Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയെയും ‘നിരാശപ്പെടുത്താതെ’ ബ്ലാസ്റ്റേഴ്സ്; തുടർച്ചയായ രണ്ടാം തോൽവി

ലിജോ വി.ജോസഫ്
fc-goa-coro ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോള്‍ നേടിയപ്പോള്‍ എഫ്സി ഗോവയുടെ ഫെറാന്‍ കോറോ, ലെന്നി റോഡ്രിഗസ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ആഹ്ലാദനൃത്തം ചവിട്ടുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

കൊച്ചി∙ മൂർച്ചയില്ലാത്ത ആക്രമണം, അയഞ്ഞ പ്രതിരോധം, ലക്ഷ്യത്തിലെത്താത്ത പാസുകൾ, വിജയതൃഷ്ണയില്ലാത്ത താരങ്ങൾ; മികവു പ്രകടമാക്കിയ അപൂർവം അവസരങ്ങളിലാകട്ടെ തുണയ്ക്കാതെ ഭാഗ്യവും. ഫുട്ബോളിൽ തോൽക്കാൻ ആവശ്യമായ ‘ചേരുവ’കളെല്ലാം കൊച്ചിയിലെ സ്വന്തം കളിമുറ്റത്ത് പാകത്തിനു ചേർത്ത കേരളാ ബ്ലാസ്റ്റേഴ്സിന്, എഫ്സി ഗോവയ്ക്കെതിരായ നിർണായക പോരാട്ടത്തിൽ നിരാശപ്പെടുത്തുന്ന തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ്, ഈ സീസണിലെ മികച്ച ടീമുകളിലൊന്നായ ഗോവ ബ്ലാസ്റ്റേഴ്സിനെ തകർത്തുവിട്ടത്. അന്തിമ വിശകലത്തിൽ, തോൽവിഭാരം 3–1ൽ ഒതുങ്ങിയത് ഭാഗ്യം എന്നു മാത്രം പറയേണ്ടി വരും! സമ്പൂർണ നിരാശയിൽ സങ്കടപ്പെട്ടിരുന്ന ആരാധകർക്ക് സമാശ്വാസമായി രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലാണ് ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കിയത്. സന്ദേശ് ജിങ്കാന്റെ പാസിൽനിന്ന് നിക്കോള കിർമാരെവിച്ചാണ് ആശ്വാസഗോൾ നേടിയത്.

സ്പാനിഷ് താരം ഫെറാൻ കോറോമിനാസ് ആദ്യപകുതിയിൽ നേടിയ ഇരട്ട ഗോളും പകരക്കാരനായി ഇറങ്ങിയ ഇന്ത്യൻ താരം മൻവീർ സിങ് രണ്ടാം പകുതിയിൽ നേടിയ ഗോളുമാണ് ഗോവയ്ക്കു ജയം സമ്മാനിച്ചത്. 11, 45+3 മിനിറ്റുകളിലായിരുന്നു സ്പാനിഷ് താരത്തിന്റെ ഗോളുകൾ. ഇതോടെ ഈ സീസണിൽ കോറോയുടെ ആകെ ഗോൾനേട്ടം എട്ടായി ഉയർന്നു. മൻവീർ 68–ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. പാഴാക്കിയ നാലോളം സുവർണാവസരങ്ങളെക്കുറിച്ചുള്ള ആത്മപരിശോധനയുമായി ബ്ലാസ്റ്റേഴ്സിന് സ്വന്തം മൈതാനത്തു തുടർച്ചയായ രണ്ടാം തോൽവിയോടെ മടക്കം.

ഏഴു മൽസരങ്ങളിൽനിന്ന് അഞ്ചാം വിജയം സ്വന്തമാക്കിയ ഗോവ, 16 പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സീസണിലെ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആകട്ടെ, ഒരു വിജയവും നാലു സമനിലയും വഴി ഏഴു പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു. ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ മൈതാനത്ത് ഈ മാസം 23നാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം.

∙ ഗോളുകൾ വന്ന വഴി

ഗോവയുടെ ആദ്യ ഗോൾ: പതിവുപോലെ തുടക്കത്തിൽ മേധാവിത്തം നേടിയ ശേഷമാണ് 11–ാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് പിന്നിലായത്. തുടർച്ചയായി രണ്ടു കോർണറുകൾ നേടി ഗോവ സൃഷ്ടിച്ച സമ്മർദ്ദത്തിനൊടുവിലാണ് ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയത്. രണ്ടാം കോർണർ കേരള പ്രതിരോധം ക്ലിയർ ചെയ്തപ്പോൾ പന്തു ലഭിച്ച അഹമ്മദ് ജാഹൂ, ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് മഴവിൽ ചാരുതയോടെ അത് ഉയർത്തി നൽകി. പറന്നുയർന്നു പന്തിനു തലവച്ച കോറോയ്ക്കു പിഴച്ചില്ല. പന്തു വലയിൽ. സീസണിൽ കോറോയുടെ ഏഴാം ഗോളിൽ ബ്ലാസ്റ്റേഴ്സ് പിന്നിൽ. (0–1).

ഗോവയുടെ രണ്ടാം ഗോൾ: ആദ്യപകുതിയുടെ ഇൻജുറി ടൈം ബ്ലാസ്റ്റേഴ്സിന് ‘ഇൻജുറി’ ടൈമായി മാറുന്ന കാഴ്ചയോടെയാണ് ഗോവ ലീഡ് വർധിപ്പിച്ചത്. ഇടവേള അടുക്കാറായതിന്റെ ആലസ്യത്തിൽ അയഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഒറ്റയാൾ മുന്നേറ്റത്തിലൂടെയാണ് കോറോ രണ്ടാം ഗോൾ നേടിയത്. മധ്യവരയ്ക്കു സമീപത്തുനിന്നും ഓടിക്കയറിയ കോറോ പന്ത് പാസ് ചെയ്യുന്നതു തടയാൻ സകല വഴികളും അടച്ചാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധമൊരുക്കിയത്. ഈ നീക്കം മുൻകൂട്ടി കണ്ട കോറോ കിർമാരെവിച്ചിനെ മറികടന്ന് പതുക്കെ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലേക്ക്. ഗോവൻ താരം പന്ത് പാസ് ചെയ്യുന്നതും കാത്തുനിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ ഞടുക്കി പോസ്റ്റിന്റെ വലതുമൂല ലക്ഷ്യം വച്ച കോറോയ്ക്കു പിഴച്ചില്ല. നവീൻ കുമാറിന്റെ നീളൻ ഡൈവിങ്ങും നിഷ്ഫലമാക്കി പന്തു വലയിൽ. സ്കോർ 2–0.

ഗോവയുടെ മൂന്നാം ഗോൾ: രണ്ടു ഗോൾ വഴങ്ങിയിട്ടും എതിരാളികളോട് അയഞ്ഞ സമീപനം തുടർന്നതിനു ബ്ലാസ്റ്റേഴ്സിനു ലഭിച്ച ശിക്ഷയായിരുന്നു മൂന്നാം ഗോൾ. മൽസരത്തിന്റെ 67–ാം മിനിറ്റിലാണ് ഈ ഗോൾ പിറന്നത്. ഗോവയ്ക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്നായിരുന്നു ഗോളിന്റെ പിറവി. 10–ാം നമ്പർ താരം ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഉയർത്തിവിട്ട പന്തിൽ തലവയ്ക്കാനുള്ള നിയോഗം ഏഴു മിനിറ്റു മുൻപു മാത്രം കളത്തിലിറങ്ങിയ മൻവീർ സിങ്ങിന്. നവീൻ കുമാറിന്റെ പ്രതിരോധം തകർത്ത് പന്ത് ബ്ലാസ്റ്റേഴ്സ് വല തുളച്ചു. സ്കോർ 3–0.

ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ: ടീം കനത്ത തോൽവിയിലേക്കു നീങ്ങുന്നതുകണ്ട് തലയിൽ കയ്യുവച്ചിരുന്ന ആരാധകർക്ക് ആശ്വാസമായി രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലാണ് ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കിയത്. മൽസരം അവസാനിക്കാൻ പോകുന്നതിന്റെ ആലസ്യവും മൂന്നു ഗോളിന്റെ ലീഡ് സമ്മാനിച്ച അലസതയും ഒത്തുചേർന്നപ്പോൾ ഗോവക്കാർ ബ്ലാസ്റ്റേഴ്സിനു സമ്മാനിച്ച ഗോളെന്നു പറയാം, ഇതിനെ. ഗോവൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്തു കിട്ടിയ സന്ദേശ് ജിങ്കാൻ കോർണർ വരയ്ക്കു സമാന്തരമായി പന്തു നീട്ടി. കാത്തുനിന്ന നിക്കോള കിർമാരെവിച് ഗോൾകീപ്പർ മുഹമ്മദ് നവാസിനെ കബളിപ്പിച്ച് പന്തിന്റെ ഗതിമാറ്റി. ഗാലറിയിൽ ആരവങ്ങൾ തിരികെക്കൊണ്ടുവന്ന് പന്തു വലയിലേക്ക്. സ്കോർ 1–3.

∙ മൂന്നിലൊതുങ്ങിയല്ലോ പ്രഹരം, ഭാഗ്യം!

ഗോവയ്ക്കെതിരായ മൽസരത്തിനു മുൻപ് സ്റ്റേഡിയത്തിനു പുറത്തു കണ്ട ആരാധകരിലേറെയും, വലിയ തോൽവിക്കുള്ള സാധ്യതയെക്കുറിച്ചാണ് സംസാരിച്ചത്. ആരാധകരുടെ ‘മനസ്സറിഞ്ഞു’ കളിച്ച ബ്ലാസ്റ്റേഴ്സ് തോൽവി ചോദിച്ചു വാങ്ങുകയും ചെയ്തു. ഗോവയെപ്പോലൊരു ടീമിനെതിരെ, സമൂലം അഴിച്ചുപണിത ആദ്യ ഇലവനുമായി കളിക്കാനെത്തിയ പരിശീലകൻ ഡേവിഡ് ജയിംസിൽ തുടങ്ങുന്നു പിഴവുകളുടെ ഘോഷയാത്ര. അവസരം ലഭിച്ച താരങ്ങളിൽ അനസ് ഒഴികെയുള്ളവർ സമ്പൂർണമായി നിരാശപ്പെടുത്തുക കൂടി ചെയ്തതോടെ തോൽവി അനിവാര്യമായി.

മറുവശത്ത് ഏറ്റവും മികച്ച ഫോമിലെങ്ങുമായിരുന്നില്ല എഫ്സി ഗോവ. കിട്ടിയ അവസരങ്ങളെല്ലാം ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായിരുന്നെങ്കിൽ അരഡസൻ ഗോളുകൾക്കെങ്കിലും ബ്ലാസ്റ്റേഴ്സ് തോൽക്കുമായിരുന്നു. അത്രയധികം അവസരങ്ങളാണ് സ്വന്തം ആരാധകക്കൂട്ടതിന്റെ ഉറച്ച പിന്തുണയുണ്ടായിട്ടും ബ്ലാസ്റ്റേഴ്സ് പാഴാക്കിയത്. ജയിക്കാനാണോ ബ്ലാസ്റ്റേഴ്സ് കളിക്കുന്നതെന്ന് സംശയമുണർത്തുന്നതായിരുന്നു ആദ്യപകുതി. രണ്ടാം പകുതിയിൽ അൽപം മെച്ചപ്പെട്ടെങ്കിലും ഗോവയ്ക്കു മുന്നിൽ എല്ലാം വെറുതെയായി. രണ്ടാം പകുതിയിൽ വിനീതും ഡുംഗലും ഉൾപ്പെടെയുള്ളവർ മൽസരിച്ച് അവസരങ്ങൾ പാഴാക്കുക കൂടി ചെയ്തതോടെ തോൽവി ഉറപ്പായി. പോസ്റ്റിനു മുന്നിൽ അസാമാന്യ മികവു പ്രകടമാക്കിയ ഗോവൻ ഗോൾകീപ്പർ മുഹമ്മദ് നവാസും ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ സംഭാവന നൽകി.

∙ വീണ്ടും അഴിച്ചുപണി, അഞ്ചു മാറ്റം

കഴിഞ്ഞ മൽസരത്തിൽ കളിച്ച ടീമിൽനിന്ന് അഞ്ചു മാറ്റങ്ങളുമായാണ് തുടർച്ചയായ രണ്ടാം നാട്ടങ്കത്തിന് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മലയാളി താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഐഎസ്എൽ അരങ്ങേറ്റം കുറിച്ചു. ബെംഗളൂരുവിനെതിരെ കളിച്ച ടീമിൽ പരിശീലകൻ ഡേവിഡ് ജയിംസ് അഞ്ചു മാറ്റങ്ങൾ വരുത്തിയപ്പോൾ മലയാളി താരം സി.കെ. വിനീത്, സഹൽ അബ്ദുൽ സമദ് എന്നിവർ പകരക്കാരുടെ ബെഞ്ചിലേക്ക് മാറി. ഇവർക്കൊപ്പം കഴിഞ്ഞ മൽസരത്തിൽ ആദ്യ ഇലവനിലുണ്ടായിരുന്ന ലാകിച് പെസിച്ച്, സിറിൽ കാലി, ലെൻ ഡുംഗൽ എന്നിവരും പുറത്തായി.

അനസിനു പുറമെ മാതേജ് പോപ്ലാട്നിക്, ഹാലിചരൺ നർസാരി, മുഹമ്മദ് റാക്കിപ്, കെസീറോൺ കിസീത്തോ എന്നിവരാണ് ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയത്. ഈ സീസണിൽ ടീമിൽ തുടർച്ചയായി അഴിച്ചുപണി നടത്തുന്നതിന് ഏറെ പഴികേട്ട ഡേവിഡ് ജയിംസ്, അതേ ശൈലി തുടരുന്നതാണ് സീസണിലെ നാലാം നാട്ടങ്കത്തിലും കണ്ടത്. മലയാളി താരം സക്കീർ മുണ്ടമ്പാറ ഇക്കുറിയും പകരക്കാരുടെ ബെഞ്ചിൽ ഇടംപിടിച്ചു.

മൽസരത്തിന്റെ തൽസമയ വിവരണത്തിലേക്ക്...

LIVE UPDATES
related stories