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം വിലങ്ങുതടിയായി. മത്സരം അവസാന 15 മിനിറ്റിലേക്കു കടന്നതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷാട്ടോരി തുറുപ്പുചീട്ടായ സ്റ്റാർ സ്ട്രൈക്കർ ബർത്തലോമിയോ ഓഗ്ബെച്ചെയെ കളത്തിലിറക്കി നടത്തിയ പരീക്ഷണവും ഫലിക്കാതെ പോയതോടെ ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ഗോൾരഹിത സമനില.

isl-kochi-blasters
ബ്ലാസ്റ്റേഴ്സ് – ഒഡിഷ എഫ്‌സി മത്സരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ

∙ പരുക്കു ‘കളിച്ച’ ആദ്യപകുതി

താരങ്ങളേക്കാൾ ‘പരുക്കു കളിച്ച’ ആദ്യ പകുതിയായിരുന്നു ബ്ലാസ്റ്റേഴ്സ് – ഒഡിഷ പോരാട്ടത്തിന്റെ സവിശേഷത. മൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പകരക്കാരൻ നായകൻ ജയ്റോ റോഡ്രിഗസിനെ വീഴ്ത്തി തുടങ്ങിയ പരുക്കിന്റെ കളിയിൽ ആദ്യ 25 മിനിറ്റിനുള്ളിൽ വീണുപോയത് മൂന്നു പേരാണ്. ബ്ലാസ്റ്റേഴ്സ് നായകൻ ജയ്റോ റോഡ്രിഗസിനു പിന്നാലെ റാഫേൽ മെസ്സി ബൗളിയും പരുക്കേറ്റ് മൈതാനം വിട്ടു. ഒഡിഷയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒഡിഷ താരം അരിഡെയ്ൻ സന്റാനയുമായി കൂട്ടിയിടിച്ചാണ് മെസ്സി വീണത്. ഇരുവരെയും സ്ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്. പിന്നാലെ ആംബുലൻസിൽ ആശുപത്രിയിലേക്കും മാറ്റി.

ഇതോടെ ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഈരണ്ടു വീതം സബ്സ്റ്റിറ്റ്യൂഷനുകളും നടത്തി. നായകൻ ജയ്റോ റോഡ്രിഗസിനു പകരം മലയാളി താരം അബ്ദുൽ ഹക്കു മൂന്നാം മിനിറ്റിലും റാഫേൽ മെസ്സിക്കു പകരം മറ്റൊരു മലയാളി താരം മുഹമ്മദ് റാഫിയും കളത്തിലിറങ്ങി. ഇതോടെ ഒരേ സമയത്ത് ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ആറു മലയാളി താരങ്ങൾ അണിനിരന്ന അപൂർവ കാഴ്ചയ്ക്കും ഗാലറി സാക്ഷികളായി. ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തിയ ഗോൾകീപ്പർ ടി.പി. രഹനേഷ്, സഹൽ അബ്ദുൽ സമദ്, കെ.പ്രശാന്ത്, കെ.പി. രാഹുൽ എന്നിവർക്കു പുറമെയാണ് ആദ്യപകുതയിൽ പകരക്കാരായി രണ്ടുപേർ കൂടി എത്തിയത്.

isl-201--kochi
ബ്ലാസ്റ്റേഴ്സ് – ഒഡിഷ എഫ്‌സി മത്സരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ

∙ എങ്ങനെ പൊറുക്കും, ആ പെനൽറ്റി നഷ്ടം!

ഉറപ്പുള്ളൊരു പെനൽറ്റി റഫറിയുടെ ‘കണ്ണിൽച്ചോരയില്ലാത്ത’ നീക്കത്തിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്നതും ആദ്യപകുതിയിൽ കണ്ടു. മത്സരത്തിലുടനീളം ഗാലറിയെ കോരിത്തരിപ്പിച്ച മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ സുന്ദരമായൊരു സോളോ മുന്നേറ്റത്തിനൊടുവിലാണ് ഉറപ്പുള്ള പെനൽറ്റി റഫറി നിഷേധിച്ചത്. മത്സരം 35 മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തി സഹലിന്റെ സോളോ മുന്നേറ്റം.

വലതുവിങ്ങിൽനിന്ന് പന്തുമായി ഒഡിഷ ബോക്സിന് സമാന്തരമായി മുന്നേറിയെത്തിയ സഹൽ ഗാലറികളുടെ ആരവങ്ങൾക്കിടെ മൂന്ന് ഒഡിഷ താരങ്ങളെ വെട്ടിയൊഴിഞ്ഞു. ഞൊടിയിടയിൽ മുന്നേറ്റത്തിന്റെ ഗതിമാറ്റി ബോക്സിലേക്കു കയറാനുള്ള സഹലിന്റെ ശ്രമം ഒഡിഷ പ്രതിരോധം ഫൗളിലൂടെയാണ് തടഞ്ഞത്. ബോക്സിനുള്ളിൽ വീണുകിടന്ന് സഹൽ ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല. റഫറിയുടെ തീരുമാനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷാട്ടോരി പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. ആദ്യപകുതി അവസാനിച്ച് വിസിൽ മുഴങ്ങിയതിനു പിന്നാലെ മൈതാനമധ്യത്തെത്തിയും ഷാട്ടോരി റഫറിയെ പ്രതിഷേധം അറിയിച്ചു.

∙ ഗോൾമഴയില്ല, പെയ്തത് മഴ മാത്രം

ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളും കാഴ്ചവച്ച മിന്നും പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം പകുതിയിൽ ഗോൾമഴ പ്രതീക്ഷിച്ചാണ് ഗാലറി മത്സരത്തിലേക്ക് ഉണർന്നതുതന്നെ. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മഴ പെയ്തെങ്കിലും ഗോൾ അകന്നുതന്നെ നിന്നു. ആദ്യപകുതിയെ അപേക്ഷിച്ച് കുറച്ചുകൂടി ആക്രമണോത്സുകമായിരുന്നു രണ്ടാം പകുതി. ഇരു ടീമുകളും ചില ശ്രദ്ധേയ നീക്കങ്ങൾ സംഘടിപ്പിച്ചെങ്കിലും ഗോളിമാരെ പരീക്ഷിക്കാനായില്ല. ബ്ലാസ്റ്റേഴ്സ് നിരയിൽ കെ.പ്രശാന്തിന്റെ മികച്ചൊരു ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തുപോയത്. മറുവശത്ത് നാരായൺദാസ് ഇടതുവിങ്ങിൽനിന്ന് മഴവിൽ ചാരുതയിൽ ഉയർത്തിവിട്ടൊരു ഷോട്ടും വലയിൽ കയറാതെ പോയത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം.

isl-am-vijayan

പതിവിനു വിപരീതമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷാട്ടോരി പകരക്കാരുടെ ബെഞ്ചിലിരുത്തിയ ബർത്തലോമിയോ ഓഗ്‌ബെച്ചെ അവസാന 10 മിനിറ്റിൽ കളത്തിലിറങ്ങിയെങ്കിലും കാര്യമായ സ്വാധീനമൊന്നുമുണ്ടാക്കിയില്ല. അതേസമയം, മത്സരത്തിലെ ലക്ഷണമൊത്തൊരു ഗോൾശ്രമവും സേവും കണ്ടത് അവസാന പത്തു മിനിറ്റിലാണ്. ഇടതുവിങ്ങിലൂടെ മുന്നേറിയെത്തിയ കെ.പ്രശാന്ത് ഒഡിഷ ബോക്സിലേക്ക് ഉയർത്തിവിട്ട പന്ത് ഓഗ്ബെച്ചെ തലകൊണ്ടു ചെത്തി കെ.പി. രാഹുലിനു മുന്നിലേക്കിട്ടു. ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന രാഹുൽ ഒരു നിമിഷം അമാന്തിച്ചശേഷം ഒ‍ഡിഷ ബോക്സിലേക്കു തൊടുത്ത പൊള്ളുന്ന ഷോട്ട് ഗോൾകീപ്പർ ഡോറൻസോറോ വളരെ കഷ്ടപ്പെട്ടാണ് കുത്തിയകറ്റിയത്. ഗാലറിയിലെ മഞ്ഞപ്പട ഒന്നാകെ തലയിൽ കൈവച്ചുപോയ നിമിഷം. മത്സരം അവസാന നിമിഷങ്ങളോട് അടുക്കുന്തോറും സമനിലയ്ക്കായി കളിച്ച ഒഡിഷ ഉറച്ചുനിന്നതോടെ സ്വന്തം കാണികൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്സിന് നിരാശയുടെ ഒരു ദിനം കൂടി.

English summary: Kerala Blasters vs Odisha FC, Indian Super League 2019-20 Match at Kochi, Live Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ISL 2019-20
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA