sections
MORE

ഓഫ്സൈഡ് ട്രാപ്പിലെ ‘ജപ്പാൻ മോഡൽ’; കയ്യടി നേടി ‘ബ്ലാസ്റ്റേഴ്സ് ബ്രില്യൻസ്’

japan-kbfc-offside-trap
എടി‌കെയ്‌ക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒരുക്കിയ ഓഫ് സൈഡ് കെണി. കഴിഞ്ഞ ലോകകപ്പിൽ സെനഗലിനെതിരെ ജപ്പാൻ താരങ്ങൾ സമാനമായ തന്ത്രം പ്രയോഗിച്ചപ്പോൾ.
SHARE

കൊൽക്കത്ത∙ ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ പതിപ്പിക്കുന്ന ‘പോത്തേട്ടൻസ് ബ്രില്യൻസ്’ മലയാള സിനിമാ രംഗത്ത് വിഖ്യാതമാണ്. മലയാളി ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഇന്നലെ കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും പുറത്തെടുത്തു, ഒരു അപൂർവ ബ്രില്യൻസ്! എടികെയ്ക്ക് എതിരായ ഐഎസ്എൽ പോരാട്ടത്തിന്റെ നിർണായക നിമിഷത്തിലാണ് എതിർടീമിന്റെ ഗോൾശ്രമം തടയാൻ രസകരമായൊരു ‘ബ്ലാസ്റ്റേഴ്സ് ബ്രില്യൻസ്’ കണ്ടത്. ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് എടികെയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഓഫ്സൈഡ് ട്രാപ്പിൽ കുരുക്കി നിർവീര്യമാക്കുന്നതിന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒന്നടങ്കം ബോക്സിന് വെളിയിലേക്ക് നീങ്ങുകയായിരുന്നു. ഈ തന്ത്രത്തിൽ എടികെ വീഴുകയും ചെയ്തു. ഇതിന്റെ ചിത്രം ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷാട്ടോരി പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

മത്സരം ഇൻജറി ടൈമിലേക്ക് കടന്നതിനു തൊട്ടുപിന്നാലെയാണ് സംഭവം. 70–ാം മിനിറ്റിൽ ഹാലിചരൺ നർസാരി നേടിയ ഗോളിൽ മുൻപിലായിരുന്നു ബ്ലാസ്റ്റേഴ്സ്. ഈ സമയത്താണ് കേരള ബോക്സിനു തൊട്ടുപുറത്ത് മലയാളി കൂടിയായ എടികെ സ്ട്രൈക്കർ ജോബി ജസ്റ്റിനെ ബ്ലാസ്റ്റേഴ്സിന്റെ മുസ്തഫ ഞിങ് വീഴ്ത്തിയതിന് എടികെയ്ക്ക് ഫ്രീകിക്ക് ലഭിക്കുന്നത്. സൈഡ്‌ലൈനിൽ പരിശീലകർ തമ്മിലുള്ള കൊമ്പുകോർക്കൽ മറ്റ് കോച്ചിങ് സ്റ്റാഫംഗങ്ങളും ഏറ്റെടുത്തതോടെ മത്സരാന്തരീക്ഷം കലുഷിതമായിരുന്നു. ഇതിനിടെയാണ് ജോബിയെ ഞിങ് വീഴ്ത്തിയതിന് എടികെയ്ക്ക് ഫ്രീകിക്ക് ലഭിച്ചത്. കിക്കെടുക്കുന്നതിനായി വന്ന എടികെ താരങ്ങളുമായി കോർത്തതിന് ഇതിനിടെ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ. പ്രശാന്തിന് മഞ്ഞക്കാർഡും ലഭിച്ചു.

മത്സരത്തിന്റെ അന്ത്യനിമിഷങ്ങളിൽ ഗോൾ വഴങ്ങുന്നത് ബ്ലാസ്റ്റേഴ്സിന്റെ പതിവായതിനാൽ എടികെയ്ക്കായി ജാവി ഹെർണാണ്ടസ് ഫ്രീകിക്കെടുക്കാനെത്തുമ്പോൾ അവരുടെ ആരാധകരും പ്രതീക്ഷയിലായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ഫ്രീകിക്കിനെ ഗോളിലേക്ക് വഴിതിരിച്ചുവിടാൻ എടികെ താരങ്ങളും തടയാൻ ബ്ലാസ്റ്റേഴ്സ് താരങ്ങളും കൂട്ടപ്പൊരിച്ചിൽ നടത്തുന്നതിനിടെയാണ് ഹെർണാണ്ടസ് ഫ്രീകിക്കെടുത്തത്. പക്ഷേ പിന്നീട് മൈതാനത്ത് സംഭവിച്ചത് വളരെ രസകരമായ കാര്യങ്ങളാണ്.

ഹെർണാണ്ടസ് ഫ്രീകിക്കെടുത്തതിനൊപ്പം ബ്ലാസ്റ്റഴ്സ് താരങ്ങൾ ഒന്നടങ്കം ബോക്സിന് പുറത്തേക്ക് കുതിച്ചു. ഇതോടെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് താഴ്ന്നിറങ്ങുമ്പോൾ അവിടെ ബാക്കിയായത് സ്ട്രൈക്കർ റോയ് കൃഷ്ണ ഉൾപ്പെടെ ഏഴ് എടികെ താരങ്ങളും ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ടി.പി. രഹനേഷും മാത്രം. റോയ് കൃഷ്ണ പന്ത് കാലിൽക്കൊരുത്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സൈഡ് റഫറി ഓഫ്സൈഡ് അടയാളം കാട്ടി. എടികെയുടെ ഗോൾനീക്കം തടയാൻ ഒരു ‘ബ്ലാസ്റ്റേഴ്സ് ബ്രില്യൻസ്’! ഇതുകൂടി കണ്ടതോടെയാണ് എടികെ പരിശീലകൻ അന്റോണിയോ ഹെബ്ബാസിന് നിയന്ത്രണം പൂർണമായും നഷ്ടമായത്. തൊട്ടുപിന്നാലെ റഫറി ഇദ്ദേഹത്തിന് ചുവപ്പുകാർഡ് നൽകി മൈതാനത്തുനിന്ന് തിരിച്ചയയ്ക്കുകയും ചെയ്തു!

അതേസമയം, ഈ ഓഫ്സൈഡ് തന്ത്രം ബ്ലാസ്റ്റേഴ്സിനു മുൻപേ ഇതിലും വലിയ വേദിയിൽ നടപ്പാക്കി വിജയിപ്പിച്ച ഒരുകൂട്ടരുണ്ട്. ജപ്പാന്റെ പുരുഷ ടീം. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിനിടെയാണ് ജപ്പാൻ താരങ്ങൾ ഇത്തരമൊരു തന്ത്രം മെനഞ്ഞത്. അന്ന് ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ ആഫ്രിക്കൻ ടീമായ സെനഗലിനെതിരെയായിരുന്നു ജപ്പാന്റെ ഓഫ്സൈഡ് ട്രാപ്പ്. മത്സരത്തിന്റെ 45–ാം മിനിറ്റിലായിരുന്നു സംഭവം. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുമ്പോഴാണ് ജപ്പാൻ ബോക്സിനു പുറത്ത് സെനഗലിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നത്. എന്നാൽ സെനഗൽ ഫ്രീകിക്കെടുത്തതും ജപ്പാൻ താരങ്ങൾ ഒന്നടങ്കം ബോക്സിനു പുറത്തേക്ക് കുതിച്ചു. ഇതോടെ ജപ്പാൻ ബോക്സിലുണ്ടായിരുന്ന ആറ് സെനഗൽ താരങ്ങൾ ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. ഏറ്റവും മികച്ച ഓഫ്സൈഡ് കെണിയായിട്ടാണ് ഈ തന്ത്രം വാഴ്ത്തപ്പെട്ടത്. ഈ മത്സരം ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. എടികെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് പുറത്തെടുത്ത തന്ത്രം ‘ജപ്പാൻ മോഡലാ’ണെന്നു ചുരുക്കം.

English Summary: Kerala Blasters successfully Imitate Japan's perfect offside trap vs Senegal in ISL

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ISL 2019-20
SHOW MORE
FROM ONMANORAMA