Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് ഐഎസ്എൽ ഫൈനലുകൾ കളിക്കുന്ന താരമെന്ന അപൂർവ നേട്ടത്തിലേക്കു മുഹമ്മദ് റാഫി

rafi

‘തല’യുടെ ആരാധകർ നിറഞ്ഞ നാടിനുവേണ്ടി മുഹമ്മദ് റാഫിയുടെ തല വീണ്ടും അദ്ഭുതം സൃഷ്ടിക്കുമോ? മ‍ൂന്നാം ഐഎസ്എൽ ഫൈനൽ എന്ന ചരിത്ര നേട്ടത്തിനൊരുങ്ങുന്ന മലയാളിതാരം മുഹമ്മദ് റാഫിയോടു ഫുട്ബോൾ പ്രേമികൾ ചോദിക്കുന്നു. ആദ്യ സീസണിൽ എടികെയ്ക്കുവേണ്ടിയും രണ്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടിയും ഫൈനൽ കളിച്ച റാഫി, ഈ സീസണിൽ ചെന്നൈയിൻ എഫ്സി ജഴ്സിയിൽ കലാശക്കളിക്കിറങ്ങുകയാണ്. മൂന്നു സീസണിലും ഫൈനൽ കളിക്കുകയെന്ന അപൂർവനേട്ടം ഈ ഹെഡർ സ്പെഷലിസ്റ്റിനു സ്വന്തമാകുന്നു. ഫൈനൽ പ്രതീക്ഷകളെക്കുറിച്ചു റാഫി പ്രതികരിക്കുന്നു...

? മൂന്ന് ഐഎസ്എൽ ഫൈനലുകൾ. ഭാഗ്യമാണോ പ്രയത്നഫലമാണോ?

രണ്ടുമല്ല. സന്തോഷമാണ്. മൂന്ന് ഐഎസ്എൽ ഫൈനലുകളിൽ ബൂട്ടുകെട്ടി ഇറങ്ങാൻ കഴിയുന്നതു ഭയങ്കര സന്തോഷമുള്ള കാര്യമാണ്. ടീം മുഴുവൻ എടുക്കുന്ന ശ്രമത്തിന്റെ ഫലമാണ് ഈ വിജയങ്ങൾ. ആദ്യ സീസണിൽ കൊൽക്കത്തയ്ക്കുവേണ്ടിയും രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടിയും ഫൈനൽ കളിക്കാനായി. ഓരോ ഫൈനലും ഓരോ അനുഭവമായിരുന്നു. ഈ സീസണിലെ ഫൈനൽ ബെംഗളൂരുവിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിലാണ്. നല്ല ആത്മവിശ്വ‍ാസത്തിലാണു ഞങ്ങൾ.

? ഏതു സീസൺ ആയിരുന്നു ഫേവറ‍ിറ്റ്? മികച്ച ഫൈനൽ മത്സരമേത്?

ആദ്യ സീസണിലെ ഫൈനൽ ഒരിക്കലും മറക്കാൻ കഴിയില്ല. ആദ്യ ചാംപ്യൻമാർ എന്ന നേട്ടം എക്കാലവും ഓർക്കപ്പെടുന്നതാണ്. ആ നേട്ടത്തിന്റെ ഭാഗമായിരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. രണ്ടാം സീസൺ ഫൈനലിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി ഗോൾ നേടാൻ കഴിഞ്ഞതും ഹൃദയം നിറയ്ക്കുന്ന ഓർമയാണ്. ഒരുപാടു വിമർശനങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴായിരുന്നു ആ ഗോൾ. വിമർശിക്കാൻ മാത്രം അറിയാവുന്നവരുടെ വായടപ്പിച്ചു, ആ ഗോൾ.

? വിമർശനങ്ങൾ ക്രൂരമാകുന്നു എന്നു തോന്നിയിട്ടുണ്ടോ?

സ്പോർട്സ്മാൻ സ്പിരിറ്റിനു നിരക്കാത്ത രീതിയിലേക്കു വിമർശനങ്ങൾ തരംതാഴുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. യഥാർഥ ഫുട്ബോൾ ആരാധകർ അല്ലാത്തവരാണു വ്യക്തിപരമായി ടാർജറ്റ് ചെയ്തു വിമർശിക്കുന്നത്. അവർക്കു നല്ല ഫുട്ബോൾ അറിയില്ല. റാഫി ഫോംഔട്ട് ആണെന്നും കളിക്കുന്നില്ലെന്നും ടീമിൽനിന്നു പുറത്തു കളയണമെന്നുമൊക്കെ അവർ സമൂഹമാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞു. ടീം തോറ്റാലും ജയിച്ചാലും കട്ടയ്ക്കു കൂടെ നിൽക്ക‍ുന്നവരാണു യഥാർഥ ആരാധകർ. വിമർശനങ്ങൾ ആരോഗ്യപരമാകണം. ചെന്നൈയിൻ ടീമിൽ ഇത്തരം സമ്മർദങ്ങളില്ല.

? വ്യക്തിപരമായ വിമർശനങ്ങൾ തളർത്തുന്നുണ്ടോ?

ഉണ്ട്. പക്ഷേ, ഞാൻ മാത്രമല്ല ഇത്തരം വിമർശനങ്ങൾക്ക് ഇരയാകുന്നത്. സി.കെ. വിനീതിന്റെ കാര്യം തന്നെ ഉദാഹരണം. വിനീതിനെതിരെയും ചിലർ ഇപ്പോൾ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ഇന്നലെ റാഫി ആയിരുന്നെങ്കിൽ ഇന്നു വിനീത്. അത്രേയുള്ളൂ. അവർക്കു വിമർശിക്കാൻ എപ്പോഴും ആരെയെങ്കിലും കിട്ടണം. വിനീത് ഇത്രകാലം ടീമിനുവേണ്ടി ചെയ്തതെല്ലാം അവർ നിസ്സാരമായി മറക്കും. അടുത്ത സീസണിൽ മറ്റൊരു മലയാളിതാരം വന്നാൽ അയാളോടും ഇതുതന്നെ ചെയ്യും. എല്ലാമത്സരങ്ങളിലും ഗോളടിക്കാൻ കളിക്കാർക്കു കഴിയണമെന്നില്ല. ചില കളികൾ നന്നാകും, ചിലതു മോശമാകും. ഇതു തിരിച്ചറിയാൻ കഴിയുമ്പോൾ വിമർശകർ ആരാധകരായി മാറും.