Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയൽക്കാരെ തോൽപ്പിക്കണം, മറ്റുള്ളവരുടെ കരുണയും വേണം ബ്ലാസ്റ്റേഴ്സിന്!

berba-blasters-1

ഇനി രണ്ടു ഡെർബികൾ. നിലനിൽപ്പിന്റെ ചൂടറിയുന്ന രണ്ടു പോരാട്ടങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എൽ നാലാം സീസണിൽ ഇനി നേരിടാൻ‌ പോകുന്നതു രണ്ടു അയൽക്കാരെത്തന്നെ – ചെന്നൈയും ബെംഗളൂരുവും. രണ്ടിലും ജയിച്ചാൽ മാത്രം പോര മറ്റു ടീമുകളുടെ വിജയ പരാജയങ്ങളും കേരള ബ്ലാസ്റ്റേഴ്സിന്റെ നോക്ക്ഔട്ട് പ്രവേശനത്തെ തീരുമാനിക്കുന്ന ഘടകങ്ങൾ. ഐഎസ്എല്ലിന്റെ ചെറു ചരിത്രത്തിൽ ചെന്നൈയിൻ–കേരള മത്സരം എന്നും സംഭവബഹുലം തന്നെ. ഐഎസ്എല്ലിലെ പുതിയ എൻട്രി ബെംഗളൂരു എഫ്സിയുമായുള്ള മത്സരം ആരാധക പോരാട്ടം കൊണ്ടും ശ്രദ്ധേയം 

സംഭവം കളർ

കേരളം–ചെന്നൈ പോരാട്ടം എന്നും സംഭവങ്ങൾ നിറഞ്ഞതു തന്നെ. ആദ്യ സീസണിന്റെ ഒന്നാം പാദ സെമിഫൈനലിൽ കേരളവും ചെന്നൈയും തമ്മിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോഴാണ് ഐഎസ്എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും സുന്ദരമായ ഗോളുകളിൽ ഒന്നു പിറന്നത്. കേരളത്തിന്റെ സ്വന്തം സുശാന്ത് മാത്യുവിന്റെ ഇടംകാലിൽ നിന്നു പറന്നുയർന്ന മഴവിൽ കിക്ക് ഐഎസ്എൽ ഉള്ളകാലത്തോളം മലയാളി മനസ്സിലുണ്ടാകും. സ്നേക്ക് ആക്‌ഷനുമായി ഗാലറിയിൽ നൃത്തം ചവിട്ടിയിരുന്ന ചെന്നൈയിൻ ഉടമ അഭിഷേക് ബച്ചനെ ആരാധകർ നിശ്ശബ്ദരാക്കിയതും ഇതേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിലേക്കു നീങ്ങിയ മത്സരത്തിൽ കേരളത്തിനായി സ്റ്റീഫൻ പിയേഴ്സൺ നേടിയ സുന്ദരൻ ഗോൾ അഭിഷേക് ബച്ചന്റെ ഡാൻസ് നിർത്താൻ മാത്രമല്ല ചെന്നൈയ്ക്കും പുറത്തേക്കുള്ള വഴി തെളിച്ചതുമായിരുന്നു.

മൂന്നാം സീസണിൽ കേരളത്തേയും ആരാധകരെയും വെല്ലുവിളിച്ച ചെന്നൈയിൻ പരിശീലകൻ മാർക്കോ മറ്റരാസിക്കു മുൻപിൽ ഒരു നൂറു സിദാന്മാരെ അവതരിപ്പിച്ചാണ് ആരാധകർ പകരം ചോദിച്ചത്. ഗാലറി നിറയെ സിനദിൻ സിദാന്റെ മുഖംമൂടികളുമായി കളി കാണാനെത്തിയ ആരാധകരെക്കുറിച്ചുള്ള വാർത്തകൾ രാജ്യാന്തര തലത്തിൽ വരെയെത്തി. ഈ സീസണിലും സ്ഥിതി വ്യത്യസ്തമല്ല. സി.കെ. വിനീതെന്ന മലയാളികളുടെ സികെ 13ന്റെ അവസാന മിനിറ്റ് ഗോളിലൂടെ ചെന്നൈയിൻ ‌എഫ്സിയെ ഞെട്ടിച്ചാണു കേരളത്തിന്റെ എവേ മത്സരം കടന്നുപോയത്.

റഫറിയുടെ തെറ്റായ തീരുമാനത്തിലുടെ 89–ാം മിനിറ്റിൽ വഴങ്ങേണ്ടി വന്ന പെനൽറ്റിയുടെ കയ്പ് സി.കെ. വിനീതിന്റെ 94–ാം മിനിറ്റിലെ ഗോളിലൂടെ ഇല്ലാതാക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. ക്യാപ്ടൻ സന്ദേശ് ജിങ്കാന്റെ തോളിൽക്കൊണ്ട ബോൾ ഹാൻഡ് ബോളായി വിധിച്ചു റഫറി പ്രജ്ഞാൽ ബാനർജി പെനൽറ്റി അനുവദിക്കുകയായിരുന്നു. എന്നാൽ അവസാന മിനിറ്റിൽപ്പോലും പോരാട്ടത്തിന്റെ വിസ്ഫോടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു സമനില നേടി. ഗോളിനു വഴിയൊരുക്കിയതും ക്യാപ്ടൻ ജിങ്കാൻ തന്നെ. 23നു ചെന്നൈയിൻ കൊച്ചിയിൽ എത്തുമ്പോഴും ആരാധകർ പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള വാശിയേറിയ പോരാട്ടം തന്നെ. സെമിഫൈനൽ ഉറപ്പിക്കാൻ ജയത്തിൽ കുറഞ്ഞൊന്നും മതിയാകാത്ത ഇരു ടീമുകളും കലൂരിലെ പുൽത്തകിടിയിൽ ബൂട്ടുകെട്ടിയിറങ്ങുമ്പോൾ ആവേശം ആകാശം കടക്കുമെന്നു തീർച്ച. 

ആരാധകർക്കു വേണം ജയം, ടീമിനും

ബെംഗളൂരു എഫ്സിയുമായുള്ള ഐഎസ്എൽ പോരാട്ടത്തിലെ ജയം ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പടയ്ക്ക് അഭിമാനത്തിന്റെ വീണ്ടെടുക്കൽ കൂടിയാകും. ഈ ഐഎസ്എൽ സീസൺ തുടങ്ങും മുൻപെ തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പടയും ബെംഗളൂരു ആരാധകരായ വെസ്റ്റ്ബ്ലോക് ബ്ലൂസും ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയിൽ എത്തിയിരുന്നു. ഐഎസ്എല്ലിലെ ഏറ്റവും വലിയ കാണിക്കൂട്ടമായ മഞ്ഞപ്പടയും ഏറ്റവും സംഘടിതമായ കാണിക്കൂട്ടമായ വെസ്റ്റ്ബ്ലോക് ബ്ലൂസും തമ്മിൽ ചില ഉരസലുകളുമുണ്ടായി. കൊച്ചിയിൽ ആർത്തിരമ്പിയ മഞ്ഞക്കടലിനു മുൻപിൽ പക്ഷേ, പുതുവർഷത്തലേന്നു ബെംഗളൂരുവിന്റെ നീലപ്പട നിറഞ്ഞു ചിരിച്ചു. സൂപ്പർ താരം മികുവിന്റെ ഇരട്ട ഗോളുകളും ക്യാപ്ടൻ സുനിൽ ഛേത്രിയുടെ ഗോളും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചു തകർത്തു. കറേജ് പെക്കൂസൻ നേടിയ ആശ്വാസ ഗോൾ മാത്രമായിരുന്നു കേരളത്തിന്റെ സമ്പാദ്യം. 3–1നു ജയിച്ചു വൈക്കിങ് ക്ലാപ്പുമായി ഗാലറിയിലെ ആരാധകർക്കു മുന്നിൽ നിറഞ്ഞു ചിരിച്ചു നിന്ന ബെംഗളൂരു, ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പുതുവർഷാഘോഷമാണ് ഇല്ലാതാക്കിയത്.

മാർച്ച് ഒന്നിനു ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലേക്കു കേരളമെത്തുന്നത് ഇതിനെല്ലാം പകരം ചോദിക്കാൻ കൂടിയാണ്. ഇപ്പോൾത്തന്നെ സെമിഫൈനൽ യോഗ്യത നേടിക്കഴിഞ്ഞ ബെംഗളൂരുവിനെതിരെ ജയിക്കാതെ കേരളത്തിനു ടൂർണമെന്റിൽ മുന്നോട്ടു പോകാനുമാവില്ല. കൊച്ചിയിൽ ബെംഗളൂരുവിനെതിരെയുള്ള തോൽവിക്കു പിന്നാലെയാണു പരിശീലകനായിരുന്ന മ്യൂലസ്റ്റീന്റെ പണി പോയത്. ഇപ്പോൾ ആരാധകരുടെ പ്രതീക്ഷയെല്ലാം കിങ് ഡിജെയെന്ന ഡേവിഡ് ജയിംസിലാണ്. 

കിങ് ഡിജെ

രണ്ടാം സീസൺ പോലെയായിരുന്നു നാലാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ്. മോശം പ്രകടനത്തിന്റെ പേരിൽ ഇടയ്ക്കു പരിശീലകൻ മാറുന്നു. രണ്ടാം സീസണിൽ കേരളം ഐഎസ്എൽ പോരാട്ടം അവസാനിപ്പിച്ചത് അവസാനക്കാരായാണ്. എന്നാൽ നാലാം സീസണിൽ കാര്യങ്ങൾ വ്യത്യാസമായി. ഒത്തിണക്കമില്ലാതെയും സമനിലക്കുരുക്കിലും വലഞ്ഞ ടീമെന്ന ദുഷ്പേരോടെ നാലാം സീസൺ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവുമായുള്ള 3–1ന്റെ തോൽവിക്കു പിന്നാലെ പരിശീലകൻ റെനൈ മ്യൂലസ്റ്റീനെ പുറത്താക്കി. രണ്ടാം സീസണിലെ പീറ്റർ ടെയ്‌ലറിന്റെ വഴി തന്നെ റെനൈയ്ക്കും പോകേണ്ടി വന്നു. എന്നാൽ രണ്ടാം സീസൺ പോലെ നാലാം സീസണിൽ കേരളം തകർന്നടിഞ്ഞില്ല. പകരമെത്തിയ ഡേവിഡ് ജയിംസ് എന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പരിശീലകൻ കാര്യങ്ങൾ ശരിയാക്കിത്തുടങ്ങി.

ഡേവിഡ് ജയിംസിന്റെ കീഴിൽ ഒൻപതു മത്സരങ്ങൾ കളിച്ചതിൽ അഞ്ചിലും കേരളം ജയിച്ചു. തോൽവി രണ്ടിൽ മാത്രം. രണ്ടെണ്ണം സമനിലയിൽ പിരിഞ്ഞു. കേരളത്തിന് ഇപ്പോഴുള്ള 24ൽ 17 പോയിന്റും ഡേവിഡ് ജയിംസ് പരിശീലകനായ ശേഷം ലഭിച്ചതാണ്. ടീമിനെ ഒറ്റ യൂണിറ്റാക്കിയെടുക്കാൻ ഡേവിഡിനു സാധിച്ചു. പരുക്കു ടീമിനെ കാര്യമായി വലച്ചപ്പോഴും കയ്യിലുള്ള വിഭവങ്ങൾ വച്ചു ഡേവിഡ് അത്ഭുതങ്ങൾ കാട്ടി. ആരാധകർ ഡേവിഡിനെ പുതിയ പേരിട്ടു വിളിച്ചു തുടങ്ങി– കിങ് ഡിജെ. സാമൂഹിക മാധ്യമങ്ങളിലും സജീവമായ ഡിജെ ടീമിന്റെ ഓരോ പ്രതീക്ഷയും ആരാധകരിലേക്ക് എത്തിച്ചു. കൂടാതെ ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെ ഓരോ ചലനങ്ങൾക്കും തന്റെ ട്വിറ്ററിലൂടെ പിന്തുണ നൽകി. കാൽപ്പന്തിനെ സ്നേഹിക്കുന്ന ഫുട്ബോൾ ആരാധകരുടെ മനസ്സ് മടങ്ങിവരവിലും ഡിജെ സ്വന്തമാക്കി. 

ജയം മാത്രം ലക്ഷ്യം

രണ്ടു കളികളിലും ജയിച്ചാൽ 30 പോയിന്റാണു കേരളത്തിനു ലഭിക്കുക. ജംഷഡ്പുർ, ചെന്നൈ, മുംബൈ, ഗോവ ടീമുകളും നോക്കൗട്ടിലേക്കു പോയിന്റ് എണ്ണി ഇരിക്കുകയാണ്. കേരളത്തിനു ജയം മാത്രം പോരാ മറ്റു ടീമുകളുടെ തോൽവി കൂടി വേണമെന്നു സാരം. അതിൽ കേരളത്തിന് ഏറ്റവും ഭീഷണി ബ്ലാസ്റ്റേഴ്സിന്റെ പഴയ പരിശീലകൻ സ്റ്റീവ് കൊപ്പലിന്റെ ജംഷ‍‍ഡ്പുർ എഫ്സി. മറ്റു ടീമുകളുടെ മത്സര ഫലം എന്താകുമെങ്കിലും കേരളത്തിനു ജയിച്ചേ പറ്റൂ. അതിനായാണു രണ്ടു ദക്ഷിണേന്ത്യൻ ഡെർബികൾ എത്തുന്നത്. ഒന്നു കൊച്ചിയിലും അടുത്തതു ബെംഗളൂരുവിലും.

ഏറ്റവും കൂടുതൽ ആരാധക ശ്രദ്ധ എത്തുന്ന മത്സരങ്ങൾ കൂടിയായിരിക്കും ഇത്. ചെന്നൈ കൊച്ചിയിലേക്ക് എത്തുമ്പോൾ ഗാലറി മഞ്ഞക്കടലാക്കാൻ ഒരുങ്ങുകയാണു മഞ്ഞപ്പട. ബെംഗളൂരുവിലേക്കും എത്തി അവിടെയും ഗാലറിയിൽ നീലക്കുപ്പായക്കാർക്കു മുന്നിൽ ശക്തി തെളിയിക്കാനും മഞ്ഞപ്പട തയാറെടുത്തു കഴിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ഗുവാഹത്തി മുതൽ കൊച്ചി വരെയുള്ള എല്ലാ മത്സരങ്ങളിലും സജീവ സാന്നിധ്യമായ മഞ്ഞപ്പട ആയിരക്കണക്കിനു കിലോമീറ്ററുകളാണ് ഇതുവരെ സഞ്ചരിച്ചത്. മഞ്ഞപ്പടയുടെ സാന്നിധ്യമില്ലാത്ത ഒരു ഗാലറി പോലും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു കാണേണ്ടി വന്നിട്ടില്ല.