Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിപ്പ് തുടരാൻ മഞ്ഞപ്പട

blasters-practice ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലനം (ഫയൽചിത്രം)

കൊൽക്കത്ത∙ നിരാശനായിരുന്നു ആഷ്‌ലി വെസ്റ്റ്‌വുഡ്; നിർമമനായി ഡേവിഡ് ജയിംസും. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മീഡിയ സെന്ററിൽ മാധ്യമങ്ങളോടു സംസാരിച്ച കൊൽക്കത്തയുടെയും ബ്ലാസ്റ്റേഴ്സിന്റെയും പരിശീലകരുടെ മുഖഭാവത്തിലുണ്ട് ഇന്നത്തെ കളിയും കാര്യവും. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും കൊൽക്കത്തയ്ക്കു മുന്നേറാൻ മറ്റു ടീമുകൾ കനിയണം. ബാക്കിയുള്ള നാലു കളിയും ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിനു പ്ലേ ഓഫ് പ്രതീക്ഷയും അധികം വേണ്ട. കൊച്ചിയിൽ ഐഎസ്എൽ നാലാം സീസണിന്റെ കിക്കോഫ് മൽസരത്തിൽ സമനിലയിൽ പിരിഞ്ഞ കൊൽക്കത്തയും (എടികെ) കേരള ബ്ലാസ്റ്റേഴ്സും ഇന്നു വീണ്ടും; കിക്കോഫ് രാത്രി എട്ടിന്. 

∙ ബ്ലാസ്റ്റേഴ്സ് ഹാപ്പിയാണ് 

ഇന്നലെ വൈകിട്ടാണു ബ്ലാസ്റ്റേഴ്സ് ടീം കൊൽക്കത്തയിലെത്തിയത്. പരിശീലനത്തിനിറങ്ങിയില്ല. ഇന്നു രാവിലെ ചെറിയ വാം അപിനു ശേഷം വൈകിട്ടു നേരിട്ടു കളത്തിലിറങ്ങാനാണു പദ്ധതി. ആകെ റിലാക്സ്ഡ് മൂഡിലാണു ടീം. സസ്പെൻഷനിലായ ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും കാൽമുട്ടിനു പരുക്കേറ്റ സൂപ്പർ താരം ഇയാൻ ഹ്യൂമും ഇന്നു കളിക്കില്ല. സീസണിൽ ശേഷിക്കുന്ന മൽസരങ്ങളിലൊന്നിലും കളിക്കാൻ ഹ്യൂമിനു സാധിച്ചേക്കില്ലെന്നാണു സൂചന. എങ്കിലും നാട്ടിലേക്കു മടങ്ങാതെ, ടീമിനൊപ്പം ആവേശത്തിരി കത്തിച്ചു ചുറ്റിക്കറങ്ങാനാണു ഹ്യൂമിന്റെ തീരുമാനം. ഏഴു കളിയിൽ ഏഴു പോയിന്റ് മാത്രം നേടാനായ റെനി മ്യൂലൻസ്റ്റീനു കീഴിൽനിന്ന് ഏഴു കളിയിൽനിന്നു 13 പോയിന്റ് നേടിക്കൊടുത്ത ഡേവിഡ് ജയിംസിന്റെ പരിശീലന രീതികളിലേക്കു മാറിയ ബ്ലാസ്റ്റേഴ്സിനു സംഭവിച്ച പ്രധാന വ്യത്യാസവും ഇതു തന്നെ – ടീം ഒറ്റക്കെട്ടായി. പുണെയ്ക്കെതിരെ ‘റൊണാൾഡിഞ്ഞോ’ സ്റ്റൈലിൽ മിന്നൽ ഗോൾ കുറിച്ച സി.കെ. വിനീത് ഫോമിലാണ്. കഴിഞ്ഞ കളിയിൽ തിളങ്ങിയ കോഴിക്കോടുകാരൻ കെ. പ്രശാന്തും ഇന്നു തുടക്കം മുതൽ കളത്തിലിറങ്ങിയേക്കും. 

∙ കൊൽക്കത്തയ്ക്കു വേദന 

സീസണിൽ ഇതുവരെ കൊൽക്കത്തയ്ക്കു നേരിടേണ്ടിവന്നതു 43 പരുക്കുകൾ. കഴിഞ്ഞ വർഷത്തെ ചാംപ്യൻ ക്ലബ്ബിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണവും ഇതാണ്. ഫിറ്റ്നസ് പ്രശ്നംമൂലം പ്രതീക്ഷിച്ച പോലെ  തിളങ്ങാത്ത അയർലൻഡ് ഹീറോ റോബി കീൻ മാധ്യമങ്ങളെ കാണാൻ വിസമ്മതിക്കുകയാണ്. കൊൽക്കത്തയിലെ മാധ്യമങ്ങൾക്കുപോലും കീൻ ഇതുവരെ മുഖം കൊടുത്തിട്ടില്ല. മുപ്പത്തിയേഴുകാരൻ റോബി കീനു പുറമേ, പോർച്ചുഗീസ് മിഡ്ഫീൽഡർ സെക്യൂഞ്ഞ, വെയ്ൽസ് താരം േഡവിഡ് കോട്ടേറിൽ എന്നിവരും പരുക്കുമൂലം ഇന്നു കളിക്കില്ല. കൊൽക്കത്തനിരയിൽ പരുക്കില്ലാതെ ശേഷിക്കുന്നത് അഞ്ചു വിദേശ കളിക്കാർ മാത്രമാണ്. 

∙ ഐഎസ്എൽ ഡാർബി 

മോഹൻ ബഗാൻ – ഈസ്റ്റ് ബംഗാൾ നഗരപ്പോരാട്ടം പോലെയാണു കൊൽക്കത്തയ്ക്ക് ഈ കളിയും. സാൾട്ട്‌ലേക്കിന്റെ ഇരുവശങ്ങളിലുമിരുന്ന് ഈസ്റ്റ് ബംഗാളിനും ബഗാനും വേണ്ടി ആരവമുന്നേറ്റങ്ങൾ തീർക്കുന്ന കൊൽക്കത്തയിലെ ഫുട്ബോൾ സാമ്രാജ്യം ഇന്ന് ഒറ്റക്കെട്ടായി ബ്ലാസ്റ്റേഴ്സിന് എതിരാവും. ഐഎസ്എല്ലിൽ ഏറ്റവുമധികം സംഘടിത ആരാധക സമൂഹമുള്ള ടീമുകളാണു രണ്ടും. ബ്ലാസ്റ്റേഴ്സിന് ആവേശവുമായി മഞ്ഞപ്പടയുടെ ചെറിയ സംഘവും ടീമിനൊപ്പമുണ്ട്. കൊൽക്കത്ത ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആരാധകർ നിലവിട്ടു പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫൈനലിലെ തോൽവിക്കു ‘പകരം വീട്ടാനെത്തുന്ന’ ബ്ലാസ്റ്റേഴ്സിനോടു തോൽക്കുന്നത്, അതിനാൽ കൊൽക്കത്തയ്ക്കു വേദനാജനകമാവും. പകരം ചോദിക്കാനല്ലേ വന്നതെന്ന കൊൽക്കത്ത മാധ്യമങ്ങളുടെ ചോദ്യത്തിനു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസ് ചിരികൊണ്ടു മറുപടി നൽകിയെങ്കിലും കൊൽക്കത്ത അതു പ്രതീക്ഷിക്കുന്നുണ്ട്.