Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനീതിനെ ഒഴിവാക്കിയത് പിഴവ്

im-vijayan-4

എന്തുകൊണ്ട് സി.കെ.വിനീതിനെ കളിപ്പിച്ചില്ല? പരുക്കാണെന്ന കോച്ചിന്റെ കളിക്കു ശേഷമുള്ള വെളിപ്പെടുത്തൽ അത്രത്തോളം വിശ്വസനീയമായി തോന്നുന്നില്ല. തലേദിവസം വരെ ഇല്ലാത്ത പരുക്ക് പെട്ടെന്നെങ്ങനെ സംഭവിച്ചു. വിനീതിന്റെ പഴയ ടീമായ ബെംഗളൂരു എഫ്സിയാണ് എതിരാളികൾ എന്നതുകൊണ്ടു വൈകാരികമായ ഒരു സംഘർഷം  ഉണ്ടായേക്കാം എന്ന ചിന്തയാണ് ഒഴിവാക്കലിന്റെ യഥാർഥ കാരണമെങ്കിൽ അതു കോച്ചിനു സംഭവിച്ച വലിയ വിഡ്ഢിത്തമാണ്.

ബ്ലാസ്റ്റേഴ്സ് ടീമിലെ നിലവിലെ മികച്ച സ്കോററാണു വിനീത്. മുൻപ് കളിച്ച ടീമിനെതിരെ കളിക്കുമ്പോൾ മാനസികമായി പതറുകയല്ല, ഇരട്ടി ആവേശത്തോടെയും വാശിയോടെയും കളിക്കുകയാണ് നല്ല കളിക്കാർ ചെയ്യുക. അതാണു പ്രഫഷനലിസം. കേരള പൊലീസ് വിട്ട് മോഹൻ ബഗാനിലേക്കു പോയ ഞാൻ അന്ന് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഈ വാശിയും വീറും അനുഭവിച്ചിട്ടുള്ള ആളാണ്. ഏതാനും ദിവസം മുൻപ് സംസാരിച്ചപ്പോൾ വിനീത് പങ്കുവച്ചതും അതേ വാശിയായിരുന്നു. 

കഴിഞ്ഞ ഏതാനും കളികളിൽ ഏറെ നന്നായി കളിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സ് ഇന്നലെ വീണ്ടും വല്ലാതെ മങ്ങിപ്പോയി. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ശേഷം. ഇഞ്ചുറി ടൈമിലാണു കളിയിലെ മൂന്നു ഗോളുകളും വീണത്. അതിൽ ബെംഗളൂരുവിന്റെ രണ്ടു ഗോളും ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടെ ഗുരുതരമായ അലംഭാവത്തിൽ പിറന്നതാണ്. അവസാന മിനിറ്റുകളിൽ കളി തോറ്റെന്നുറപ്പിച്ചതോടെ ചോർന്നു പോയ പ്രതിരോധ വീര്യം ബെംഗളൂരു നന്നായി മുതലാക്കുകയായിരുന്നു. സീസണിലെ  കരുത്തരായ പൂണെയും ഡൽഹിയുമൊക്കെയാണു ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള എതിരാളികൾ എന്നത് ആശങ്ക കൂട്ടുന്നു. ഈ ടീമിനെ എങ്ങനെയാവും ഇനി കോച്ച് കരുത്തരാക്കി മാറ്റുക. കണ്ടറിയണം.

related stories