sections
MORE

മുംബൈയെ ‘സിറ്റി’യാക്കിയ മലയാളി; ചരിത്ര കരാറിനു പിന്നിൽ കോഴഞ്ചേരിക്കാരനും!

cfg-mcfc-ajin-jacob-abraham
സിറ്റി ഗ്രൂപ്പ് പ്രതിനിധികൾക്കൊപ്പം അജിൻ ജേക്കബ് ഏബ്രഹാം (വലത്). ഇൻസെറ്റിലുള്ളതും അജിൻ.
SHARE

പത്തനംതിട്ട ∙ മാഞ്ചസ്റ്ററിൽനിന്നു സിറ്റി ഫുട്ബോൾ ഗ്രൂപ്പിനു മുംബൈയിലേക്കു വഴി കാണിച്ചവരിൽ ഒരു മലയാളിയും. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റിയെ കഴിഞ്ഞ ദിവസം ഏറ്റെടുത്തതിനു പിന്നിൽ പ്രവർത്തിച്ചവരിലൊരാൾ ഫുട്‌ബോൾ സംരംഭകനും സിറ്റി ഫുട്‌ബോൾ ഗ്രൂപ്പിന്റെ സീനിയർ കൊമേഴ്‌സ്യൽ മാനേജരുമായ കോഴഞ്ചേരി സ്വദേശി അജിൻ ജേക്കബ് ഏബ്രഹാം (35) ആണ്. ഐഎസ്‌എൽ മുഖ്യസംഘാടക നിത അംബാനിയുമായി കരാർ ഒപ്പിടാൻ സിറ്റി ഗ്രൂപ്പ് മേധാവി ഫെറാൻ സൊറിയാനോ കഴിഞ്ഞ ദിവസം മുംബൈയിലെത്തിയപ്പോൾ അജിൻ ജേക്കബും ഒപ്പമുണ്ടായിരുന്നു. ജനുവരിയിൽ സിറ്റി ഗ്രൂപ്പിന്റെ മുംബൈ ഓഫിസിൽ ചുമതലയേൽക്കുമെന്ന് അജിൻ പറഞ്ഞു. 2 വർഷമായി ഈ കരാർ യാഥാർഥ്യമാക്കാൻ പ്രവർത്തിക്കുകയായിരുന്നു അജിൻ.

തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂൾ, കൊച്ചി എസ്‌സിഎംഎസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം എൻജിനീയറിങ് ബിരുദവുമായി ലണ്ടനിലെത്തിയ അജിന് 6 വർഷം മുമ്പ് മാഞ്ചസ്‌റ്റർ ക്ലബ്ബിൽ ജോലി ലഭിച്ചതിനു കാരണമുണ്ടായിരുന്നു: ഫുട്‌ബോളിന്റെ വാണിജ്യ സാധ്യത എന്ന വിഷയത്തിൽ ലിവർപൂൾ സർവകലാശാലയിൽ നിന്നു ഫസ്‌റ്റ് ക്ലാസിൽ നേടിയ എംബിഎ ബിരുദം. അതിനുശേഷം അജിൻ ഇംഗ്ലണ്ടിലെ ഹഡേഴ്സ് ഫീൽഡ് ഫുട്ബോൾ ക്ലബിലും യുഎസ് ഗ്ലോബൽ ടെക്നോളജിയിലും പ്രവർത്തിച്ചു.

സ്‌കൂൾ പഠനകാലത്തുതന്നെ കളിക്കളങ്ങളും ഫുട്‌ബോൾ ക്വിസും ഇഷ്‌ടപ്പെട്ടിരുന്ന അജിൻ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം തന്നെ ഒടുവിൽ തിരഞ്ഞെടുത്തു. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല തോമ്പുതറയിൽ ഏബ്രഹാം വർഗീസിന്റെയും ഷീലയുടെയും മകനായ അജിൻ 4–ാം തീയതി മാഞ്ചസ്‌റ്ററിലേക്കു തിരിച്ചു പോകും. കൊച്ചി പനമ്പള്ളി നഗർ പുതുവീട്ടിൽ കമാൻഡർ (റിട്ട) പി. എം മാത്യുവിന്റെയും മിനു എലിസ നൈനാന്റെയും മകൾ നിമിഷയാണ് ഭാര്യ. മക്കൾ: ജൊഹാൻ, ഹാന.

∙ അവിശ്വസനീയ വളർച്ചയ്ക്കു സാധ്യത

ഇന്ത്യയിൽ ഫുട്ബോളിന്റെ കാലമാണ് വരാൻ പോകുന്നതെന്നും അവിശ്വസനീയമായ തോതിൽ ഇവിടെ കാൽപ്പന്തുകളിക്കു പ്രചാരം ലഭിക്കുമെന്നും അജിൻ പറയുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങൾ ഫുട്ബോളിന് ഏറെ സാധ്യതയുള്ള ഇടങ്ങളായി മാറുകയാണെന്ന് അജിൻ മുംബൈയിൽ നിന്നു മനോരമയോടു പറഞ്ഞു.

മുംബൈയെ ഫുട്ബോളിന്റെ വലിയൊരു ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. അടുത്ത ഒരു വർഷം ഇന്ത്യൻ ഫുട്ബോളിനെ പഠിച്ചും നിരീക്ഷിച്ചും പോരായ്മകൾ കണ്ടെത്തും. അതിനുശേഷം മാത്രമേ തിരുത്തൽ പദ്ധതികളുമായി കമ്പനി രംഗത്തു വരികയുള്ളൂ. ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്തു കാണപ്പെടാത്ത പ്രതിഭകൾ ഉണ്ടെന്നുള്ളത് ഉറപ്പ്. അവരെ കണ്ടെത്താൻ ശ്രമിക്കും. ഏഷ്യൻ ഫുട്ബോളിലേക്ക് കൂടുതൽ രാജ്യങ്ങളെ ആകർഷിക്കും. ലോകകപ്പിലേക്കും മറ്റും യോഗ്യത നേടാൻ ലോകോത്തര നിലവാരമുള്ള കളിരീതികൾ പരിചയപ്പെടാൻ ഇവർക്ക്  അവസരമൊരുക്കും.

ക്രിക്കറ്റിൽ മുഴുകിയിരുന്ന യുവത്വം ഐഎസ്എല്ലിനെ ആവേശത്തോടെ സ്വീകരിച്ചതിലൂടെ ഫുട്ബോൾ വളരുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയിൽ. സംസ്കാരമായും ഉത്സവ ലഹരിയായും മാറ്റുന്നതിലൂടെ അച്ചടക്കമുള്ള  ബ്യൂട്ടിഫുൾ ഫുട്ബോളാണ് സിറ്റി ഗ്രൂപ്പ്  ലക്ഷ്യമിടുന്നത്. ഫിഫ കലണ്ടറുകളും പരിശീലന പരിപാടികളും ഇവിടേക്കും കൊണ്ടുവരും. കൃത്യമായ നേതൃത്വവും പരിശീലനവും വേണം. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. വിനോദവും കായികമത്സരവും മാത്രമല്ല ഫുട്ബോൾ വലിയൊരു വിപണികൂടിയാണ്. ഇന്ത്യൻ ഫുട്ബോളിൽ നിക്ഷേപം നടത്താനുള്ള സാധ്യതയും തേടും. സിഎസ്ആർ പരിപാടികളും സിറ്റി ഗ്രൂപ്പ് ഇന്ത്യയിൽ വിപുലപ്പെടുത്തുമെന്ന് അജിൻ പറഞ്ഞു.

∙ മുംബൈ ഇനി സിറ്റിക്കു സ്വന്തം

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമാണ് മുംബൈ സിറ്റി എഫ്‌സി. ഇവരെ  സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു  ലോകത്തിലെ ഏറ്റവുമധികം സ്വത്തുള്ള  ഫുട്ബോൾ കമ്പനിനായ  സിറ്റി  ഫുട്ബോൾ ഗ്രൂപ്പ്.  ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളില്‌‍ നിലവിലെ ചാംപ്യൻ ക്ലബായ മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ എട്ടു ക്ലബുകളുടെ  ഉടമസ്ഥരായി ഇതോടെ സിറ്റി ഫുട്ബോൾ ഗ്രൂപ്പ്. ഏകദേശം 34,177 കോടി രൂപയാണ് സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ മൂല്യം. യുഎസ് സ്ഥാപനമായ സിൽവർ ലേക്കിൽ നിന്ന് കഴിഞ്ഞ ദിവസം 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചതോടെയാണിത്. 

logos-city-football

സിറ്റി ഗ്രൂപ്പിലെ എട്ടു ക്ലബുകൾ ഇവയാണ്: മാഞ്ചസ്റ്റർ സിറ്റി, ന്യൂയോർക്ക് സിറ്റി, മെൽബൺ സിറ്റി, യോക്കഹോമാ എഫ്. മരിനോസ് (ജപ്പാൻ), ക്ലബ് അത്‌ലറ്റിക്കോ ടോർക്ക് (യുറഗ്വായ്), ജിറോണ എഫ്സി (സ്പെയിൻ), സിഷുവാൻ ജിയുനിയു (ചൈന), മുംബൈ സിറ്റി എഫ്‌സി. 

English Summary: Ajin Jacob Abraham, The Malayali Behind City Football Group - Mumbai City FC Deal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ISL 2019-20
SHOW MORE
FROM ONMANORAMA