Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വരികൾ അച്ചട്ടായി; ‘ചെന്നൈയിൽ ചെന്നു നെഞ്ചു വിരിക്കണം...’

Vineeth-Kalippu

ചെന്നൈ ∙ ഈ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇത്രയധികം ആവേശത്തിലാഴ്ത്തിയ മറ്റൊരു നിമിഷമുണ്ടാകുമോ? ബദ്ധവൈരികളായ ചെന്നൈയിൻ എഫ്സിയുടെ മടയിൽച്ചെന്ന് അവരെ നേരിടുകയാണ് ബ്ലാസ്റ്റേഴ്സ്. മികച്ച അവസരങ്ങൾ ഏറെ ലഭിച്ചെങ്കിലും ലക്ഷ്യം കാണുന്നതിൽ താരങ്ങളൊന്നൊന്നായി പരാജയപ്പെടുന്നു. ജാക്കിചന്ദ് സിങ് നഷ്ടമാക്കിയ സുവർണാവസരമൊക്കെ അവിശ്വസനീയതയോടെയാണ് ആരാധകർ കണ്ടിരുന്നത്. രണ്ടാം പകുതിയിലും വ്യത്യസ്തമായില്ല കാര്യങ്ങൾ.

പുരോഗമിക്കുന്തോറും വിരസമായിക്കൊണ്ടിരുന്ന മൽസരത്തിന് ജീവൻ വച്ചത് പെട്ടെന്നാണ്. ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഫ്രാൻസിസ്കോ ഫെർണാണ്ടസിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തിൽ പന്ത് ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ ദേഹത്തു തട്ടുന്നു. അത് കയ്യിലാണെന്ന് തെറ്റിദ്ധരിച്ച റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധവുമായി റഫറിയെ പൊതിഞ്ഞു. ഗാലറിയിലെ വലിയ സ്ക്രീനിൽ റീപ്ലേ കാണാൻ ജിങ്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ചുനിന്നു. പെനൽറ്റി എടുക്കാനെത്തിയ സ്ലോവേനിയൻ താരം മിഹേലിക്കിന് പിഴച്ചില്ല. റച്ചൂബ്കയുടെ പ്രതിരോധം തകർത്ത് പന്ത് വലയിൽ.

സ്റ്റേഡിയത്തിലും ടിവിയിലുമായി കളി കണ്ടിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധരുടെ ചങ്കുലഞ്ഞ നിമിഷം. റഫറിയുടെ മണ്ടത്തരത്തിൽനിന്ന് പിറന്ന ഗോളിലൂടെയൊരു തോൽവി, അതും ചെന്നൈയിൻ എഫ്സിക്കെതിരെ, അത് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു അവർക്ക്. കളി തീരാൻ പിന്നെ അവശേഷിക്കുന്നത് മിനിറ്റുകൾ മാത്രം. ഇൻജുറി ടൈമിൽ പന്ത് കൈവശം വച്ചും പുറത്തേക്കടിച്ചും സമയം കളയാനായിരുന്നു ചെന്നൈയിൻ താരങ്ങളുടെ ശ്രമം. കളിയുടെ സ്പിരിറ്റിനു ചേരാത്ത ഈ ‘കളി’ ആരാധകരെ പ്രകോപിതരാക്കിയെന്ന് പ്രത്യേകം പറയേണ്ടല്ലോ.

blasters-ck നോർത്ത് ഈസ്റ്റിനെതിരെ സികെ വിനീതിന്‍റെ പറക്കും ഗോൾ.ചിത്രം: ഐഎസ്എൽ

ഈ കലിപ്പത്രയും ആരാധകരുടെ മനസ്സിൽ നിറഞ്ഞു തൂവുമ്പോഴാണ് ആ സുന്ദരനിമിഷം പിറക്കുന്നത്. കളി തീരാൻ അപ്പോൾ ഒരു മിനിറ്റുപോലും ബാക്കിയില്ല. സൈഡ് ലൈൻ കടന്നുപോയ പന്ത് വച്ചുതാമസിപ്പിച്ച ചെന്നൈയിൻ കളിക്കാരോട് കയർത്ത് ബ്ലാസ്റ്റേഴ്സ് താരം പന്ത് ത്രോ ചെയ്യുമ്പോൾ ചെന്നൈയിൻ ബോക്സിലേക്ക് ഓടിക്കയറുന്ന തിരക്കിലായിരുന്നു മറ്റു താരങ്ങൾ.

ചെന്നൈയിൻ ബോക്സിന്റെ വലതുഭാഗത്തേക്ക് നിരങ്ങിയെത്തിയ പന്ത് പിടിച്ചെടുക്കാൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ കുതിച്ചെത്തുമ്പോൾ തടയാൻ ഒപ്പത്തിനൊപ്പമെന്നവണ്ണം ചെന്നൈയിന്റെ പ്രതിരോധനിര താരമുണ്ടായിരുന്നു. പുറത്തേക്ക് പോകാനൊരുങ്ങിയ പന്തിനെ മികച്ചൊരു സ്ലൈഡിങ്ങിലൂടെ പിടിച്ചെടുത്ത ജിങ്കാൻ ചെന്നൈയിൻ പോസ്റ്റിന് സമാന്തരമായ പന്തു പായിക്കുമ്പോൾ ബോക്സിനുള്ളിൽ സിഫ്നിയോസും വിനീതുമുണ്ടായിരുന്നു. തടയാൻ ചെന്നൈയിൻ പ്രതിരോധവും. സിഫ്നിയോസിന് കാലുവയ്ക്കാനാകും മുൻപ് കടന്നുപോയ പന്ത് ഓടിയെത്തിയ വിനീതിന് കാൽപ്പാകത്തിലായിരുന്നു. ആ നിമിഷത്തിന്റെ സമ്മർദ്ദമത്രയും അന്തരീക്ഷത്തെ ചൂഴ്ന്നുനിൽക്കെ, വിനീതിന്റെ ബൂട്ടുകൾക്ക് അപാരശക്തി കൈവന്നു. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട കരൺജീത് സിങ്ങിനെ കാഴ്ചക്കാരനാക്കി വിനീത് പന്തടിച്ച് വലയിൽ കയറ്റി.

Blasters ചെന്നൈയിനെതിരെ ഗോൾ നേടിയ ശേഷം ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ.ചിത്രം: ഐഎസ്എൽ

കളത്തിനു പുറത്ത്, ബ്ലാസ്റ്റേഴ്സ് തീം സോങ്ങിലെ ആ വരികൾക്ക് കൂടുതൽ അർഥം കൈവന്നപോലെ...

‘‘ചെന്നൈയിൽ ചെന്ന് നെഞ്ചു വിരിക്കണം...’’

തട്ടു കട്ടി, ശക്തരായി

ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരം ഏറ്റവുമധികം ശ്രദ്ധേയമാകുന്നത് ഒറ്റ കാര്യത്തിലാണെന്ന് നൂറു വട്ടം! ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോള്‍ നേടാനാകാതെ കുഴങ്ങിയ ബ്ലാസ്റ്റേഴ്സ് ഇങ്ങോട്ടൊരു തട്ടു കിട്ടിയപ്പോൾ ഉണർന്നെണീൽക്കുന്ന കാഴ്ച അവിസ്മരണീയമായിരുന്നു. മധ്യനിര തീർത്തും നിറംമങ്ങിയ മൽസരത്തിൽ പക്ഷേ, പന്തടക്കത്തിൽ മേധാവിത്തം നേടിയിട്ടും ചെന്നൈയിനെ ഗോളടിക്കാൻ വിടാതെ കടുകട്ടിക്കോട്ട തീർത്ത ഡിഫൻഡർമാർക്ക് നിറയെകിട്ടി കയ്യടി.

ISL ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയ ചെന്നൈ താരങ്ങളുടെ ആഹ്ലാദം. ചിത്രം: ഐഎസ്എൽ

അല്ലെങ്കിലും, എവേ ഗ്രൗണ്ടു പോലും സ്വന്തം ഗ്രൗണ്ടാക്കി ആർത്തിരമ്പുന്ന മഞ്ഞക്കടലിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് തോൽക്കുന്നതെങ്ങനെ. ആ ആരവത്തിൽ നിന്ന് കിട്ടിയ ഊർജമാകണം ക്യാപ്റ്റൻ സന്ദേശ് ജിങ്കാനിൽ നിന്ന് വന്ന മനോഹരമായ ക്രോസ് പോസ്റ്റിലേക്ക് തട്ടിയിടാൻ പാകത്തിൽ കണ്ണൂരിന്റെ സ്വന്തം സി.കെ. വിനീതിനെ കൃത്യസ്ഥാനത്തു കൊണ്ടുനിർത്തിയത്.

അടിക്കു തിരിച്ചടി

സ്‍ലോവേനിയൻ താരം റെനെ മിഹേലിന്റെ പെനൽറ്റി ഗോളിലാണ് ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈയിൻ മുന്നിലെത്തിയത്. എന്നാൽ മത്സരത്തിന് ചന്തം ചാർത്തിയ ഗോള്‍ അതായിരുന്നില്ല. അടി കിട്ടിയാൽ തിരിച്ചടിക്കാതെ മഞ്ഞപ്പടയ്ക്കു മടങ്ങാനുമാകില്ലല്ലോ. അതിനുള്ള ഉത്തരമായിരുന്നു 94-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയ ‘മാജിക് ഗോൾ’. ചെന്നൈയിൻ പ്രതിരോധത്തെ മറികടന്നെത്തിയ പന്തിൽ ജിങ്കാൻ തൊടുത്ത ക്രോസ് ഗോളിലേക്ക് വഴിമാറ്റുകയായിരുന്നു വിനീത്. ചെന്നൈയിൻ ഗോളിക്ക് ആ സമയം പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഗോൾ പോസ്റ്റിന് മുകളിലേക്ക് ആവേശം കുത്തി നിറച്ച കാൽപ്പന്ത് തുളച്ചുകയറുമ്പോൾ, ചെന്നൈയുടെ ആകാശത്ത് ആവേശം ഉയർന്നുപൊങ്ങുകയായിരുന്നു.

കഴിഞ്ഞ സീസണിനു സമാനമായ ഫോമിലേക്കുയരുന്നതിന്റെ പാത കൂടിയാണ് ചെന്നൈയിനെതിരായ ഗോളിലൂടെ വിനീത് കാണിച്ചുതന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിനീത് പറന്നു നേടിയ ഗോളും ആരാധകർ മറന്നുകാണില്ല. ഈ ഗോളോടെ ഇന്ത്യൻ വാൻപേഴ്സിയെന്നുവരെ വാഴ്ത്തപ്പെട്ടു, ഈ കണ്ണൂരുകാരൻ. കഴിഞ്ഞ സീസണില്‍ ഒമ്പത് മത്സരം മാത്രം കളിച്ച വിനീത് അഞ്ചു ഗോളുകളുമായാണ് മടങ്ങിയത്. ടൂർണമെന്റിൽ ഗോളടിയുടെ കാര്യത്തിൽ മൂന്നാമതും ഏറ്റവുമധികം ഗോളടിച്ച ഇന്ത്യൻ താരമെന്ന നേട്ടവും വിനീതിന് സ്വന്തം. എന്തായാലും നിലവിലെ ഫോം വിനീത് തുടർ‌ന്നാൽ കേരളത്തിന് ഗോളടിക്കാൻ മറ്റൊരാളെ തേടേണ്ട ആവശ്യം വരുമെന്നു തോന്നുന്നില്ല. മുന്നേറ്റ നിരയ്ക്ക് പന്തെത്തിക്കാൻ ആളുണ്ടായാൽ മാത്രം മതി.

ഇത് ക്യാപ്റ്റൻ കൂളല്ല, മാസ്!

24 വയസു മാത്രമുള്ള സന്ദേശ് ജിങ്കാന് കേരളത്തിന്റെ ക്യാപ്റ്റൻ ബാൻഡ് അണിയിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചപ്പോൾ കട്ട സപ്പോർട്ടായിരുന്നു ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ മുഖമായ പ്രതിരോധക്കോട്ടയുടെ അമരക്കാരനെയല്ലാതെ മറ്റാരെയാണ് ആ ചുമതല ഏൽപ്പിക്കുക? ക്യാപ്റ്റന്റെ ഉത്തരവാദിത്വങ്ങൾ നല്ല രീതിയിൽ നിറവേറ്റുന്ന ജിങ്കനെ വീഴ്ത്താതെ ഗോൾ നേടാനാകില്ലെന്ന അവസ്ഥയാണ് എതിരാളികൾക്ക്. പെസിച്ചും വെസ് ബ്രൗണും റിനോയുമെല്ലാം ചേരുമ്പോൾ ജിങ്കാന് കാര്യങ്ങൾ കൂടുതൽ‌ എളുപ്പമാകുന്നു.

റഫറിയുടെ തീരുമാനത്തിലെ പിഴവെന്ന് സർവ്വരും പഴിക്കുമ്പോഴും ജിങ്കാന് അത് അംഗീകരിക്കാനാകുമായിരുന്നില്ല. ബ്ലാസ്റ്റേഴ്സിനെതിരെ ചെന്നൈയിൻ ആദ്യ ഗോൾ നേടിയപ്പോൾ അറിയാതെയെങ്കിലും അതിൽ സ്വന്തം പിഴവറിഞ്ഞ ക്യാപ്റ്റന്, ഗോളിലൂടെ തന്നെ പ്രാശ്ചിത്തം ചെയ്യണമായിരുന്നു. സി.കെ. വിനീതിന് ഗോൾപാകത്തിൽ നൽകിയ ക്രോസിലൂടെ ആരാധകരുടെ ജിങ്കാൻ ആ മോഹവും നിറവേറ്റി.

പ്രതിഷേധവുമായി റെനെ

റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ ലീഡ് വഴങ്ങേണ്ടി വന്നതിന്റെ കലിപ്പ് പ്രകടമാക്കിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ പത്രസമ്മേളനത്തിനെത്തിയത്. റഫറിമാരുടെയും ലൈന്‍മാൻമാരുടെയും നിലവാരമില്ലായ്മ അടിയന്തരമായി പരിശോധിക്കണമെന്നായിരുന്നു റെനെയുടെ ആവശ്യം. പല തവണയായി അവരുടെ വീഴ്ചകൾ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് വ്യക്തമാക്കി. ചെന്നൈയിനെതിരായ മത്സരത്തിൽ ഗോൾ കീപ്പർ പോൾ റെച്ചൂബ്ക ഗ്രൗണ്ടിലെ കുഴിയിൽ വീണ സംഭവം ഞെട്ടിച്ചുവെന്നും റെനെ കൂട്ടിച്ചേർത്തു.