Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേസിൽ സിംപിളാണ്, പക്ഷേ പവർഫുൾ

CRICKET-T20-IPL-IND-GUJARAT-MUMBAI

കൊച്ചി∙ ഐപിഎൽ പത്താം സീസണിൽ ഗുജറാത്ത് ലയൺസിനു വേണ്ടി അരങ്ങേറിയ ബേസിലിന്റെ താരോദയം അതേ ഗെയ്‌ലിന്റെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ടായിരുന്നു. യോർക്കറിൽ സർവ പ്രതിരോധവും തകർന്നു ഗെയ്‌ൽ ഔട്ടാവുമ്പോൾ ക്രിക്കറ്റ് ലോകം ഈ പെരുമ്പാവൂരുകാരനെ ശ്രദ്ധിച്ചു. ആ ബ്രേക്കിൽ നിന്ന് ഊർജം ആവാഹിച്ച ബെയ്‌സിലിനു മുന്നിൽ ധോണി, കോഹ്‌ലി, പൊള്ളാർഡ്, ഹാഷിം അംല എന്നിങ്ങനെ പ്രമുഖർ പലരും വീണു. 12 കളികളിൽ 11 വിക്കറ്റ്.

ഓൺലൈൻ വോട്ടിങ്ങിലും കമന്റേറ്റർമാരുടെ തിരഞ്ഞെടുപ്പിലും മുന്നിലെത്തിയതോടെ എമർജിങ് പ്ലയർ പുരസ്കാരം ബേസിലിനെ തേടിയെത്തി. 10 ലക്ഷം രൂപ അടിസ്ഥാന വിലയിരുണ്ടായിരുന്ന ബേസിലിനെ ഗുജറാത്ത് സ്വന്തമാക്കിയത് 80 ലക്ഷം രൂപയ്ക്ക്. ഇപ്പോൾ 10 ലക്ഷം രൂപയുടെ പുരസ്കാരം കൂടി സ്വന്തമാക്കി നാട്ടിലെത്തിയ ബേസിൽ തമ്പി സംസാരിക്കുന്നു.

∙ കിട്ടിയത് ആത്മവിശ്വാസം

ഐപിഎല്ലിൽ നിന്ന് നേടിയ ഏറ്റവും വലിയ കാര്യം വല്ലാത്ത ആത്മവിശ്വാസമാണ്. ഇപ്പോൾ ആർക്കെതിരെ വേണമെങ്കിലും ബോൾ ചെയ്യാമെന്നുള്ള ധൈര്യമായി. ബ്രണ്ടൻ മക്കല്ലം അടക്കമുള്ള താരങ്ങളുമായി പരിശീലിക്കാനും കളിക്കാനും ഇടപെടാനുമെല്ലാം കഴിഞ്ഞത് വിലമതിക്കാനാവാത്ത അനുഭവമാണ്.

∙ സച്ചിൻ അഭിനന്ദിച്ചു

എമർജിങ് പ്ലെയർ പുരസ്കാരം ലഭിച്ചതിന് അഭിനന്ദനം അറിയിച്ച് സച്ചിൻ തെണ്ടുൽക്കർ അടുത്തെത്തിയപ്പോൾ എന്തു പറയണമെന്നറിയാതെ പതറിപ്പോയി. എന്റെ കളി ശ്രദ്ധിക്കാറുണ്ടെന്നും നല്ല പ്രതീക്ഷയുണ്ടെന്നും പറഞ്ഞപ്പോൾ അതാണ് ഏറ്റവും വലിയ അംഗീകാരമെന്നു തോന്നി.

യോർക്കർ എറിയുമ്പോഴുള്ള ടെക്നിക്കുകളെക്കുറിച്ചു ലസിത് മലിംഗയോടു ചോദിച്ചു. ഇപ്പോൾ ചെയ്യുന്നത് നല്ല രീതിയിലാണെന്നും ഏറ്റവും ആത്മവിശ്വാസം തോന്നുന്ന ബോളിൽ കൂടുതൽ ശ്രദ്ധയൂന്നാനുമായിരുന്നു ഉപദേശം.

∙ അന്നു നിർത്തിയേനെ

ടെന്നീസ് ബോളിൽ കളിച്ചിരുന്ന എനിക്ക് ആദ്യമായി സ്റ്റിച്ച് ബോൾ തന്നതും പെരുമ്പാവൂർ സിസി എന്ന ടീമിൽ കളിപ്പിച്ചതും വീടിനടുത്തുള്ള വിശ്വജിത്ത് ചേട്ടനാണ്. പിന്നീട് എറണാകുളത്ത് സ്വാന്റൺസ് ക്ലബിൽ എത്തിയതോടെയാണ് കൂടുതൽ മെച്ചപ്പെട്ടത്.

അണ്ടർ 19 സംസ്ഥാന ടീമിൽ കളിച്ചു കഴിഞ്ഞതും കളിയോടുള്ള താൽപര്യം തീർന്നു. ഗൾഫിൽ പോകാനായി ശ്രമം. ഇനി കളിക്കാനില്ലെന്ന് ക്ലബിൽ അറിയിച്ചു. അന്ന് ക്ലബിനെ നയിച്ചിരുന്ന മുൻ രഞ്ജി ട്രോഫി താരം സി.എം.ദീപക് ചേട്ടൻ ഒന്നര മണിക്കൂറോളം എന്നോട് സംസാരിച്ചു.

എന്റെ മികവിനെക്കുറിച്ചായിരുന്നു സംസാരം. ഒടുവിൽ ഞങ്ങൾ രണ്ടുപേരും കരഞ്ഞു. ടിനു യോഹന്നനാനോട് എന്നെക്കുറിച്ചു പറഞ്ഞതനുസരിച്ച് ചെന്നൈ കെംപ്ലാസ്റ്റ് ടീമിലെടുത്തു. അവിടെ ജോലിയും കിട്ടി. അതോടെ ഗൾഫ് മോഹവും ഉപേക്ഷിച്ചു. കളി തുടരുന്നതിൽ വലിയ കടപ്പാട് ദീപക്കേട്ടനോടാണ്. ജൂനിയർ തലത്തിൽ തന്നെ ഏറെ അവസരങ്ങൾ നൽകി വളർത്തിയ കെസിഎയോടുള്ള കടപ്പാടും വലുതാണ്.

∙ ആ സ്വപ്നം നടക്കുമോ

ഇന്ത്യൻ ടീമിൽ എത്തുക തന്നെയാണ് വലിയ സ്വപ്നം. പക്ഷേ അതിനു ഞാൻ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. യോർക്കർ തന്നെയാണ് കരുത്ത്. നല്ല ലെങ്തിൽ എറിയാനും കഴിയുന്നുണ്ട്. പക്ഷേ ബോൾ സ്വിങ് ചെയ്യിക്കുന്നതിൽ ഇനിയും മെച്ചപ്പെടാനുണ്ട്.

ഏറ്റവും വലിയ സ്വപ്നം ക്യാപ്റ്റൻ കൂളായ ധോണിയുടെ ക്യാപ്റ്റൻസിൽ കീഴിൽ കളിക്കണമെന്നായിരുന്നു. അദ്ദേഹത്തിനൊപ്പമെങ്കിലും കളിക്കാനായാൽ തന്നെ വലിയ കാര്യമായി.