Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്കായിപ്പോയി! അവസരങ്ങൾ പാഴാക്കിയ ബ്ലാസ്റ്റേഴ്സിനു സമനില

blasters-save ചെന്നൈയുടെ ഗോൾ ശ്രമം തടയുന്ന ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ വെസ് ബ്രൗൺ ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

കൊച്ചി ∙ എവേ മാച്ചുകളിൽ  വിജയം നേടി വന്നവർ സ്വന്തം മണ്ണിൽ പെനൽറ്റി കിക്ക് പാഴാക്കി. സ്പോട്ട് കിക്ക് മാത്രമല്ല, ഒട്ടേറെ അവസരങ്ങളും.  ഐഎസ്എൽ നാലാം സീസണിലെ അവസാന ഹോം മാച്ചിൽ വിജയവും മൂന്നു പോയിന്റും  ആഗ്രഹിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിക്കു മുൻപിൽ  ഗോളില്ലാ സമനില വഴങ്ങി.

രണ്ടാം  പകുതിയിൽ  മിഡ്ഫീൽഡർ കറേജ് പെക്കുസനാണ്  പെനൽറ്റി കിക്ക് പാഴാക്കിയത്. മലയാളി താരം സി.കെ. വിനീതിന്റെ ചില ഷോട്ടുകൾ എതിർഗോൾ മുഖം വിറപ്പിച്ചെങ്കിലും  സ്കോർ ബോർഡ് ചലിപ്പിച്ചില്ല. സ്ട്രൈക്കർ ഗുഡ്‌യോൺ ബാൾഡ്‌വിൻസൺ  പലവട്ടം  ഒറ്റയാൾ  പോരാട്ടത്തിലൂടെ  ബ്ലാസ്റ്റേഴ്സിനുവേണ്ടി  ഗോൾ ശ്രമം നടത്തി. പക്ഷേ അദ്ദേഹത്തിന്റെ ദിവസവും  ആയിരുന്നില്ല  ഇന്നലെ. മാർച്ച് ഒന്നിന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ  ബെംഗളൂരു എഫ്സിക്കെതിരെ  മഞ്ഞപ്പടയ്ക്ക് ലീഗ് ഘട്ടത്തിലെ അവസാന മൽസരം.

vineeth-1

ബ്ലാസ്റ്റേഴ്സിനെ  ഗോളിനടുത്തുവരെ  കൊണ്ടുചെന്ന  ബാൾഡ്‌വിൻസൺ നീക്കം 52–ാം മിനിറ്റിൽ ആയിരുന്നു. ബിക്രംജീത് സിങ്ങിനെയും ചെന്നൈ ക്യാപ്റ്റൻ സെറിനോയെയും വെട്ടിച്ചു വേഗത്തിൽ ബോക്സിലേക്കു  കടന്ന ഐസ്‌ലൻഡ് താരത്തെ  വീഴ്ത്തുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല  ജെറി ലാൽറിൻസുവാലയ്ക്ക്.

പിന്നിൽനിന്നു  വീഴ്ത്തുമ്പോൾ ഗോളിക്കും  ബാൾഡ്‌വിൻസനുമിടയ്ക്ക്  ഒരു ഡിഫൻഡർകൂടിയുണ്ടായിരുന്നു.  ന്യൂസീൻഡുകാരൻ  റഫറി മാത്യു കോൺഗർ  പെനൽറ്റി സ്പോട്ടിലേക്കു  വിരൽചൂണ്ടി.  ഗോളെന്ന് ഉറച്ച ആവേശത്തിൽ ഗ്യാലറി കുലുങ്ങി. ഇയാൻ ഹ്യൂമിന്റെ അഭാവത്തിൽ  സ്പോട്ട് കിക്ക് എടുക്കാനെത്തിയതു പെക്കുസൻ. പെക്കുസന്റെ ഷോട്ട് ഇടത്തേക്കു ഡൈവ് ചെയ്തു ഗോളി കരൺജീത് സിങ് തട്ടിയകറ്റി.  കലൂർ സ്റ്റേഡിയം മൂകം. 

Vineeth

ഇനി കളി കണക്കില്‍ മാത്രം

അടുത്ത മൽസരം ബെംഗളൂരു എഫ്സിക്കെതിരെ അവരുടെ  കോട്ടയിൽ  വിജയിക്കുക, ഗോവയും  ജംഷഡ്പൂരും  മുംബൈയും വിജയിക്കരുതേ എന്നു മുട്ടിപ്പായി പ്രാർഥിക്കുക. ഇതിലപ്പുറമൊന്നും  ചെയ്യാനില്ല ബ്ലാസ്റ്റേഴ്സിന്. ഇന്നലത്തെ സമനിലയോടെ ഒരു കളി ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് 25 പോയിന്റിൽ കുരുങ്ങിക്കിടക്കുന്നു. പ്ലേഓഫിലെ നാലാം സ്ഥാനത്തിനു വേണ്ടിയുള്ള മൽസരത്തിൽ ജംഷഡ്പുർ 26 പോയിന്റുമായി തൊട്ടു മുന്നിലുണ്ട്. മുംബൈ 23 പോയിന്റുമായി പിന്നിലും. പക്ഷേ, രണ്ടു ടീമിനും രണ്ടു കളി ബാക്കിയുണ്ട്. മൂന്നു കളി ബാക്കിയുള്ള ഗോവയ്ക്ക് 21 പോയിന്റും.ബ്ലാസ്റ്റേഴ്സിന്റെ നോട്ടം ബെംഗളൂരുവിലേക്കും  പിന്നെ മറ്റുള്ളവരുടെ മൽസരങ്ങളിലേക്കുമാണ്.

related stories