Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയവഴി തേടി നോർത്ത് ഈസ്റ്റ്; ചരിത്രം തിരുത്താൻ ചെന്നൈയിൻ എഫ്സിയും

Chennaiyin-FC-Practice ചെന്നൈയിൻ എഫ്സി താരങ്ങൾ പരിശീലനത്തിൽ.

ചെന്നൈ ∙ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന്‌ രണ്ടാം റൗണ്ട്‌ മത്സരങ്ങള്‍ക്കു തുടക്കം. ഗോവയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ആവേശകരമായ പോരാട്ടം പുറത്തെടുത്ത ചെന്നൈയിന്‍ എഫ്‌സി ഇന്ന് രാത്രി എട്ടിന് നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയെ നേരിടും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സറ്റേഡിയത്തിലാണ് മൽസരം.

കഴിഞ്ഞ മൽസരത്തിൽ ആദ്യ പകുതിയില്‍ മൂന്നു ഗോളിനു പിന്നില്‍ നിന്ന ശേഷം ഗോവയ്ക്കെതിരെ രണ്ടു ഗോള്‍ അടിച്ചു തിരിച്ചുവരവ്‌ നടത്തിയ ചെന്നൈയിന്‍ ഇന്ന്ു വിജയിക്കാനുള്ള വാശിയിലാണ്‌. കരുത്തരായ ഗോവയുമായി താരതമ്യം ചെയ്‌താല്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ കാര്യമായ വെല്ലുവിളി ആകില്ലെന്നാണ് ചെന്നൈയിന്‍ എഫ്‌സിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കഴിഞ്ഞ മൂന്നു സീസണിലും ഇവിടെ നോര്‍ത്ത്‌ ഈസ്‌റ്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന ചരിത്രം തിരുത്തിക്കുറിച്ചുവേണം ചെന്നൈയിനു വിജയം നേടാന്‍.

മറുവശത്ത്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡാകട്ടെ, ഗുവാഹാട്ടിയിലെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ നവാഗതരായ ജംഷെഡ്‌പൂര്‍ എഫ്‌സിയുമായി ഗോള്‍ രഹിത സമനില വഴങ്ങിയതിനു ശേഷമാണ്‌്‌ ചെന്നൈയില്‍ എത്തിയിരിക്കുന്നത്‌. അതേസമയം, കഴിഞ്ഞ സീസണില്‍ ടീമിന്റെ പരിശീലകനായിരുന്ന മാര്‍ക്കോ മറ്റെരാസിയില്‍ നിന്നും ടീമിന്റെ ചുമതല ഏറ്റെടുത്ത ജോണ്‍ ഗ്രിഗറി പഴയ തോല്‍വികളുടെ റെക്കോര്‍ഡിനെ കാര്യമായിട്ടെടുക്കുന്നില്ല. റെക്കോര്‍ഡുകള്‍ തകര്‍പ്പെടാനുള്ളതാണെന്നാണ് ഗ്രിഗറിയുടെ പക്ഷം.

ആദ്യ മത്സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനൂകൂല്യവും, കളിയില്‍ ഏകദേശം പൂര്‍ണമായും മുന്‍തൂക്കവും ഉണ്ടായിരുന്നിട്ടും നവാഗതരായ ജംഷെഡ്‌പുരിനെതിരെ ഒരു ഗോള്‍ പോലും നേടാന്‍ നോര്‍ത്ത്‌ ഈസ്‌റ്റിനു കഴിഞ്ഞിരുന്നില്ല. മാത്രമല്ല, അവസാന മിനിറ്റുകളില്‍ പത്തുപേരുമായിട്ടായിരുന്നു ജംഷെഡ്‌പുരിന്റെ കളി. ഈ അവസരവും നോര്‍ത്ത്‌ ഈസ്‌റ്റിനു മുതലെടുക്കാന്‍ കഴിഞ്ഞില്ല.

‘കളിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. എന്നാല്‍ ഗോള്‍ നേടാന്‍ കഴിയാതിരുന്നത്‌ വലിയൊരു പ്രശ്നമായി ഞാന്‍ കരുതുന്നില്ല. ഗോള്‍ അടിക്കാന്‍ കഴിയാത്തില്‍ വേവലാതിയുമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും ലീഗ്‌ റൗണ്ട്‌ പൂര്‍ത്തിയാകുമ്പോള്‍ എറ്റവും കൂടുതല്‍ ഗോള്‍ അടിക്കുക’- നോര്‍ത്തത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിന്റെ പരിശീലകന്‍ ജാവോ കാര്‍ലോസ്‌ പറയുന്നു. 

ഐഎസ്‌എല്ലിന്റെ ചരിത്രത്തില്‍ പുണെ സിറ്റി എഫ്‌സിയും നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമാണ്‌ ഇതുവരെ പ്ലേ ഓഫിനു യോഗ്യത നേടാന്‍ കഴിയാത്ത ടീമുകള്‍. എന്നാല്‍ തന്റെ ടീമിന്റെ ചരിത്രം തിരയാന്‍ അദ്ദേഹത്തിനു താൽപര്യമില്ല. ‘ഭൂതകാലത്തേക്കുറിച്ച്‌ എനിക്ക്‌ ഒന്നും പറയാനില്ല. അന്ന്‌ ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. വര്‍ത്തമാന കാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പറയുവാനാണ്‌ ഞാന്‍ ഇവിടെയുള്ളത്‌. എന്തായാലും ഞങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു – അദ്ദേഹം പറഞ്ഞു.