sections
MORE

3 പന്ത്, 2 മിന്നൽ സ്റ്റംപിങ്; പ്രായത്തെ വെറും സംഖ്യയാക്കി ചെപ്പോക്കിൽ ധോണി!

dhoni-stumping-shreyas-iyer
ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പുറത്താക്കിയ ധോണിയുടെ സ്റ്റംപിങ്.
SHARE

ചെന്നൈ∙ ഐപിഎല്ലിൽ ബുധനാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മൽസരത്തിനു തൊട്ടു മുൻപു വരെ ചർച്ചകളൊക്കെയും ധോണിയെക്കുറിച്ചായിരുന്നു. പനിമൂലം മുൻ മൽസരത്തിൽ മുംബൈയ്ക്കെതിരെ കളിക്കാതിരുന്ന ധോണി ഡൽഹിക്കെതിരെ തിരിച്ചെത്തുമോ എന്നതായിരുന്നു ചർച്ചാവിഷയം.

മൽസരശേഷം കൂടുതൽ ആവേശത്തോടെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നതും ധോണി തന്നെ. അതുപക്ഷേ, താരം കളത്തിൽ പുറത്തെടുത്ത അത്യുജ്വല പ്രകടനമൊന്നു കൊണ്ടു മാത്രം! പനിമൂലം കഴിഞ്ഞ മൽസരത്തിൽ കളിക്കാതിരുന്ന ധോണി ഡൽഹി ക്യാപിറ്റൽസിനെതിരായ മൽസരത്തിൽ തിരിച്ചുവരവ് ആഘോഷിച്ചത് കളിയിലെ കേമൻ പട്ടം സ്വന്തമാക്കിയാണ്!

∙ വിക്കറ്റിനു മുന്നിലെ ‘മഹേന്ദ്രജാലം’

രണ്ടു തരത്തിലാണ് ഈ മൽസരത്തിൽ ധോണി ആരാധരെ കയ്യിലെടുത്തത്. ആദ്യം ബാറ്റുകൊണ്ട് വിക്കറ്റിനു മുന്നിലായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തിയ ധോണിയുടെ പ്രകടനമെങ്കിൽ, ഡൽഹി ഇന്നിങ്സിൽ വിക്കറ്റിനു പിന്നിലും ധോണിയുടെ മഹേന്ദ്രജാലം കണ്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക്, അവസാന ഓവറുകളിൽ തകർത്തടിച്ച ധോണിയാണ് നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

നാലാമനായി ക്രീസിലെത്തിയ ധോണി 22 പന്തു നീണ്ട ഇന്നിങ്സിൽ 44 റൺസുമായി പുറത്താകാതെ നിന്നു. ഇതിനിടെ നാലു സിക്സും മൂന്നു ബൗണ്ടറിയും നേടി. ഇതിൽ രണ്ടു സിക്സും നേടിയത് ട്രെന്റ് ബോൾട്ടിനെതിരെ അവസാന ഓവറിലെ അവസാന രണ്ടു പന്തിൽ. തൊട്ടുമുൻപുള്ള ഓവറിൽ ക്രിസ് മോറിസിന്റെ അപകടകരമായ ബീമറും ധോണി നിലംതൊടാതെ ഗാലറിയിലെത്തിച്ചിരുന്നു.

∙ വിക്കറ്റിനു പിന്നിലെ രണ്ടാമൂഴം!

ഡൽഹി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയതോടെ ആ ‘മഹേന്ദ്രജാലം’ കൂടുതൽ വ്യക്തമായി. ഇക്കുറി വിക്കറ്റിനു പിന്നിൽ മിന്നുന്ന ഫോമിലായിരുന്ന ധോണി ഒരു ക്യാച്ചും രണ്ടു സ്റ്റംപിങ്ങും സഹിതം മൂന്നു താരങ്ങളുടെ പുറത്താകലിൽ നേരിട്ടു പങ്കുവഹിച്ചു. അമിത് മിശ്രയാണ് ധോണിക്കു ക്യാച്ചു സമ്മാനിച്ചതെങ്കിൽ ക്രിസ് മോറിസ്, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരാണ് ആ മിന്നൽ സ്റ്റംപിങ്ങിന് ഇരയായത്. അതും വെറും മൂന്നു പന്തുകൾക്കിടെ!

രവീന്ദ്ര ജഡേജ എറിഞ്ഞ 12–ാം ഓവറിലാണ് മൂന്നു പന്തിനിടെ രണ്ടു സ്റ്റംപിങ്ങുമായി ധോണിയുടെ മഹേന്ദ്രജാലം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. 12–ാം ഓവറിന്റെ നാലാം പന്തിൽ ആദ്യം ഇരയായത് ക്രിസ് മോറിസ്. റുഥർഫോർഡ് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ മോറിസ് നേരിട്ട ആദ്യ പന്തായിരുന്നു ഇത്. ജഡേജയുടെ പന്തു പ്രതിരോധിക്കാനുള്ള മോറിസിന്റെ ശ്രമം പിഴച്ചു. പന്തു പിടിച്ചെടുത്ത ധോണി സ്റ്റംപിളക്കിയശേഷം അപ്പീൽ ചെയ്തു.

ഔട്ടല്ലെന്ന ആത്മവിശ്വാസത്തിൽ മോറിസ് ക്രീസിൽ തുടരവെ അംപയർ അന്തിമ തീരുമാനം തേർഡ് അംപയറിനു വിട്ടു. റീപ്ലേ കണ്ട ആരാധകർ അക്ഷരാർഥത്തിൽ ഞെട്ടിയെന്നതാണ് സത്യം! ജഡേജയുടെ പന്തു പ്രതിരോധിക്കാനുള്ള ശ്രമത്തിൽ മോറിസിന്റെ കാൽപ്പാദം ക്രീസിൽനിന്നു ചെറുതായി ഉയർന്നിരുന്നു. ഒരു മില്ലി സെക്കൻഡ് എന്നോ മറ്റോ പറയാവുന്ന നേരത്തേക്കു മാത്രം. ധോണി സ്റ്റംപിളക്കിയതും ഇതേ സമയത്തുതന്നെ! തേർഡ് അംപയറിന്റെ പോലും കണ്ണു തള്ളിപ്പോയ നിമിഷം!

മോറിസിനു പകരം ക്രീസിലെത്തിയ ജഗദീഷ് സുചിത് സിംഗിൾ നേടി ശ്രേയസ് അയ്യർക്കു സ്ട്രൈക്ക് കൈമാറിയതോടെ അടുത്ത ‘മഹേന്ദ്രജാല’ത്തിനുള്ള നിമിഷം പിറന്നു. ഇക്കുറി ജഡേജയുടെ പന്തു പ്രതിരോധിക്കാൻ അയ്യരുടെ ശ്രമം. അതുപക്ഷേ പാളിയതോടെ പന്തു ധോണിയുടെ കൈകളിൽ. നിമിഷാർധത്തിനുള്ളിൽ ധോണി സ്റ്റംപിളക്കി. വീണ്ടും സ്റ്റംപിങ്ങിന് അപ്പീൽ. ഇക്കുറി ആരാധകർ വീണ്ടും ‍ഞെട്ടി. ജഡേജയുടെ പന്തു പ്രതിരോധിക്കാനുള്ള ശ്രമത്തിൽ അയ്യരുടെ കാൽപ്പാദം മില്ലി സെക്കൻഡു നേരത്തേക്ക് ക്രീസിൽനിന്നുയർന്നു. ധോണിയുടെ സ്റ്റംപിങ്ങും ഇതേ സമയത്തു തന്നെ! 31 പന്തിൽ 44 റൺസുമായി അയ്യരും പുറത്ത്!

English Summary: MS Dhoni pulled off two brilliant dismissals to account for the wickets of Chris Morris and Shreyas Iyer as CSK marched on to a victory in the Indian Premier League (IPL)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN IPL 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA