Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യക്തിഗത നേട്ടങ്ങളെ അതിജീവിച്ചു; ഐപിഎലിൽ ‘മുംബൈ സംഘഗാനം’

India IPL Cricket മുംബൈ നായകൻ രോഹിത് ശർമയുടെ ആഹ്ലാദപ്രകടനം.

‘വ്യക്തിഗത പ്രകടനം ഏതാനും കളികൾ ജയിപ്പിക്കും, ഒത്തൊരുമ കിരീടവും’. ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിനുശേഷം ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞ ഈ വാക്കുകൾതന്നെയാണു ടീമിന്റെ വിജയരഹസ്യവും. അക്ഷരാർഥത്തിൽ ഒത്തൊരുമയുടെ മാന്ത്രികവിജയം. 

മികവിലും പ്രതിഭയിലും പരസ്പരം വിശ്വാസമുള്ള ഒരു സംഘം സ്വന്തമാക്കിയ ഈ കിരീടത്തിനു തിളക്കമേറെയുണ്ട്. ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ടീം 129 റൺസിനു പുറത്തായിട്ടും ഒരു റണ്ണിനു വിജയം നേടണമെങ്കിൽ എന്തുമാത്രം വേണം നിശ്ചയദാർഢ്യവും ചങ്കുറപ്പും.

അതും സ്റ്റീവ് സ്മിത്ത്, എം.എസ്.ധോണി അടക്കമുള്ള താരങ്ങൾ ബാറ്റേന്തുന്ന ടീമിനെതിരെ. ഓവറിൽ ശരാശരി ആറര റൺസ് എത്രമാത്രം അനായാസമാണവർക്കെന്ന തോന്നലിൽതന്നെ കളി പകുതി തോൽക്കാം. ഹൈദരാബാദ് ഉപ്പൽ സ്റ്റേ‍ഡിയത്തിലെ മുംബൈ ആരാധകർ പോലും അമ്പരന്നുപോയി ഈ വിജയത്തിൽ.

ഇക്കുറി, ഐപിഎല്ലിന്റെ വ്യക്തിഗത കണക്കുമലയുടെ തലപ്പത്തു മുംബൈ താരങ്ങളാരുമില്ല. ബോളിങ് മികവിലൂടെയാണ് അവർ പലപ്പോഴും വിജയം സ്വന്തമാക്കിയത്. ഫൈനലിൽ പുണെയ്ക്കെതിരെയും രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയ്ക്കെതിരെയും നേടിയ വിജയങ്ങൾ ഓർക്കുക. എന്നിട്ടും വിക്കറ്റ് നേട്ടത്തിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്തേയുള്ളൂ ഒരു മുംബൈ താരം.

ഹൈദരാബാദിന്റെ ഭുവനേശ്വർ കുമാർ മികച്ച ബോളർക്കുള്ള പർപ്പിൾ ക്യാപ് നേടിയത് 26 വിക്കറ്റുകളുമായാണ്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തു മുംബൈയുടെ ജസ്പ്രിത് ബുമ്രയും (20 വിക്കറ്റ്) നാലാംസ്ഥാനത്തു മിച്ചൽ മക്‌ലീനഘനും (19), കാൺ ശർമ (13 വിക്കറ്റുകൾ, 16–ാംസ്ഥാനം), ലസിത് മലിംഗ (11 വിക്കറ്റ്, 24–ാം സ്ഥാനം) എന്നിങ്ങനെയാണു മറ്റു ബോളിങ് കുന്തമുനകളുടെ നേട്ടം. 

ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ 641 റൺസുമായി മികച്ച ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കുമ്പോൾ റൺപട്ടികയിൽ എട്ടാംസ്ഥാനത്തു മാത്രമേയുള്ളൂ ഒരു മുംബൈ താരത്തിനിടം. 24.68 ശരാശരിയിൽ ആകെ 395 റൺസെടുത്ത പാർഥിവ് പട്ടേൽ. കീറോൺ പൊള്ളാർഡ് (385 റൺസ്, 12–ാം സ്ഥാനം), നിതീഷ് റാണെ– 333 റൺസ്, 17–ാം സ്ഥാനം), രോഹിത് ശർമ (333 റൺസ്, 18–ാം സ്ഥാനം) എന്നിങ്ങനെയാണു മുംബൈയുടെ മുൻനിരക്കാർ.

കാര്യങ്ങൾ അറിഞ്ഞു ചെയ്യുന്ന ഒരു താരനിരയായിരുന്നു മുംബൈയുടെ കരുത്ത്. ഒരാൾ തളരുമ്പോൾ മറ്റൊരാൾ കരുത്താവുന്ന മാജിക്. പാർഥിവ് മോശമായാൽ രോഹിത്, ബുമ്രയെ ഒരോവറിൽ അടിച്ചാൽ അടുത്ത ഓവർ തകർത്തെറിയാൻ മലിംഗ, പരിചയസമ്പന്നത മുഴുവനും അവസാന ഓവറിലേക്കാവാഹിച്ച മിച്ചൽ ജോൺസൺ, ഓൾറൗണ്ട് മികവുമായി ചേട്ടൻ പാണ്ഡ്യ–അനിയൻ പാണ്ഡ്യ, പ്രവചിക്കാനാകാത്ത പൊള്ളാർഡ്, മിന്നലായി നിതീഷ് റാണ... എങ്ങനെയൊക്കെ നോക്കിയാലും എല്ലാവരുടേയുമാണ് ഈ കിരീടം. 

സർവരും ഒരേ താളത്തിൽ തുഴഞ്ഞു ഫിനിഷിങ് പോയിന്റിലേക്കു കുതിക്കുന്ന വള്ളം കളിയും ഒരേ താളത്തിൽ വലിച്ചു വിജയത്തിലെത്തുന്ന വടംവലിയും പോലെ ട്വന്റി20യെയും അക്ഷാരാർഥത്തിൽ ഒരു സംഘയത്നമാക്കി രോഹിതും സംഘവും. രോഹിത് ശർമ പറ‍ഞ്ഞതാണു സത്യം; പത്താം ഐപിഎൽ കിരീടം ഒത്തൊരുയ്ക്കുള്ളതുതന്നെ.