sections
MORE

ബാംഗ്ലൂർ വീണ്ടും പരാജയ വഴിയിൽ; മുംബൈയോട് 5 വിക്കറ്റിനു തോറ്റു

lasith-malinga
ബാംഗ്ലൂരിന്റെ നാലു വിക്കറ്റുകൾ പിഴുത് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ മുംബൈ താരം ലസിത് മലിംഗ.
SHARE

മുംബൈ∙ ഐപിഎൽ പന്ത്രണ്ടാം സീസണിൽ വൈകിയെത്തിയ വിജയവഴിയിൽനിന്ന് അതിലേറെ വേഗത്തിൽ തെന്നിമാറിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ ഏഴാം തോൽവി. മുംബൈ ഇന്ത്യൻസിനോട് അഞ്ചു വിക്കറ്റിനാണ് ബാംഗ്ലൂർ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് എടുത്തത്. മോയിൻ അലി, യുസ്‌വേന്ദ്ര ചാഹൽ എന്നിവരുടെ കുത്തിത്തിരിയുന്ന പന്തുകൾക്കു മുൻപിൽ പതറിയെങ്കിലും ഒരു ഓവർ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യത്തിലെത്തി. 16 പന്തിൽ 37 റൺസുമായി തകർത്തടിച്ച് ഹാർദിക് പാണ്ഡ്യയാണ് മുംബൈയ്ക്കു വിജയം സമ്മാനിച്ചത്.

ബാംഗ്ലൂർ തോറ്റതോടെ അർധസെഞ്ചുറി നേടുകയും പിന്നീട് നാല് ഓവറിൽ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മോയിൻ അലിയുടെ മായിക പ്രകടനം പാഴായി. സീസണിലെ അഞ്ചാം ജയം കുറിച്ച മുംബൈ 10 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. എട്ടു മൽസരങ്ങളിൽ ഏഴാം മൽസരവും തോറ്റ ബാംഗ്ലൂർ രണ്ടു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.

172 റൺസ് വിജയക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമയും ക്വിന്റൺ ഡികോക്കും ചേർന്നു മികച്ച തുടക്കമാണ് സമ്മാനിച്ചത്. ബാംഗ്ലൂർ ബോളർമാർക്കെതിരെ യഥേഷ്ടം റൺസ് കണ്ടെത്തിയ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത് 70 റൺസ്. വെറും 43 പന്തിൽനിന്നാണ് ഇത്. ഒടുവിൽ രോഹിത് ശർമയെയും ഡികോക്കിനെയും ഒരേ ഓവറിൽ പുറത്താക്കിയ മോയിൻ അലിയാണ് ബാംഗ്ലൂരിനെ മൽസരത്തിലേക്കു തിരികെ കൊണ്ടുവന്നത്.

19 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 28 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. 26 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 40 റൺസുമായി ഡികോക്ക് പിന്നാലെ മടങ്ങി. സൂര്യകുമാർ യാദവ് (23 പന്തിൽ 29), ഇഷാൻ കിഷൻ (ഒൻപതു പന്തിൽ 21) എന്നിവരും തകർത്തടിച്ചതോടെ മുംബൈ അനായാസം ലക്ഷ്യത്തിലേക്കു നീങ്ങി. എന്നാൽ, ഇരുവരെയും പുറത്താക്കിയ ചാഹൽ വീണ്ടും മുംബൈയെ ഞെട്ടിച്ചു. അവസാന ഓവറുകളിൽ നിയന്ത്രിച്ചു ബോൾ ചെയ്ത ബാംഗ്ലൂർ മൽസരം ആവേശഭരിതമാക്കിയെങ്കിലും തകർത്തടിച്ച ഹാർദിക് പാണ്ഡ്യ മുംബൈയെ രക്ഷിച്ചു. പവൻ നേഗി എറിഞ്ഞ 19–ാം ഓവറിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 22 റൺസടിച്ച പാണ്ഡ്യ ഒരു ഓവർ ബാക്കിനിൽക്കെ മുംബൈയെ വിജയത്തിലെത്തിച്ചു. പാണ്ഡ്യ 16 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 37 റൺസുമായി പുറത്താകാതെ നിന്നു.

ബാംഗ്ലൂരിനായി മോയിൻ അലി നാല് ഓവറിൽ 18 റണ്‍സ് വഴങ്ങിയും യുസ്‌വേന്ദ്ര ചാഹൽ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

∙ തകർത്തടിച്ച് ഡിവില്ലിയേഴ്സ്, മോയിൻ അലി

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. എ.ബി. ഡിവില്ലിയേഴ്സ്, മോയിൻ അലി എന്നിവരുടെ അർധസെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ഡിവില്ലിയേഴ്സ് 51 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും സഹിതം 75 റൺസെടുത്തു. മോയിൻ അലി 32 പന്തിൽ ഒരു ബൗണ്ടറിയും അഞ്ചു സിക്സും സഹിംത 50 റണ്‍സെടുത്തു.

മൂന്നാം വിക്കറ്റിൽ ഡിവിവില്ലിയേഴ്സ് – മോയിൻ അലി സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ നട്ടെല്ല്. 11.5 ഓവർ ക്രീസിൽനിന്ന ഇവരുടെ സഖ്യം 95 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. ഓപ്പണർ പാർഥിവ് പട്ടേലാണ് ബാംഗ്ലൂർ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. പാർഥിവ് 20 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 28 റണ്‍സെടുത്തു.

അതേസമയം, ക്യാപ്റ്റൻ വിരാട് കോഹ്‍ലി (ഒൻപതു പന്തിൽ എട്ട്), മാർക്കസ് സ്റ്റോയ്നിസ് (പൂജ്യം), അക്ഷ്ദീപ് നാഥ് (രണ്ട്), പവൻ നേഗി (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി. ലസിത് മലിംഗ എറിഞ്ഞ അവസാന ഓവറിൽ മാത്രം മൂന്നു വിക്കറ്റാണ് വീണത്. ബാംഗ്ലൂരിനു നേടാനായത് ഒൻപതു റൺസും.

ടീമിലേക്കുള്ള തിരിച്ചുവരവ് തകർപ്പൻ പ്രകടനവുമായി ആഘോഷിച്ച ലസിത് മലിംഗയാണ് മുംബൈ ബോളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ 31 റൺസ് വഴങ്ങി മലിംഗ നാലു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ മൂന്ന് ഓവറിൽ 21 റൺസ് വഴങ്ങിയും ജേസൺ ബെഹ്റെൻഡോർഫ് നാല് ഓവറിൽ 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 22 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനവും ശ്രദ്ധേയമായി.

English Summary: Mumbai Indians Vs Royal Challengers Bangalore 31st Match Indian Premier League 2019, Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN IPL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA