sections
MORE

ധോണിക്ക് ഈ രാജ്യത്ത് എന്തുമാകാമോ?; രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

dhoni-debate-with-umpires
നോബോൾ വിഷയത്തിൽ അംപയർമാരുമായി തര്‍ക്കിക്കുന്ന ധോണി. ചെന്നൈ താരങ്ങളായ മിച്ചൽ സാന്റ്നർ, രവീന്ദ്ര ജഡേജ, രാജസ്ഥാൻ താരങ്ങളായ ബെൻ സ്റ്റോക്സ്, അജിങ്ക്യ രഹാനെ തുടങ്ങിയവർ സമീപം.
SHARE

ജയ്പുർ∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മൽസരത്തിനിടെ അപംയർമാരുടെ തീരുമാനത്തോടു വിയോജിച്ച് ക്ഷുഭിതനായി മൈതാനത്തിറങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ധോണിയെപ്പോലെ അനുഭസമ്പത്തുള്ളൊരു താരം നിയമങ്ങൾ കാറ്റിൽ പറത്തി മൈതാനത്തിറങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു. അംപയറിന്റെ തീരുമാനത്തോട് കലഹിച്ച് മൈതാനത്തിറങ്ങിയ ധോണിക്ക് ഐപിഎൽ അധികൃതർ മാച്ച് ഫീയുടെ 50 ശതമാനം പിഴശിക്ഷ വിധിച്ചിരുന്നു. ഇതിനിടെയാണ് മുൻ താരങ്ങളുടെ രൂക്ഷ വിമർശനത്തിനും ധോണി പാത്രമാകുന്നത്.

മുൻ ഇംഗ്ലണ്ട് നായകനും ഐപിഎല്ലിൽ കമന്റേറ്ററുമായി മൈക്കൽ വോനാണ് ഏറ്റവും രൂക്ഷ വിമർശനമുയർത്തി രംഗത്തെത്തിയത്. പ്രമുഖ ക്രിക്കറ്റ് വൈബ്സൈറ്റായ ‘ക്രിക്ബ‌സി’ൽ ലൈവ് കമന്ററിയുമായി ഉണ്ടായിരുന്ന വോൻ ധോണിയുടെ നീക്കം കണ്ട് നടത്തിയ പ്രതികരണം ഇങ്ങനെ:

ക്യാപ്റ്റനിതാ ഡഗ് ഔട്ടിൽനിന്ന് പിച്ചിലേക്ക് ഇറങ്ങുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത് എം.എസ്. ധോണിയാണെന്ന് എനിക്കറിയാം. ഈ രാജ്യത്ത് അദ്ദേഹത്തിന് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള അവകാശമുണ്ടെന്നും അറിയാം. ക്യാപ്റ്റനെന്ന നിലയിൽ മൈതാനത്തിറങ്ങാനും അവിടെ പോയി അംപയറിനു നേരെ കൈചൂണ്ടി ക്ഷുഭിതനായി സംസാരിക്കാനും നിങ്ങൾക്ക് അവകാശമില്ല. ഒരു ക്യാപ്റ്റനെന്ന നിലയിൽ തീർത്തും മോശം മാതൃകയാണ് ഇവിടെ ധോണി നൽകുന്നത്. ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങള്‍ നടന്നെന്നു വരില്ല. അതിനെ അതിന്റെ രീതിയിൽ കാണുകയാണ് വേണ്ടത്. നിങ്ങൾ എല്ലാവരും ആരാധിക്കുന്ന ഇതിഹാസമായിരിക്കാം. എന്നാലും ഗ്രൗണ്ടിലിറങ്ങാൻ അനുവാദമില്ല...

മുൻ ഓസീസ് താരവും കമന്റേറ്ററുമായ മൈക്കൽ സ്ലേറ്ററും സമാനമായ അഭിപ്രായം പങ്കുവച്ചു:

കരിയറിൽ ഇതിനു മുൻപൊരിക്കലും ഇത്തരമൊരു രംഗം ഞാൻ കണ്ടിട്ടില്ല. അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു ക്യാപ്റ്റൻ ഗ്രൗണ്ടിലിറങ്ങുന്നത് ഇനി നിങ്ങൾ കാണാനുമിടയില്ല. അവിശ്വസനീയം...

ധോണിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയ ചില പ്രമുഖരുടെ കമന്റുകളിലൂടെ:

∙ മാർക്ക് വോ (മുൻ ഓസീസ് താരം)

ടീം ഉടമകളിൽനിന്ന് താരങ്ങൾക്കു മേൽ കനത്ത സമ്മർദ്ദമുണ്ടെന്നറിയാം. വൻ തുക ഐപിഎല്ലിൽ മുതൽമുടക്കിയിട്ടുണ്ടെന്നും അറിയാം. എങ്കിലും അടുത്തിടെ ഐപിഎല്ലിൽ നടന്ന രണ്ടു സംഭവങ്ങൾ പൂർണമായും നിരാശപ്പെടുത്തി. ക്യാപ്റ്റൻമാരായ രവിചന്ദ്രൻ അശ്വിനുമായും (മങ്കാദിങ്) മഹേന്ദ്രസിങ് ധോണിയുമായും ബന്ധപ്പെട്ട സംഭവങ്ങളാണ് അവ. രണ്ടും ഒട്ടും അഭികാമ്യമായി തോന്നുന്നില്ല.

∙ ഹർഷ ഭോഗ്‍ലെ (കമന്റേറ്റർ)

ധോണി ഇത്തരത്തിൽ (അംപയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത്) മൈതാനത്തിറങ്ങുന്നത് ഞാൻ ആദ്യമായി കാണുകയാണ്. മൈക്കൽ വോൻ ചൂണ്ടിക്കാട്ടിയതുപോലെ താൻ ചെയ്തത് പൂർണമായും തെറ്റാണെന്ന് ധോണി പിന്നീട് തിരിച്ചറിയും.

∙ ഹേമാങ് ബദാനി (മുൻ ഇന്ത്യൻ താരം)

നോബോളെന്നല്ല, കളിക്കളത്തിൽ തന്റെ ഏതു തീരുമാനവും തിരുത്താൻ അംപയർക്ക് അധികാരമുണ്ട്. ഈ പ്രശ്നം ധോണി കൈകാര്യം ചെയ്ത രീതി എന്നെ അദ്ഭുതപ്പെടുത്തി. ക്യാപ്റ്റൻ കൂളിൽനിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല.

∙ ആകാശ് ചോപ്ര (മുൻ ഇന്ത്യൻ താരം)

ഈ ഐപിഎല്ലിൽ അംപയർമാരുടെ നിലവാരം തീരെ മോശമാണ്. ഇക്കുറി അവർ നോബോൾ വിളിച്ച് ആ തീരുമാനം തിരുത്തിയിരിക്കുന്നു. ആർക്കായാലും ദേഷ്യം വരുന്ന സാഹചര്യമാണിത്. എങ്കിലും പുറത്തായിക്കഴിഞ്ഞ എതിർ ടീം ക്യാപ്റ്റന് ഇതിനെ ചോദ്യം ചെയ്ത് മൈതാനത്തിറങ്ങാന്‍ യാതൊരു അവകാശവുമില്ല. തെറ്റായ മാതൃകയാണ് ധോണി ഇന്ന് കാട്ടിയത്.

∙ ദീപ്ദാസ് ഗുപ്ത (മുൻ ഇന്ത്യൻ താരം)

തീരുമാനം നിങ്ങൾക്കെതിരാണെങ്കിൽപ്പോലും മൈതാനത്തിറങ്ങി അംപയറിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. എതിർപ്പുണ്ടെങ്കിൽ ഫോർത്ത് അംപയറിനെ സമീപിക്കാം. അല്ലെങ്കിൽ മാച്ച് റഫറിക്കു മുന്നിലും പരാതിപ്പെടാം.

∙ ഷോണ്‍ ടെയ്റ്റ് (ഓസീസ് ക്രിക്കറ്റ് താരം)

ഇത്തരത്തിൽ മൈതാനത്തിറങ്ങാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. ഇത് പറമ്പിലെ ക്രിക്കറ്റ് കളിയോ അണ്ടർ 10 ടൂർണമെന്റോ അല്ല. ഇത് ഐപിഎല്ലാണ്. നിങ്ങൾ വെറും കളിക്കാരനാണെന്ന ഓർമ എപ്പോഴും വേണം. ധോണിക്ക് ഈ ബോധ്യം ഇടയ്ക്കിടെ നഷ്ടമാകുന്നുണ്ടെന്നു തോന്നുന്നു. നിങ്ങൾ അധികാരിയല്ല. അധികാരികളെ തിരുത്താൻ അവകാശവുമില്ല. തീർത്തും അപരിചതമായ സമീപനമായിരുന്നു ധോണിയുടേത്.

∙ ജോസ് ബട്‍ലർ (രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് താരം)

അംപയർമാരെ ചോദ്യം ചെയ്ത് ധോണി മൈതാനത്തിറങ്ങിയ തീരുമാനം ശരിയാണെന്നു തോന്നുന്നില്ല. ഐപിഎല്ലിൽ ഇത്തരത്തിൽ സമ്മർദ്ദ ഘട്ടങ്ങൾ ഇടയ്ക്കിടെ ഉണ്ടാകും. അവിടെ ഓരോ റണ്ണും വളരെ വിലപ്പെട്ടതാണ്. ഈ മൽസരത്തിലെ ഏറ്റവും സമ്മർദ്ദമേറിയ സമയമായിരുന്നു ഇത്. എങ്കിലും അപംയറിനെ ചോദ്യം ചെയ്ത് ഗ്രൗണ്ടിലിറങ്ങുന്നതു ശരിയാണോ എന്നതാണു ചോദ്യം. അല്ലെന്നാണ് എനിക്കു തോന്നുന്നത്.

∙ സ്റ്റീഫൻ ഫ്ലെമിങ് (ചെന്നൈ പരിശീലകൻ)

അവിടെ സംഭവിച്ച കാര്യങ്ങളിൽ വ്യക്തത തേടുക മാത്രമാണ് ധോണി ചെയ്തത്. ആദ്യം ഒരു പന്തു നോബോൾ വിളിക്കുകയും പിന്നീടു തിരുത്തുകയുമാണ് ഉണ്ടായത്. കളിയുടെ ഏറ്റവും നിർണായക നിമിഷത്തിൽ ഇങ്ങനെ സംഭവിക്കാൻ കാരണമെന്താണെന്ന് ഞങ്ങൾക്കാർക്കും മനസ്സിലായില്ല. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് ധോണി അംപയർമാരെ സമീപിച്ചത്. അതിൽ കൂടുതൽ ഇതിൽ ഒന്നുമില്ല.

English Summary: MS Dhoni was slammed by former cricketers and experts across the world for barging onto the field as a controversy over a no-ball call erupted during Rajasthan Royals vs Chennai Super Kings match on Thursday.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN IPL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA