sections
MORE

രാജകീയം, റോയൽസ് ! കൊൽക്കത്തയ്ക്കെതിരെ 3 വിക്കറ്റ് ജയം

varun-arone
തകർപ്പൻ ബോളിങ് പ്രകടനവുമായി കൊൽക്കത്തയ്‌ക്കെതിരായ മൽസരത്തിൽ കളിയിലെ കേമൻ പട്ടം നേടിയ വരുൺ ആരോൺ.
SHARE

കൊൽക്കത്ത∙ പന്തു കൊണ്ടു പറ്റിയില്ലെങ്കിൽ വേണ്ട. ജോഫ്ര ആർച്ചർ (12 പന്തിൽ 27*) ബാറ്റു കൊണ്ടു രാജസ്ഥാനെ വിജയത്തിലെത്തിച്ചു! ക്യാപ്റ്റൻ ദിനേഷ് കാർത്തകിന്റെ ഉജ്വല ഇന്നിങ്സിന്റെ (50 പന്തിൽ 97 നോട്ടൗട്ട്) കരുത്തിൽ‌ കൊൽക്കത്ത ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം ഒടുവിൽ രാജസഥാൻ എത്തിപ്പിടിച്ചു. അവസരത്തിനൊത്ത് ഉയർന്ന പതിനേഴുകാരൻ റിയാൻ പരാഗിന്റെ (31 പന്തിൽ 47) ഇന്നിങ്സാണു രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്. 

ഭേദപ്പെട്ട തുടക്കം ലഭിച്ച രാജസ്ഥാൻ പിന്നീടു 98 റൺസിനിടെ 5 വിക്കറ്റ് നഷടമാക്കിയതോടെ കൊൽക്കത്ത പിടിമുറുക്കി. എന്നാൽ വാലറ്റത്തെ കൂട്ടുപിടിച്ച് പരാഗ് നടത്തിയ പോരാട്ടം മത്സരഫലം മറ്റൊന്നാക്കി. അവസാന 3 ഓവറുകളിൽ 31 റൺസാണു രാജസ്ഥാനു വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണയുടെ 18–ാം ഓവറിൽ 13 റൺസ് നേടിയ രാജസ്ഥാനു പക്ഷേ തൊട്ടടുത്ത ഓവറിൽ പരാഗ് ഹിറ്റ് വിക്കറ്റായതു തിരിച്ചടിയായി. അവസാന ഓവറിൽ 3 വിക്കറ്റ് കൈയിലിരിക്കെ രാജസ്ഥാനു വേണ്ടിയിരുന്നത് 9 റൺസ്. പ്രസിദ്ധിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ആർച്ചർ രണ്ടാം പന്തിൽ സിക്സറടിച്ച് രാജസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ, കാർത്തിക് ഒഴികെയുള്ള കൊൽക്കത്ത ബാറ്റ്സ്മാൻമാർക്കു കാര്യമായ സ്കോർ നേടാനായിരുന്നില്ല. വരുൺ ആരോന്റെ പന്തുകൾക്കു മുന്നിൽ മുട്ടിടിച്ച കൊൽക്കത്തയ്ക്ക് 5 ഓവർ പിന്നിടുന്നതിനു മുൻപുതന്നെ ഓപ്പണർമാരായ ക്രിസ് ലിൻ (0), ശുഭ്മാൻ ഗിൽ (14) എന്നിവരെ നഷ്ടമായി. ഇരുവരെയും ബോൾഡാക്കിയ ആരോൺ 4 ഓവറിൽ വിട്ടുനൽകിയത് 20 റൺസ് മാത്രം. പിന്നീടിറങ്ങിയ നിതീഷ് റാണ (21), സുനിൽ നരെയ്ൻ (11) എന്നിവരെ കൂട്ടുപിടിച്ചു കാർത്തിക് കൊൽക്കത്ത സ്കോർ മുന്നോട്ടു നീക്കി. എന്നാൽ ഇരുവരെയും പുറത്താക്കിയ രാജസ്ഥാൻ മത്സരം വരുതിയിലാക്കുമെന്നു തോന്നിച്ചിടത്താണ് കാർത്തിക് കൊൽക്കത്തയെ കാത്തത്. ആറാം നമ്പറിൽ ഇറങ്ങിയ ആന്ദ്രേ റസ്സൽ (14 പന്തിൽ 14) കൂടി പുറത്തായതോടെ സ്കോറിങ് ഉത്തരവാദിത്തം കാർത്തിക് ഒറ്റയ്ക്ക് ഏറ്റെടുത്തു. അവസാന 4 ഓവറുകളിൽ‌ 60 റൺസാണു കൊൽക്കത്ത അടിച്ചെടുത്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN IPL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA