Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്കൊരു സന്തോഷ വാർത്ത; ഹ്യൂമേട്ടൻ ബ്ലാസ്റ്റേഴ്സിലേക്കു മടങ്ങിവരുന്നു!

Iain-Hume

കൊച്ചി ∙ മലയാളികളുടെ ഹ്യൂമേട്ടാ... വിളികൾക്കുത്തരം നൽകാൻ ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിലേക്കു തിരിച്ചെത്തുന്നു. അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുമായി രണ്ടു സീസൺ നീണ്ട ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെയാണ് കാനഡക്കാരനായ ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സിലേക്കു മടങ്ങിവരുന്നത്. കേരളാ ബ്ലാസ്റ്റേഴ്സ് അധികൃതർ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു സീസണുകളിൽ കൊൽക്കത്ത താരവും പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വീരനായകനുമായിരുന്നു ഇയാൻ ഹ്യൂം.

കേരളത്തിന്റെ ആവേശം, ഹ്യൂമേട്ടൻ

ഇയാൻ ഹ്യൂം വെറുമൊരു കളിക്കാരൻ മാത്രമായിരുന്നില്ല കേരളത്തിന്. ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ആരാധകർ നെഞ്ചേറ്റിയപ്പോൾ ഏറ്റവും കൂടുതൽ സ്നേഹം ലഭിച്ചത് ഈ മൊട്ടത്തലയനായിരുന്നു. അന്നു ഹ്യൂമിന്റെ വീരകഥകളാണ് ഏറ്റവും കൂടുതൽ ആരാധകർ പങ്കുവച്ചത്. ഹ്യൂം അവർക്കു ഹ്യൂമേട്ടനായിരുന്നു. തിരിച്ചു ഹ്യൂമും കേരളത്തെ സ്നേഹിച്ചു. ഒരു ചിത്രമെടുക്കാൻ ആരാധകർ ഹ്യൂമിനു പിന്നാലെ നടന്നു. പറ്റുമ്പോഴൊക്കെ ആരാധകർക്ക് അരികിലേക്ക് എത്താൻ ഹ്യൂമും സമയം കണ്ടെത്തി.

രണ്ടാം സീസണിൽ കൊൽക്കത്തയിലേക്കു കൂടുമാറിയെങ്കിലും കേരളത്തിലേക്കു തിരിച്ചെത്താനുള്ള തന്റെ ആഗ്രഹം ഹ്യൂം എപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരുന്നു. കിട്ടുന്ന സമയത്തൊക്കെ ഹ്യൂം കൊച്ചിയിലേക്ക് എത്തിയിരുന്നു. ലീഗ് ഘട്ടത്തിൽ കൊൽക്കത്തയിൽ കളിക്കാനെത്തിയ കേരള ടീമിന്റെ അടുത്തേക്ക് ഓടിയെത്തി സ്നേഹം പങ്കുവച്ചതു മത്സരത്തിന്റെ രണ്ടുദിവസം മുൻപു മാത്രം. വേറൊരു കളിക്കാരനും ചെയ്യാത്ത സാഹസം. രണ്ടാം സീസണിൽ മറ്റൊന്നു കൂടി ചെയ്തു ഹ്യൂമേട്ടൻ. കൊച്ചിയിൽ നടന്ന കേരളത്തിന്റെ അവസാന ലീഗ് മത്സരം കാണാൻ ഹ്യൂം പറന്നെത്തി. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പോലും ഞെട്ടിപ്പോയിട്ടുണ്ടാകും മുന്നേറ്റനിരക്കാരനായ ഹ്യൂമിന്റെ അപ്രതീക്ഷിത നീക്കത്തിൽ.

മൂന്നാം സീസണിലും ഹ്യൂം കൊച്ചിയിലെത്തി. കേരളത്തോടുള്ള സ്നേഹം പങ്കുവച്ചു. ഇത്രയേറെ സ്നേഹിക്കുന്ന ടീമായതു കൊണ്ടാണോയെന്നറിയില്ല, ഐഎസ്എല്ലിന്റെ ഈ ഗോൾവേട്ടക്കാരനു മുന്നിൽ കേരളത്തിന്റെ പോസ്റ്റ് അടഞ്ഞുതന്നെ കിടക്കുന്നു. ഒരു ഗോൾ പോലും കേരളത്തിന്റെ വലയിലെത്തിക്കാൻ ഹ്യൂം എന്ന ഗോളടിക്കാരനു കഴിഞ്ഞിട്ടില്ല. ആദ്യ സീസണിൽ കേരളത്തിനു വേണ്ടി 16 മത്സരങ്ങളിലിറങ്ങിയ ഹ്യൂം അഞ്ചു ഗോളുകൾ സ്വന്തം പേരിലാക്കി. ഇതിൽ കൊൽക്കത്തയ്ക്ക് എതിരെ നേടിയ രണ്ടു ഗോളുകളുമുണ്ട്. രണ്ടാം സീസണിൽ കൊൽക്കത്തയ്ക്കു വേണ്ടിയിറങ്ങി എതിരാളികളുടെ ഗോൾവല 11 പ്രാവശ്യം ചലിപ്പിച്ചു. അപ്പോഴും കേരളത്തിനെതിരെ ഹ്യൂമിന്റെ ബൂട്ടുകൾ നിശ്ശബ്ദമായിരുന്നു. മൂന്നാം സീസണിലും തന്റെ മികവ് ആവർത്തിച്ച ഹ്യൂം ഏഴു ഗോളുകളാണു നേടിയത്. ഇതിനിടയിൽ ഐഎസ്എല്ലിലെ ടോപ്സ്കോററുമായി. ലീഗ് ഘട്ടത്തിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ഹ്യൂം ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ അടിച്ചില്ല. ഫൈനൽ പോരാട്ടത്തിലും ഹ്യൂമിനു സ്കോർ ചെയ്യാനായില്ല.

നാലാം സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് ടീം തയാറെടുക്കുമ്പോൾ ആരാധകർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നത് ഈ കനേഡിയൻ താരത്തെ കേരളത്തിലേക്ക് എത്തിക്കണമെന്നാണ്. കേരളത്തിനു നഷ്ടപ്പെടുത്താനാകുന്നില്ല ഹ്യൂമെന്ന ഫുട്ബോളറെ....

ബ്ലാസ്റ്റേഴ്സ് അനുഭവത്തെക്കുറിച്ച് ഹ്യൂം

‘ഐഎസ്എല്ലിലെ ഏറ്റവും മികച്ച കാണികൾ മലയാളികളാണ്. കാനഡയിൽ ആയിരുന്നപ്പോഴേ പല ഇന്ത്യക്കാരുമായും സൗഹൃദമുണ്ടായിരുന്നു. ഇന്ത്യയെക്കുറിച്ച് അവരിൽ പലരും വിവരിച്ചുതന്നിരുന്നു. പക്ഷേ ഇവിടെ എത്തിയപ്പോൾ കേട്ടതിൽനിന്നു തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. അതിനു കേരളത്തോടു നന്ദിപറയുന്നു. ഐഎസ്എൽ ആദ്യപതിപ്പിനായി ജീവിതം കേരളത്തിലേക്കു പറിച്ചു നട്ടപ്പോൾ അതു മറ്റൊരു കൂടുമാറ്റം എന്നേ കരുതിയുള്ളൂ. പക്ഷേ കലൂരിലെ സ്റ്റേഡിയത്തിൽ, അര ലക്ഷത്തിലേറെ കാണികൾക്കു നടുവിൽ ബൂട്ടുകെട്ടി ഇറങ്ങിയപ്പോൾ ജീവിതത്തിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ത്രസിപ്പിക്കുന്ന നിമിഷമായതു മാറി. എന്തായിരുന്നു ആരവം... അഞ്ചടി അപ്പുറത്തു നി‍ൽക്കുന്ന പിയേഴ്സൻ പറയുന്നതെന്തെന്നു കേൾക്കാനാകുന്നില്ല. കാതടപ്പിക്കുന്ന ആരവം. മലയാളികൾ എന്നെ ഹ്യൂമേട്ടൻ എന്നാണു വിളിക്കുന്നതെന്ന് അറിയാം. സന്തോഷമുണ്ട്. ആ വിളിയിൽ എന്നോടുള്ള സ്നേഹമുണ്ട്. അതൊരു ബഹുമതിയായി കരുതുന്നു.’