sections
MORE

ഇത്രയേറെ ഞാൻ വിഷമിച്ചിട്ടില്ല: ഒത്തുകളി വിവാദത്തെക്കുറിച്ച് ധോണി

ms-dhoni
മഹേന്ദ്രസിങ് ധോണി (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ ഞങ്ങൾ എന്തു തെറ്റാണു ചെയ്തതെന്ന് ഇപ്പോഴും അറിയില്ല. ഇത്രയധികം വിഷാദം അനുഭവിച്ച കാലവുമുണ്ടായിട്ടില്ല. 2013 എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച വർഷമായിരുന്നു. 2007 ലോകകപ്പിന്റെ ആദ്യറൗണ്ടിൽ ഞങ്ങൾ പുറത്തായപ്പോൾ വല്ലാത്ത സങ്കടമാണുണ്ടായത്. എന്നാൽ, ആ വീഴ്ചയ്ക്കൊരു കാരണമുണ്ടായിരുന്നു. ഞങ്ങൾ അത്രയ്ക്കു മോശമായാണു കളിച്ചത്. പക്ഷേ, ഒത്തുകളിക്കേസിൽ ഞങ്ങളുടെ ടീമിന്റെ പേരും പറഞ്ഞുകേട്ടപ്പോൾ കാരണമറിയാതെ ഞങ്ങൾ തകർന്നുപോയി!

എല്ലാവരുടെയും സംശയനോട്ടങ്ങൾ ഞങ്ങളുടെ നേർക്കു നീണ്ടു. ക്യാപ്റ്റനെന്ന നിലയ്ക്ക് ഞാൻ മനസ്സറിയാത്ത കാര്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നു. ജീവിതത്തിൽ ഇത്രയധികം ഡിപ്രസ്ഡ് ആയ കാലം വേറെയില്ല. – 2013ലെ ഐപിഎൽ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട കാലത്തെക്കുറിച്ച് ആദ്യമായാണു ധോണി മനസ്സു തുറന്നത്.

ഒത്തുകളിക്കേസിൽ 2 വർഷത്തെ വിലക്കിനു ശേഷം ഐപിഎല്ലിലേക്കു തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സിനെ ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയിലൂടെ അവതരിപ്പിക്കുന്ന ‘റോർ ഓഫ് ദ് ലയൺ’ ഡോക്യുഡ്രാമയിലാണു വെളിപ്പെടുത്തലുകൾ. ‘വാട്ട് വീ ഡിഡ് റോങ്’ എന്നു പേരിട്ട ആദ്യ എപ്പിസോഡ് ഹോട്സ്റ്റാറിൽ സംപ്രേഷണം ചെയ്തു.

∙ അർഹിക്കാത്ത ശിക്ഷ

ടീം ശിക്ഷിക്കപ്പെടുമെന്നു ഞങ്ങൾക്ക് ഉറപ്പായിരുന്നു. ഒടുവിൽ, ഐപിഎല്ലിൽ 2 വർഷത്തെ വിലക്ക്. അതേക്കുറിച്ചു ടീമിൽ സമ്മിശ്ര പ്രതികരങ്ങളാണു വന്നത്. ക്യാപ്റ്റനെന്ന നിലയ്ക്ക് ഏറ്റവും ബുദ്ധിമുട്ടിലായതു ഞാനാണ്. ഒരു ചോദ്യം എല്ലായിടത്തും മുഴങ്ങി – ടീം എന്തു തെറ്റാണു ചെയ്തത്? ഞങ്ങളുടെ ഫ്രാഞ്ചൈസിയുടെ ഭാഗത്ത് തെറ്റുണ്ടായിരുന്നു. പക്ഷേ, കളിക്കാർക്ക് അതിൽ പങ്കില്ലായിരുന്നു. ഒരു തെറ്റും ചെയ്യാത്ത കളിക്കാർ ഒന്നടങ്കം കുറ്റവാളികളെപ്പോലെയായി. വിവാദത്തിൽ എന്റെ പേരും വന്നു. ഒന്നിനും മറുപടി പറഞ്ഞില്ല. ഞാൻ കൂടുതൽ നിശ്ശബ്ദനാവുകയാണു ചെയ്തത്.

∙ തെറ്റിദ്ധരിക്കപ്പെട്ട മൗനം

ആരോപണങ്ങൾ ഉയർന്നപ്പോൾ ഞാൻ മൗനം പാലിച്ചതും പ്രശ്നമായി. അതു തെറ്റിദ്ധരിക്കപ്പെട്ടു. ഒന്നിനെക്കുറിച്ചും ആരോടും പറയാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല എന്റേത്. എന്റെ ക്രിക്കറ്റ് ജീവിതത്തെ ഇതൊന്നും ബാധിക്കരുത് എന്നു നിർബന്ധമുണ്ടായിരുന്നു. എന്നെ സംബന്ധിച്ച്, ക്രിക്കറ്റാണ് എന്റെ ഏറ്റവും പ്രധാനപ്പെട്ട സംഗതി. ഇന്നു ഞാൻ എന്താണോ, എന്തു നേടിയോ അതെല്ലാം ക്രിക്കറ്റ് വഴി മാത്രമാണ്. അതുകൊണ്ട്, ജീവിതത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം എന്നെ സംബന്ധിച്ച് കൊലപാതകമല്ല, ഒത്തുകളിയാണ്. ഒത്തുകളിയുടെ ഭാഗമല്ല ഞാനെന്നതിന് ഇതിനപ്പുറം മറ്റെന്താണു പറയാനുള്ളത്.

(വിദഗ്ധസമിതി അന്വേഷണത്തെത്തുടർന്ന് ചെന്നൈ സുപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് 2015 ജൂലൈയിൽ 2 വർഷത്തെ വിലക്ക് പ്രഖ്യാപിച്ചു. ഗുരുനാഥ് മെയ്യപ്പൻ (ചെന്നൈ), രാജ് കുന്ദ്ര (രാജസ്ഥാൻ) എന്നീ ടീം മാനേജ്മെന്റ് അംഗങ്ങൾക്ക് എതിരെയും നടപടിയുണ്ടായി).

സ്പോട് ഫിക്സിങ് നടത്താൻ ഒരാൾ വിചാരിച്ചാൽ മതി. ഒരു കളിക്കാരന് ഒറ്റയ്ക്കോ എന്തിന് അംപയർക്കു വേണമെങ്കിലോ വരെ നിസ്സാരമായി അതു ചെയ്യാം. എന്നാൽ, മാച്ച് ഫിക്സിങ് (ഒത്തുകളി) അങ്ങനെയല്ല. മഹാഭൂരിപക്ഷം കളിക്കാരുടെയും അറിവില്ലാതെ ഒരു ടീമിന് ഒത്തുകളി നടത്താൻ പറ്റില്ല - മഹേന്ദ്ര സിങ് ധോണി

ക്രിക്കറ്റിൽ മാച്ച് ഫിക്സിങ്, സ്പോട് ഫിക്സിങ് എന്നിവ എന്താണ്?

ക്രിക്കറ്റ് മൽസരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് കൃത്രിമം കാണിക്കുന്നതിനാണു സ്പോട് ഫിക്സിങ് എന്നു പറയുന്നത്. ഗ്രൗണ്ടിലുള്ളയാളുമായി ഇതേക്കുറിച്ച് മുൻപേ ധാരണയുണ്ടാക്കിയ ശേഷമാണു സ്പോട് ഫിക്സിങ്. (ഉദാഹരണം: 15–ാം ഓവറിലെ നാലാമത്തെ പന്ത് വൈഡ് ആയിരിക്കും). എന്നാൽ, മൽസരഫലം തന്നെ മുൻനിശ്ചയ പ്രകാരം അട്ടിമറിക്കുന്നതിനെയാണു മാച്ച് ഫിക്സിങ് എന്നു പറയുനത്. ഉദാ: ഇന്ത്യ – ഓസ്ട്രേലിയ മൽസരത്തിൽ ഓസ്ട്രേലിയ ജയിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN IPL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA