Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശാനേ, നമുക്കു നോക്കാം

David-James

ആദ്യ സീസൺ ഐഎസ്എൽ സെമി ഫൈനൽ ഒന്നാം പാദ മത്സരത്തിനു മുൻപ് അന്നത്തെ പരിശീലകൻ ഡേവിഡ് ജയിംസിനോടു ചോദിച്ചു, ഭാവി പരിപാടികൾ എന്താകും. ജയിംസിന്റെ ഉത്തരം ഒന്നുമാത്രം. ഭാവിയെക്കുറിച്ചു ഭാവി തന്നെ നോക്കിക്കോളും. അതാണു ജയിംസ്. എന്തും വരട്ടെ നോക്കാം എന്നതാണു ഭാവം. ആകാശം ഇടിഞ്ഞുവീണാലും അരകല്ലിനു കാറ്റുപിടിച്ച പോലെ എന്ന ഉപമ യോജിക്കും ജയിംസിന്റെ ശൈലിക്ക്. 

പരിശീലകൻ എന്ന ലേബലിൽ അത്ര പ്രസിദ്ധനൊന്നുമല്ല. എന്നാൽ ഒരു ഫുട്ബോൾ ടീം എന്തായിരിക്കണം എന്നു ധാരണയുള്ള കളിക്കാരനാണു ഡേവിഡ് ബഞ്ചമിൻ ജയിംസ് എന്ന മുൻ ഇംഗ്ലിഷ് ഒന്നാം നമ്പർ ഗോൾ കീപ്പർ. ലോകകപ്പിൽ അടക്കം ഇംഗ്ലണ്ടിന്റെ വല കാത്ത ഈ ആറടി നാലിഞ്ചുകാരന്റെ കളിയോടുള്ള മനോഭാവം തന്നെയാണു കളിക്കളത്തിൽ വ്യത്യസ്തനാക്കുന്നതും. 

മുഴുവൻ സമയ പരിശീലകൻ

ക്ലബ് ഫുട്ബോളിൽ താരങ്ങൾ മാറി വന്നാലും പരിശീലകനു തുടർച്ചയുണ്ടാകുന്നതു ടീമിനു ഗുണം ചെയ്യും. ഒരു ടീമിനൊപ്പം സിൽവർ ജൂബിലി വരെ ആഘോഷിച്ച സർ അലക്സ് ഫെർഗൂസനെപ്പോലെയുള്ള പരിശീലകർ ക്ലബ് ഫുട്ബോളിന്റെ നാഴികക്കല്ലുകളാണ്. ടീമിന്റെ സ്ഥിരതയാണു പരിശീലകൻ തുടരുമ്പോൾ ഉണ്ടാകുന്നത്. ഈ ഗണത്തിലേക്കു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആദ്യ പരീക്ഷണമാണു ഡേവിഡ് ജയിംസ്. ആദ്യ സീസണിൽ മാർക്വീ മാനേജരായി ടീമിനൊപ്പം ചേർന്ന ജയിംസ് ഫൈനൽ കഴിഞ്ഞതും ഇന്ത്യ വിട്ടു. രണ്ടാം സീസണിൽ ജയിംസുമായി ആശയവിനിമയം നടത്താതെ പീറ്റർ ടെയ്‌ലറെയാണു പരിശീലകനായി കണ്ടെത്തിയത്. ഇടയ്ക്കു വച്ചു ടെയ്‌ലർ വഴി പിരി‍ഞ്ഞപ്പോൾ കൊച്ചിയിൽത്തന്നെയുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് സ്കൂൾ ചുമതലക്കാരൻ ടെറി ഫീലാനെ ചുമതലയേൽപ്പിച്ചു. 

മൂന്നാം സീസണിൽ ഇംഗ്ലണ്ടിൽ നിന്നു തന്നെ സ്റ്റീവ് കൊപ്പലെത്തി. സ്റ്റീവിനെ തുടരാൻ അനുവദിക്കുമെന്ന വാർത്തകൾക്കൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സഹപരിശീലകൻ റെനെ മ്യൂലസ്റ്റീനുമായി ബ്ലാസ്റ്റേഴ്സ് കൈകൊടുത്തു. കാര്യങ്ങൾ വേണ്ടവിധം മുന്നോട്ടോടാതെ വന്നപ്പോഴാണു ഡേവിഡ് ജയിംസിനെ വീണ്ടും ടീമിനൊപ്പം മാനേജ്മെന്റ് എത്തിച്ചത്. 

ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരനേനിയും ജയിംസും തമ്മിൽ ആദ്യ സീസണിലുണ്ടായിരുന്ന ബന്ധമാണു നാലാം സീസണിലും മുഖ്യപരിശീലകനായി ഈ മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പറെ എത്തിക്കാൻ കാരണമായത്. ആഴത്തിൽ മുങ്ങിപ്പോയേക്കാമായിരുന്ന നാലാം സീസണിൽ അത്യാവശ്യം പിടിച്ചുനിൽക്കാൻ ടീമിനെ പ്രാപ്തമാക്കിയതോടെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അടുത്ത മൂന്നു സീസണിലേക്കു തുടരാൻ ജയിംസിനെ ക്ഷണിക്കുകയായിരുന്നു. ക്ലബ്ബുകൾ തമ്മിൽ ഏറ്റുമുട്ടുന്ന സൂപ്പർ കപ്പിന്റെ വരവ്, ഐഎസ്എല്ലിന് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരം ലഭിച്ചത്– തുടങ്ങിയ സാഹചര്യങ്ങളാണു ദീർഘകാല പരിശീലകൻ എന്ന നിലയിലേക്കു ബ്ലാസ്റ്റേഴ്സിനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ടീമിനെ വർഷം മുഴുവൻ കൊണ്ടു നടക്കേണ്ടി വരുന്ന സാഹചര്യം വരുമ്പോൾ ഇതു ഗുണം ചെയ്യുമെന്നും ടീം മാനേജ്മെന്റ് കരുതുന്നുണ്ടാകാം. 

ജയത്തിലേക്ക് ഒരു മന്ത്രം 

ടീം ഗെയിം എന്ന നിലയിൽത്തന്നെ ഫുട്ബോളിനെ കാണുന്ന പരിശീലകനും കളിക്കാരനുമാണു ജയിംസ്. വ്യക്തിഗത പ്രകടനങ്ങളേക്കാൾ ടീമിന്റെ ഒരുമിച്ചുള്ള പ്രകടനത്തിലാണു ജയിംസ് ശ്രദ്ധ പതിപ്പിക്കുന്നത്. ടീമിൽ സൂപ്പർ താരങ്ങൾ വേണമെന്നു ജയിംസിനു നിർബന്ധമില്ല. ഉള്ളവർ പരമാവധി പ്രകടനം കാഴ്ചവയ്ക്കണം. ആദ്യ സീസണിൽ ടീം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ച ജയിംസ് ആകെ ഒരു സൂപ്പർ താരത്തെ മാത്രമേ തിരഞ്ഞെടുത്തുള്ളൂ. ഇന്ത്യൻ വംശജനായ മൈക്കൽ ചോപ്രയെ.

എന്നാൽ സീസണിൽ ചോപ്രയുടെ സേവനം കാര്യമായി ലഭിച്ചതുമില്ല. ഇയാൻ ഹ്യൂം, പുൾഗ, സെഡ്രിക് ഹെങ്ബർട്, സ്റ്റീവൻ പിയേഴ്സൻ, പെൻ ഓർജി തുടങ്ങിയ വിദേശ താരങ്ങളേയും സന്ദേശ് ജിങ്കാൻ, െമഹ്ത്താബ് ഹുസൈൻ, നിർമൽ ഛേത്രി തുടങ്ങിയ ഇന്ത്യൻ താരങ്ങളേയും ഒരുപോലെ അണിനിരത്തി ജയിംസ് ടീം മെനഞ്ഞെടുത്തു. ഹെങ്ബർട്ടിനും കോളിൻ ഫാൽവേയ്ക്കുമൊപ്പം പ്രതിരോധത്തിന്റെ പൂർണ ചുമതല സന്ദേശ് ജിങ്കാനെന്ന തുടക്കക്കാരനു നൽകി. ഗോൾ കീപ്പർ എന്ന സ്വന്തം പൊസിഷൻ ഇന്ത്യയുടെ സീനിയർ താരമായ സന്ദീപ് നന്ദിക്കു നൽകി. ഇയാൻ ഹ്യൂമിനെ എല്ലാ സ്വാതന്ത്ര്യത്തോടും മുന്നേറ്റ നിരയിൽ വിന്യസിച്ചു. ജയിംസ് പരുവപ്പെടുത്തിയെടുത്ത ആ ടീം ആദ്യ സീസൺ ഫൈനൽ വരെയെത്തി. 

നാലാം സീസണിലും ഒന്നുമാകാതെ കിതച്ചുപോയ ടീമിനെ ഏറ്റെടുക്കുമ്പോൾ കളിക്കാരുടെ അഭാവമാണു ജയിംസിനെ വലച്ചത്. പലപ്പോഴും ശാരീരിക ക്ഷമതയുള്ള പല താരങ്ങളെയും കിട്ടിയില്ല. ഇതിന്റെ ഭാരം ബാക്കിയുള്ള കളിക്കാർ വഹിക്കേണ്ടിവരുന്നു. ഇവിടെയും ജയിംസ് നിരാശപ്പെടുത്തിയില്ല. ഈ സീസണിലെ 11 കളികളിൽ പരിശീലകക്കുപ്പായം ഇട്ടപ്പോൾ അഞ്ചിലും ജയിച്ചു. തോൽവിയും സമനിലയും മൂന്നു വീതം. ജയിംസിന്റെ വരവോടെ ഇയാൻ ഹ്യൂം വീണ്ടും ഗോളടിച്ചു തുടങ്ങി. എന്നാൽ കിസിറ്റ്സോ, ഹ്യൂം തുടങ്ങിയ താരങ്ങളെല്ലാം പരുക്കിന്റെ പിടിയിലായതു ജയിംസിന്റെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു. ബെംഗളൂരു എഫ്സിക്കെതിരെയുള്ള അവസാന മത്സരം കളിക്കാനിറങ്ങുമ്പോൾ കാര്യമായ ഒരു ലൈനപ്പ് ജയിംസിന്റെ കയ്യിലില്ലായിരുന്നു. എങ്കിലും വാ നമുക്കു തല്ലി നോക്കാം എന്ന ലൈനായിരുന്നു ജയിംസിന്റെ ശരീരഭാഷ. 

സൂപ്പർ കപ്പിന്റെ ആദ്യ സീസണാണു ഇനി ജയിംസിനു മുന്നിലുള്ളത്. അത്ഭുതങ്ങൾക്കു പ്രാർഥിക്കുക മാത്രമാണു സൂപ്പർ കപ്പിൽ ചെയ്യാനുള്ളൂ. എല്ലാ പൊസിഷനിലും ടീമിനെ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്ന കളിക്കാരെ കണ്ടെത്തുകയാണ് ഇനി ജയിംസിന്റെ മുന്നിലുള്ള ലക്ഷ്യം. അങ്ങനെ അടുത്ത സീസണിനായി ടീം സജ്ജമാക്കണം. ടീം ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന ജയിംസ് മാജിക് അവിടെയാണു മാനേജ്മെന്റും ടീം ആരാധകരും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഉറപ്പിച്ചു പറയാം. കിങ് ഡിജെയുടെ കളികൾ കാണാൻ കമ്പനി ഇരിക്കുന്നതേയുള്ളു... !!!