sections
MORE

ഇതാ ഐപിഎല്ലിലെ ‘റസൽഗുള’; കൊൽക്കത്ത താരം റസ്സലിനെപ്പറ്റി 3 കാര്യങ്ങൾ

andre-russell-wife
കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്ത റസ്സലിന്റെ ‘ബാഹുബലി ചിത്ര’മാണ് ആദ്യം. വ്യായാമമുറകൾക്കിടെ സെൽഫി പകർത്തുന്ന റസ്സലാണ് രണ്ടാം ചിത്രത്തിൽ. റസ്സലിന്റെ ഭാര്യയായ ജാസിം ലോറയാണ് മൂന്നാം ചിത്രത്തിലുള്ളത്.
SHARE

ഐപിഎൽ പന്ത്രണ്ടാം സീസണിൽ ഇതുവരെ കണ്ട ഏറ്റവും വിനാശകാരിയായ താരം ആരാണ്? ഉത്തരങ്ങളിൽ കൂടുതലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസ്സലിനെക്കുറിച്ചായിരിക്കുമെന്ന് നൂറുവട്ടം. എതിരാളികളെയെല്ലാ ഒരുപോലെ ഭയപ്പെടുത്തിയാണ് സീസണിലിതുവരെ റസ്സലിന്റെ പ്രകടനം. ആന്ദ്ര റസ്സലിനെക്കുറിച്ച് മൂന്നു കാര്യങ്ങൾ ഇതാ:

 1. അടി, കയ്യയച്ച്

മധുരപ്രേമിക്ക് രസഗുള പോലെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്  ആന്ദ്രേ റസ്സൽ. തന്റെ സിനിമ ഹിറ്റായതിനെക്കാൾ സന്തോഷിക്കുന്നുണ്ടാകും ടീം ഉടമ ഷാറൂഖ് ഖാൻ. ‘കയ്യാലപ്പുറത്തിരുന്ന’ മൽസരങ്ങളാണ് അവർ റസ്സലിന്റെ കൈക്കരുത്തിൽ ജയിച്ചുകൊണ്ടിരിക്കുന്നത്. ബെംഗളൂരിനെതിരായ ‘റസ്സലടി’ കണ്ടതിന്റെ സന്തോഷം സഹിക്കവയ്യാതെ ഷാറുഖ് ചെയ്തതെന്താണെന്നോ. ബാഹുബലി പോസ്റ്ററിൽ റസ്സലിന്റെ തല ചേർത്തുവച്ചു. ടീമിന്റെ സ്വന്തം ബാഹുബലി!

വേറിട്ട തലമുടിച്ചന്തം കൊണ്ട് ഒറ്റനോട്ടത്തിലേ റസ്സൽ നോട്ടപ്പുള്ളിയാണ്. ഇപ്പോഴാകട്ടെ മറ്റു ടീമുകൾ തല പുകയ്ക്കുകയാണ് ഈ വീര്യത്തെ എങ്ങനെ നിർവീര്യമാക്കാമെന്ന്. അങ്ങനെയൊന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തലയിൽ പോലും തെളിഞ്ഞില്ല എന്നത് ബെംഗളൂരിനെതിരായ റസ്സലിന്റെ പ്രകടനത്തിലൂടെ വെളിവായി. ബെംഗളൂരിന്റെ അഞ്ചാം തോൽവിയെക്കാളേറെ വെസ്റ്റ് ഇൻഡീസ് താരം അടിച്ച 7 സിക്സറുകളാണ് ചർച്ചയാകുന്നത്.  റസ്സലിന്റെ കണക്കുകളിങ്ങനെ: 13 പന്ത്, 48 റൺസ്. ഏഴു സിക്സ്, ഒരു ഫോർ, രണ്ട് സിംഗിളുകൾ. ഈ ഐപിഎല്ലിൽ ആദ്യ 4 മൽസരങ്ങളിൽ റസ്സൽ നേരിട്ടത് 77 പന്തുകളാണ്. അടിച്ചെടുത്തത് 207 റൺസ്. 22 സിക്സറുകൾ !

 2.  മസിൽമാൻ

ഉറച്ച ശരീരത്തിനും കരുത്തുറ്റ മനസ്സിനും ഉടമയായ റസ്സലിന്റെ വിജയരഹസ്യം എന്താകാം. ഹോട്ടൽ മുറിയിൽ വെറുതെയിരുന്നു ബോറടിക്കുമ്പോൾ 300 പുഷ് അപ് എടുക്കുമെന്ന് റസ്സൽ പറഞ്ഞപ്പോൾ പലരും അതൊരു ‘തള്ള്’ ആയാണു കരുതിയത്. കഠിനവ്യായാമമുറകൾ ചെയ്യുന്നത് താരത്തിനൊരു ഹോബിയാണെന്നറിഞ്ഞ് പലരും അമ്പരന്നു. വെറുതെയിരിക്കാനിഷ്ടമില്ലാത്ത റസ്സൽ ഇടവേളകളെല്ലാം തന്റെ ശരീരത്തിന് പണി കൊടുത്തുകൊണ്ടിരിക്കുന്നു. അതിന്റെ പണി കിട്ടുന്നതോ എതിർ ബോളർമാർക്കും. 

 3. സുന്ദരിക്കൂട്ട്

റസ്സൽ തന്റെ ശരീരം ഇത്ര ശ്രദ്ധിക്കുന്നതിനു പിന്നിൽ ഭാര്യയുടെ സ്വാധീനമുണ്ടാകാതെ തരമില്ല. ഭാര്യ ജാസിം ലോറ അതിസുന്ദരിയും മോഡലുമാണ്. ‘ചക്കിക്കൊത്ത ചങ്കര’നെന്ന ചൊല്ല് റസ്സൽ കേട്ടിരിക്കാനിടയില്ലെങ്കിലും ഭാര്യയ്‌ക്കൊത്ത ഭർത്താവാകാനുള്ള എല്ലാ ശ്രമവും താരം നടത്തുന്നുണ്ട്.  ജമൈക്കൻ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയാണ് ജാസിം ലോറ.

യുഎസിലെ മയാമിയിൽ ജനിച്ച അവർ 2016ലാണ് റസ്സലിന്റെ പങ്കാളിയായത്. 2014 മുതലേ പ്രണയബദ്ധരായിരുന്നു. റസ്സൽ വെസ്റ്റ് ഇൻഡീസ് ടീമിലെത്തുന്നതിനു മുൻപേ മോഡലായി ശ്രദ്ധ നേടിയ ജാസിം സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ കണ്ണേറിനു നടുവിലാണെപ്പോഴും.

English Summary: Three Facts about Kolkata Knight Riders's West Indies Player, Andre Russell.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN IPL 2019
SHOW MORE
FROM ONMANORAMA