Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാം അങ്കത്തിൽ ‘സമനില തെറ്റി’; ആദ്യ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ് (1–2)

bengaluru-goal ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോള്‍ നേടിയ ബെംഗളൂരു എഫ്സി താരങ്ങളുടെ ആഹ്ലാദം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി∙ തുടർച്ചയായ നാലു സമനിലകൾക്കൊടുവിൽ കൊച്ചിയുടെ കളിമുറ്റത്ത് ‘സമനില തെറ്റി’ കേരളാ ബ്ലാസ്റ്റേഴ്സ്. സീസണിലെ ആറാം അങ്കത്തിൽ കരുത്തരായ ബെംഗളൂരു എഫ്സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ആദ്യപകുതിയിൽ ബെംഗളൂരുവിനായി ക്യാപ്റ്റൻ സുനിൽ ഛേത്രിയും (17), ബ്ലാസ്റ്റേഴ്സിനായി സ്ലാവിസ സ്റ്റോയനോവിച്ചും (30, പെനൽറ്റി) ലക്ഷ്യം കണ്ടപ്പോൾ, രണ്ടാം പകുതിയിൽ സെർബിയൻ താരം നിക്കോള ക്രമാരവിച്ച് (80) വഴങ്ങിയ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ചത്. ഇതോടെ, കഴിഞ്ഞ സീസണിൽ മാത്രം ഐഎസ്എല്ലിൽ അരങ്ങേറിയ ബെംഗളൂരുവിനെതിരെ തുടർച്ചയായ മൂന്നാം മൽസരത്തിലും തോറ്റു മടങ്ങി ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ പുതുവർഷത്തലേന്ന് ഇതേ വേദിയിൽ ബെംഗളൂരുവുമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. ഇതിനു പിന്നാലെയാണ് അന്നത്തെ പരിശീലകൻ റെനെ മ്യൂലൻസ്റ്റീന്റെ കസേര തെറിച്ചതും ഡേവിഡ് ജയിംസ് പകരക്കാരനായി എത്തിയതും.

അഞ്ചു മൽസരങ്ങളിൽനിന്ന് നാലാം വിജയം സ്വന്തമാക്കിയ ബെംഗളൂരു എഫ്സി, 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിലെ ആദ്യ തോവൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആകട്ടെ, ആറു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു. ഇനി ഞായറാഴ്ച എഫ്സി ഗോവയ്ക്കെതിരെ ഇതേ മൈതാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

പാഴാക്കിയ അവസരങ്ങളാണ് ഇക്കുറിയും ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചതെന്ന് നൂറു വട്ടം. മൽസരത്തിന്റെ രണ്ടാം മിനിറ്റിലും 77–ാം മിനിറ്റിലുമായി മലയാളി താരം സി.കെ. വിനീത് പാഴാക്കിയ രണ്ടു സുവർണാവസരങ്ങളിലുണ്ട് കളിയുടെ രത്നച്ചുരുക്കം. എല്ലാം കൊണ്ടും മുൻപന്തിയില്‍ നിൽക്കുന്ന എതിരാളികൾക്കെതിരെ പാതി അവസരങ്ങൾ പോലും ഗോളാക്കി മാറ്റണമെന്ന ബാലപാഠം മറന്ന ബ്ലാസ്റ്റേഴ്സ്, തുറന്ന അവസരങ്ങൾ പോലും പാഴാക്കി തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു.

kbfc-goal ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആഹ്ലാദം

77–ാം മിനിറ്റിൽ ഗോള്‍കീപ്പർ മാത്രം മുന്നിൽനിൽക്കെയാണ് വിനീത് പന്തു പുറത്തേക്കടിച്ചത്. ബോക്സിനു വെളിയിൽനിന്ന് ബെംഗളൂരു പ്രതിരോധം നെടുകെ പിളർത്തി കെ.പ്രശാന്ത് നൽകിയ ലോക നിലവാരമുള്ള തകർപ്പൻ പാസിന് ഗോളിലേക്ക് വഴികാട്ടിയാൽ മാത്രം മതിയായിരുന്നു വിനീതിന്. അല്ലെങ്കിൽ മറുവശത്ത് ആളൊഴിഞ്ഞുനിന്ന നർസാരിക്കു നൽകാമായിരുന്നു. എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തിൽ വിനീത് നീട്ടിയടിച്ച പന്ത് പോസ്റ്റിനും നർസാരിക്കുമിടയിലൂടെ പുറത്തേക്കു പോയപ്പോൾ ബ്ലാസ്റ്റേഴ്സ് കൈവിട്ടത് മൽസരം തന്നെയായിരുന്നു. ബ്ലാസ്റ്റേഴ്സ് നിരയിൽ ആദ്യ ഇലവനിൽ തിരിച്ചെത്തിയ മലയാളി താരം പ്രശാന്തിന്റെ പ്രകടനം തോൽവിക്കിടയിലും ആരാധകരെ വിരുന്നൂട്ടി. പതിവു മികവിലേക്കെത്തിയില്ലെങ്കിലും ഓടിക്കളിച്ച സഹലും മുന്നേറ്റത്തിൽ തകർത്തു കളിച്ച ദുംഗലും ഭൂരിഭാഗം സമയവും ഉറച്ചുനിന്ന പ്രതിരോധവും കളത്തിലെ അഴകുള്ള കാഴ്ചയായി.

∙ ഗോളുകൾ വന്ന വഴി

ബെംഗളൂരുവിന്റെ ആദ്യ ഗോൾ: മങ്ങിയ തുടക്കത്തിനുശേഷം കളം പിടിച്ച ബെംഗളൂരു മികവിന്റെ ഔന്നത്യത്തിലേക്ക് എത്തിയ നിമിഷമായിരുന്നു ആദ്യ ഗോളിന്റെ പിറവി. മധ്യനിരയ്ക്കു സമീപത്തുനിന്നു പ്രതിരോധനിര താരം ആർബർട്ട പോളോ തുടക്കമിട്ട നീക്കം മിക്കു വഴി ബോക്സിനു മുന്നിൽ സുനിൽ ഛേത്രിയിലേക്കെത്തുമ്പോൾ ബെംഗളൂരു ക്യാപ്റ്റനെ പൂട്ടാൻ ഒപ്പത്തിനൊപ്പം ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കാനുമുണ്ടായിരുന്നു. എന്നാൽ, വലതുവശം ചേർന്നു നിന്ന ജിങ്കാനെ കബളിപ്പിച്ച് മിക്കുവിൽനിന്ന് ഇടതുവശത്തു പന്തു സ്വീകരിച്ച ഛേത്രി അതിവേഗ ഓട്ടത്തിൽ ജിങ്കാനെ പിന്തള്ളി ബോക്സിനുള്ളിലേക്ക് കടന്നു. ഛേത്രി ഓഫ് സൈഡായിരുന്നുവെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. സൈഡ് റഫറി ഇതു കാണാതെ പോയതോടെ തടസ്സങ്ങളൊന്നുമില്ലാതെ ഓടിക്കയറിയ ഛേത്രി വലയ്ക്കുമുന്നിൽ ഉറച്ചുനിന്ന നവീൻകുമാറിന്റെ നീട്ടിയ കൈകൾ മറികടന്ന് നിലംപറ്റെ ഷോട്ടുതിർത്തു. പന്തു വലയിൽ. ഐഎസ്എല്ലിൽ ഛേത്രിക്ക് ഗോളുകളിൽ കാൽസെഞ്ചുറി. ഗാലറികൾ നിശബ്ദം. സ്കോർ 1–0.

ബ്ലാസ്റ്റേഴ്സിന്റെ മറുപടി ഗോൾ: ലീഡ് വഴങ്ങിയതിന്റെ നിരാശ മായും മുൻപേ ഗാലറിയുടെ ആവേശത്തിനൊപ്പം പന്തു തട്ടിയ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഗാലറിയിൽ അണഞ്ഞു തുടങ്ങിയ ആവേശം പെനൽറ്റി ഗോളിന്റെ രൂപത്തിൽ തിരികെയെത്തുമ്പോൾ മൽസരത്തിനു പ്രായം 30 മിനിറ്റ്. ബെംഗളൂരു പകുതിയിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ത്രോ ഇന്നിൽനിന്നായിരുന്നു ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ത്രോ എടുത്ത ഫ്രഞ്ച് താരം സിറിൽ കാലി പന്ത് ബോക്സിനുള്ളിൽ സഹലിനു നൽകി. പന്തുമായി മുന്നേറാനുള്ള സഹലിന്റെ ശ്രമത്തിന് നിഷുകുമാറിന്റെ പരുക്കൻ പൂട്ട്. ഫൗളേറ്റു സഹൽ താഴെ വീണതും റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കാത്തിരുന്ന ഗോൾ തൊട്ടരികിലെത്തിയതിന്റെ ആവേശത്തിൽ ഗാലറികൾ പൊട്ടിത്തെറിച്ചു. മുൻപൊരു പെനൽറ്റി പാഴാക്കിയതിന്റെ അനുഭവസമ്പത്തുമായി കിക്കെടുത്ത സ്റ്റോയനോവിച്ചിനു പിഴച്ചില്ല. ഇന്ത്യയിലെ ഒന്നാം നമ്പർ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പ്രതിരോധം തകർത്ത് പന്തു വലയിൽ. സ്കോർ 1–1.

ബെംഗളൂരുവിന്റെ രണ്ടാം ഗോൾ: രണ്ടാം പകുതിയിൽ ഇരു ടീമുകളിലേയും താരങ്ങൾ തളർന്നു തുടങ്ങിയതിനു പിന്നാലെയാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോളെത്തിയത്. 73–ാം മിനിറ്റിൽ പകരക്കാരനായെത്തിയ സിസ്കോയാണ് കളത്തിലിറങ്ങി ഏഴുമിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചു തകർത്ത് ഗോളിനു വഴിയൊരുക്കിത്. മികുവുമായി പന്തു കൈമാറി ബോക്സിനുള്ളിലേക്ക് ഓടിക്കയറി സിസ്കോ ഉതിർത്ത പൊള്ളുന്ന ഷോട്ട് ഗോൾകീപ്പർമാർ നവീൻ കുമാർ തടുത്തിട്ടു. ഗോൾകീപ്പർ രക്ഷപ്പെടുത്തിയ പന്ത് ബോക്സിനു തൊട്ടുമുന്നിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം നമ്പർ താരം ക്രമാരവിച്ചിന്റെ ദേഹത്തുതട്ടി വലയിലേക്ക്. നവീൻ കുമാർ ഒരിക്കൽക്കൂടി പന്തു ലക്ഷ്യമാക്കി ചാടിയെങ്കിലും വൈകിപ്പോയിരുന്നു. സ്റ്റേഡിയത്തെ നിശബ്ദമാക്കി പന്തു വലയിൽ. സ്കോർ 2–1

∙ ആദ്യ ഇലവനിൽ മലയാളി മൂവർസംഘം

മൂന്നു മലയാളി താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജയിംസ് ബെംഗളൂരുവിനെതിരെ ടീമിനെ വിന്യസിച്ചത്. പുണെ സിറ്റി എഫ്സിക്കെതിരായ കഴിഞ്ഞ മൽസരത്തിൽ ആദ്യ ഇലവനിലുണ്ടായിരുന്ന സഹൽ അബ്ദുൽ സമദ്, സി.കെ. വിനീത് എന്നിവർക്കൊപ്പം കെ. പ്രശാന്തും ബെംഗളൂരുവിനെതിരെ ഇറങ്ങി. ഇവർക്കു പുറമെ അനസ് എടത്തൊടിക, സക്കീർ മുണ്ടമ്പാറ എന്നീ മലയാളി താരങ്ങൾ പകരക്കാരുടെ ബെഞ്ചിലും ഇടംപിടിച്ചു. മറുവശത്ത്, ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായ റിനോ ആന്റോ ബെംഗളൂരു നിരയിലും പകരക്കാരുടെ ബെഞ്ചിൽ ഇടം നേടി.

manjappada-at-kaloor2 സ്റ്റേഡിയത്തിലെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

പുണെ സിറ്റി എഫ്സിക്കെതിരായ മൽസരത്തിലെ ആദ്യ ഇലവനിൽ രണ്ടു മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടായിരുന്നത്. പിൻനിരയിൽ ലാൽറുവാത്താര തിരിച്ചെത്തിയപ്പോൾ മുഹമ്മദ് റാകിപ് പുറത്തായി. മുൻനിരയിൽ കെ.പ്രശാന്ത് കളം പിടിക്കാനെത്തിയപ്പോൾ ബാൾക്കൻ ബ്രദേഴ്സിലെ മാതേയ് പോപ്ലാട്നിക് പകരക്കാരുടെ ബെഞ്ചിലേക്കു മാറി. കഴിഞ്ഞ മൽസരത്തിൽ എടികെയെ വീഴ്ത്തിയ അതേ ടീമുമായാണ് ബെംഗളൂരു ഇറങ്ങിയത്.

∙ ആദ്യപകുതി സമാസമം

നേടിയ ഗോളുകളുടെ എണ്ണത്തിലും പാഴാക്കിയ അവസരങ്ങളുടെ ധാരാളിത്തത്തിലും സമാസമമായിരുന്നു ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു പോരാട്ടം. ഐഎസ്എല്ലിലെ ഗോളെണ്ണത്തിൽ കാൽസെഞ്ചുറി തികച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഗോളിൽ 17–ാം മിനിറ്റിൽ മുന്നിൽക്കയറിയ ബെംഗളൂരുവിനെ, 30–ാം മിനിറ്റിൽ സെർബിയൻ താരം സ്ലാവിസ സ്റ്റോയനോവിച്ച് നേടിയ പെനൽറ്റി ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ സമനിലയിൽ കുരുക്കിയത്. അര ഡസനോളം ചെറുതും വലുതുമായ ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സ് പാഴാക്കി. ബെംഗളൂരുവും ഇക്കാര്യത്തിൽ മോശമാക്കിയില്ല.

മൽസരത്തിന്റെ മൂന്നാം മിനിറ്റിൽ പോസ്റ്റിനു തൊട്ടുമുന്നിൽ സി.കെ. വിനീത് പാഴാക്കിയ തുറന്ന അവസരത്തിൽ തുടങ്ങുന്നു ബ്ലാസ്റ്റേഴ്സ് പാഴാക്കിയ അവസരങ്ങളുടെ പട്ടിക. പതിവിനു വിപരീതമായി ലോങ് റേഞ്ചറുകൾ പരീക്ഷിച്ച ലെൻ ദുംഗൽ, വിങ്ങിൽ അഗ്നി പടർത്തി തകർത്തു കളിച്ച മലയാളി താരം കെ. പ്രശാന്ത് എന്നിവർ ആരാധകർക്ക് ആഹ്ലാദിക്കാൻ വക നൽകിയപ്പോൾ, ഇക്കുറിയും പിന്നോട്ടടിച്ചത് ബെംഗളൂരു ബോക്സിനുള്ളിൽ പാഴാക്കിക്കളഞ്ഞ അവസരങ്ങൾ തന്നെ. വലതുവിങ്ങിൽനിന്നും പ്രശാന്ത് നൽകിയ ഉജ്വലമായൊരു ക്രോസിന് കാലു വച്ചാൽ മാത്രം മതിയായിരുന്നു സ്റ്റോയനോവിച്ചിന്. ഇഞ്ചുകൾക്ക് പിന്നിലായിപ്പോയി സെർബിയൻ താരം. ദുഷ്കരമായ ആംഗിളിൽ പന്തു ലഭിച്ച ലെൻ ദുംഗലിനാകട്ടെ, പന്ത് സൈഡ് നെറ്റിലേക്ക് പായിക്കാനേ സാധിച്ചുള്ളൂ. ഇടയ്ക്ക് പ്രശാന്തും ഗോളിലേക്ക് ഉന്നമിട്ടെങ്കിലും ബെംഗളൂരുവിന്റെ ഉയരക്കാരൻ ഗോൾകീപ്പർ കോർണർ വഴങ്ങി അപകടം ഒഴിവാക്കി.

∙ ചങ്കു തകർത്ത രണ്ടാം പകുതി

ഇടവേളയുടെ സമയത്ത് സ്റ്റേഡിയത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ 10 മിനിറ്റോളം വൈകിയാണ് രണ്ടാം പകുതി ആരംഭിച്ചത്. ആദ്യപകുതിയെ അപേക്ഷിച്ച്് തണുപ്പൻ തുടക്കമായിരുന്നു രണ്ടാം പകുതിയുടേത്. പന്തടക്കത്തിൽ ബെംഗളൂരു മേൽക്കൈ നിലനിർത്തിയപ്പോൾ ഇടയ്ക്കിടെ ലഭിച്ച അവസരങ്ങളിൽ ബ്ലാസ്റ്റേഴ്സും ഗോൾനീക്കങ്ങൾ സൃഷ്ടിച്ചു. ഇതിനിടെ മൽസരം അവസാന അര മണിക്കൂറിലേക്കു കടന്നതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് നിരയിൽ സഹലിനു പകരം കറേജ് പെക്കൂസനും ലെൻ ദുംഗലിനു പകരം ഹാലിചരൺ നർസാരിയുമെത്തി.

ആദ്യപകുതിയിൽ മൈതാനം നിറഞ്ഞുകളിച്ച സഹലും ദുംഗലും തിരിച്ചുകയറിയതോടെ കേരളത്തിന്റെ വേഗം നഷ്ടമാകുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് തളർന്നു തുടങ്ങിയതോടെ ഇരച്ചുകയറിയ ബെംഗളൂരു പലവുരു ഗോളിന് തൊട്ടടുത്തെത്തിയതാണ്. ഗോൾവലയ്ക്കു മുന്നിൽ ഉറച്ചുനിന്ന ജിങ്കാനും പെസിച്ചും വശങ്ങളിൽ സിറിൽ കാലിയും ലാൽറുവാത്താരയുമാണ് ബെംഗളൂരുവിനെ തടഞ്ഞുനിർത്തിയത്. ഇതിനിടെ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ബെംഗളൂരു രണ്ടാം ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് മൽസരം കൈവിടുകയും ചെയ്തു. അവസാന അഞ്ചു മിനിറ്റിൽ ബെംഗളൂരു നിരയിൽ റിനോ ആന്റോ കൂടി മൈതാനത്തെത്തിയതോടെ മലയാളി ആരാധകർക്കു നടുവിൽ പന്തുതട്ടിയ മലയാളി താരങ്ങളുടെ എണ്ണം നാലായതു മിച്ചം!

LIVE UPDATES