Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയെ പിടിച്ചുകെട്ടാതെ കേരള ബ്ലാസ്റ്റേഴ്സ്; കൊച്ചിയിലും തോൽവി

vineeth ഗോവ എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സി. കെ. വീനിത് ഗോള്‍ നേടുന്നു ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

കൊച്ചി∙  പോയിന്റ് പട്ടികയിൽ ആദ്യനാലിൽ എത്താമെന്ന ബ്ലാസ്റ്റേഴ്സ് മോഹങ്ങൾ പൊലിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് എഫ്സി ഗോവയ്ക്കെതിരെ 1–2ന്റെ തോൽവി. ഫെറാൻ കോറോമിനാസ് (7), എഡു ബെഡിയ (77) എന്നിവർ ഗോവയ്ക്കുവേണ്ടി ഗോൾ നേടി.  ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സി.കെ. വിനീതിന്റെ ബൂട്ടിൽനിന്ന് ആയിരുന്നു (29).  

ഗോവക്കാർ നന്നായി തയാറെടുപ്പു നടത്തി, പ്രാവർത്തികമാക്കി. അവരുടെ  ഗെയിം പ്ലാൻ വിജയിച്ചു. അതാണ് ഇന്നലത്തെ കളിയുടെ ചുരുക്കം. ബ്ലാസ്റ്റേഴ്സ് നിരയെ മെരുക്കാനുള്ള തന്ത്രങ്ങൾക്കൊപ്പം പന്ത്രണ്ടാമനെ  മെരുക്കാനും  അവർ തയാറെടുപ്പു നടത്തിയിരുന്നു. ചെറുപാസുകളിലൂടെ  പന്തു നിയന്ത്രണത്തിൽ സൂക്ഷിക്കുക. തക്കംകിട്ടുമ്പോൾ മിന്നലാക്രമണങ്ങൾ നടത്തുക. അതു മിനിറ്റുകൾ നീളുന്ന പ്രക്രിയ ആയപ്പോൾ ഗാലറികളിലെ ആരവത്തിരകൾ അടങ്ങി. എവേ മാച്ച് എന്ന പ്രതികൂല ഘടകത്തെ അങ്ങനെ ഗോവ മറികടന്നു.  കളിയിൽ ഗോവയുടെ ആധിപത്യം വളരെ വ്യക്തമായിരുന്നു. പ്രത്യാക്രമണങ്ങളിൽ മഞ്ഞപ്പട ആവേശംകാട്ടിയെങ്കിലും  കൃത്യത കൈവരിക്കാനായില്ല. 

മറുവശത്തു ബ്ലാസ്റ്റേഴ്സിനു മധ്യനിരയിൽ പ്രശ്നങ്ങൾ ധാരാളമുണ്ടായിരുന്നു. മിലൻ സിങ്ങും ജാക്കിചന്ദ് സിങ്ങും തിളങ്ങിയില്ല. ഏകഗോളിനു പന്തു നീട്ടിക്കൊടുത്തു എന്നതൊഴിച്ചാൽ സിയാം ഹംഗലിനു  മധ്യനിര നിയന്ത്രണം സാധ്യമായില്ല. പെക്കുസൻ പതിവുപോലെ പൊരുതിയെങ്കിലും  നീക്കങ്ങൾക്കു ക‍ൃത്യതയുണ്ടായില്ല. രണ്ടാം പകുതിയിൽ വിനീതിനെ ഏക സ്ട്രൈക്കറാക്കി ഇയാൻ ഹ്യൂം മധ്യനിരയിലേക്ക് ഇറങ്ങിക്കളിച്ചു. അതോടെ വിനീതിനു പലവട്ടം പന്തുകിട്ടി. മികച്ച ഗോൾ ശ്രമങ്ങൾ വിനീതിന്റെ ബൂട്ടിൽനിന്നുണ്ടായെങ്കിലും  ഫലം കണ്ടില്ല. 

isl-5

∙ ഗാലറി നിശബ്ദം

ഏതാനും  മൽസരങ്ങളിൽ ഗോളടിക്കാതെ  തിരിച്ചുകയറേണ്ടിവന്ന  ഫെറാൻ കോറോമിനാസ്  എന്ന സ്പാനിഷ് താരം  ഏഴാം മിനിറ്റിൽ ഗാലറിയിൽ ‘സൈലന്റ് മോഡ്’ സൃഷ്ടിച്ചു. നടുവിൽനിന്നു ബ്രാൻഡൻ ഫെർണാണ്ടസ് വലതുവിങ്ങിലേക്കു നീട്ടിയ പന്തിലേക്ക്  അതിവേഗത്തിൽ എത്തിയ മന്ദാർറാവു ദേശായി വണ്ടിയൊഴിഞ്ഞ ദേശീയ പാതയിലെന്നോണം  കുതിച്ചു. മന്ദാർ റാവു എന്ന റേസിങ് കാറിനു പിന്നാലെ  ബ്ലാസ്റ്റേഴ്സ്  പ്രതിരോധം  ആഞ്ഞുപിടിച്ചെങ്കിലും  ഫലമുണ്ടായില്ല. ബോക്സിനകത്തേക്കു  കടന്ന മന്ദാർ പന്ത് കോറോയ്ക്കു പാസ് ചെയ്തു. ആ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ  ജിങ്കാൻ വീണു, തൊട്ടുപിന്നാലെ  ഗോളിയും. പന്തു കാലിൽ കുരുക്കിയ കോറോ ഏതാനും നിമിഷങ്ങൾ  എതിരാളികൾ വീഴുന്നതു നിരീക്ഷിച്ചു. തുടർന്നു പന്തടിച്ചു വലയിലാക്കി (1–0).

isl-4

∙ വീണ്ടും ആവേശം 

ഏഴാം മിനിറ്റിൽ തുടങ്ങിയ ‘സൈലന്റ് മോഡ്’ ഓഫാക്കിയതു വിനീത്. കളിക്കളത്തിന്റെ നടുവിൽനിന്നു  സിയാം ഹംഗലിന്റെ ബൂട്ടിൽനിന്നൊരു  പന്ത് ബോക്സിന്റെ  ഒത്തനടുവിലായിരുന്ന  വിനീതിലേക്ക്. പന്ത് നിയന്ത്രണത്തിലാക്കിയ  മലയാളിതാരം  ഗോവാ ഗോളി ലക്ഷ്മികാന്ത്  കട്ടിമണിയെ  കാഴ്ചക്കാരനാക്കി . പന്തു വലയിൽ. സ്റ്റേഡിയത്തിൽ  ആരവത്തിന്റെ കതിനപൊട്ടി (1–1).

isl-3

∙ നിശബ്ദം, ഒരിക്കൽക്കൂടി 

ബ്രാൻഡൻ ഫെർണാണ്ടസ്  എടുത്ത കോർണർ കിക്കിൽനിന്നാണു  സ്പാനിഷ് താരം എഡ്വാർഡോ ബെഡിയ സ്റ്റേഡിയത്തെ വീണ്ടും നിശബ്ദമാക്കിയ ഗോൾ തൊടുത്തത്.  മിസൈൽപോലെ വന്ന പന്തിലേക്കു  ബെഡിയ തലകൊടുത്തു ചെത്തിവിട്ടപ്പോൾ  അതു വെടിയുണ്ട കണക്കെ രണ്ടാം പോസറ്റിനരുകിൽ അകത്തു പതിച്ചു. ഗോവയ്ക്കു വീണ്ടും ലീഡ് (2–1).

related stories