Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർ ഒന്നടങ്കം പറയുന്നു; ഇക്കുറിയെങ്കിലും ബ്ലാസ്റ്റ് പ്ലീസ്, ബ്ലാസ്റ്റേഴ്സ്...!

blasters-practice ഗുവാഹത്തിയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീ അംഗങ്ങൾ പരിശീലനത്തിൽ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനു വിയർക്കാതെ ജയിക്കാൻ 3 കാരണങ്ങളുണ്ട്. ഒന്ന്, ഗുവാഹത്തിയിൽ 20 ഡിഗ്രിക്കു താഴെയാണ് രാത്രി താപനില. വിയർത്തു കളിക്കണമെന്നില്ല, വീഴാതെ കളിച്ചാൽ മതി. രണ്ട്, ബ്ലാസ്റ്റേഴ്സിനെ ഉഷ്ണിപ്പിക്കാൻ പോന്നതല്ല നോർത്ത് ഈസ്റ്റിന്റെ ‘പ്രൊഫൈൽ’. ഇതുവരെ എട്ടുവട്ടം നേർക്കുനേർ മുട്ടിനോക്കിയപ്പോൾ അഞ്ചിലും ബ്ലാസ്റ്റേഴ്സിനു മുന്നിൽ അവർ മുട്ടിടിച്ചു വീണിട്ടേയുള്ളൂ. മൂന്ന്, ഹോം ഗ്രൗണ്ടിൽ പൂച്ചയെ പോലാണെങ്കിലും എവേ ഗ്രൗണ്ട‍ുകളിൽ ബ്ലാസ്റ്റേഴ്സ് ഇപ്പോഴും കടുവ തന്നെയാണ്.

എടികെയെ കടിച്ചു കുടഞ്ഞതും മുബൈയെ വിറപ്പിച്ചു വരുതിക്കു നിർത്തിയതും എവേ ഗ്രൗണ്ടുകളിലാണ്. ഒരു കടുവ ആക്രമിച്ചാൽ കുറ‍ഞ്ഞത് 7 മുറിവുകൾ ഉണ്ടാകുമെന്ന പഴമൊഴി നോർത്ത് ഈസ്റ്റ് ഓർത്താൽ നല്ലത്. 

∙ ‌‘ക്ലൈമാക്സ്’ പേടി

കഴിഞ്ഞ ആറുകളികളിൽ മൂന്നുവട്ടം ബ്ലാസ്റ്റേഴ്സിനു പോയിന്റ് നഷ്ടപ്പെട്ടത് അവസാന 10 മിനിറ്റുകളിലാണ്. മുംബൈയ്ക്കെതിരെ 1–0നു മുന്നിട്ടു നിന്ന ശേഷം 90–ാം മിനിറ്റിൽ ഗോൾ വഴങ്ങി രണ്ടു പോയിന്റ് വെള്ളത്തിലാക്കി. ഡൽഹിക്കെതിരെ1–0നു ലീഡ് ചെയ്ത ശേഷം 85–ാം മിനിറ്റിലായിരുന്നു ഒത്തുതീർപ്പ്.

ബെംഗളൂരുവിനെതിരെ 1–1ന് സമനില പാലിക്കേ, 81–ാം മിനിറ്റിൽ പരാജയഗോൾ വഴങ്ങി. കഴിഞ്ഞ മത്സരത്തിൽ വെടികൊണ്ട പോലെ ഓടിയ കോറോയെ പിടിച്ചുനിർത്താൻ ഡിഫൻഡർമാർക്കു കഴിയാതിരുന്നതുമൂലം ആദ്യപകുതിയിൽ തന്നെ രണ്ടുഗോൾ വാങ്ങിക്കൂട്ടി. 

∙ സാമ്യങ്ങൾ

വിജയം തേടിയിറങ്ങുന്ന ഇരു ട‍‍ീമുകൾക്കും ഒട്ടേറെ സമാനതകൾ പങ്കുവയ്ക്കാനുണ്ട്. മറ്റു ടീമുകൾക്കെല്ലാം ഹോം ഗ്രൗണ്ട് അവരുടെ ആത്മവിശ്വാസമാണെങ്കിൽ ബ്ലാസ്റ്റേഴ്സിനും നോർത്ത് ഈസ്റ്റിനും നേരെ തിരിച്ചാണ്. ഇരു ടീമുകൾക്കും സ്വന്തം ഗ്രൗണ്ടിലെ ഈ സീസൺ അത്ര ശുഭകരമല്ല. എവേ ഗ്രൗണ്ടുകളിൽ കരുത്തരായ ചെന്നൈയിനെയും എടികെയെയും തകർത്തുവിട്ട നോർത്ത് ഈസ്റ്റിന് സ്വന്തം ഗ്രൗണ്ടായ ഇന്ദിരഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ കളിച്ച മൂന്നുകളികളിൽ ഒന്നിൽപോലും ജയിക്കാനായില്ല. ഒന്നിൽ തോറ്റപ്പോൾ രണ്ടെണ്ണം സമനിലയായി.

ബ്ലാസ്റ്റേഴ്സിന്റെ കഥയും സമാനം. ഹോം ഗ്രൗണ്ടിൽ ഈ സീസണിൽ വിജയമില്ല. കഴിഞ്ഞ കളിയിൽ തോറ്റാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. കഴിഞ്ഞ കളിയിൽ നോർത്ത് ഈസ്റ്റും തോറ്റു. പോയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തു നിൽക്കുമ്പോൾ ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. 

∙ വിജയമെവിടെ?

മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമാണെന്ന സിദ്ധാന്തത്തിനു പിന്നാലെയാണ് ഇത്തവണയും ഡേവിഡ് ജെയിംസ് എങ്കിൽ, ടീം ലൈനപ്പിന്റെ കാര്യം പ്രവചനാതീതമായി തുടരും. നിലയ്ക്കാത്ത പരീക്ഷണങ്ങൾ തുടരുകയാണ് കോച്ച്. ഇന്നത്തെ മത്സരത്തിനു ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്കു സിറിൽ കാലി മടങ്ങിയെത്തുമെന്നു സൂചനയുണ്ട്. കെസിറോൺ കിസിത്തോയും ഹാലിചരൺ നർസാരിയും ആദ്യ ഇലവനിലുണ്ടാകില്ല. പകരം സെമിൻലെൻ ഡുംഗലും മലയാളിതാരം സഹൽ അബ്ദുൽ സമദും മധ്യനിരയിലെത്തും. കെ. പ്രശാന്തും സി.കെ. വിനീതും കൂടി ചേരുമ്പോൾ ആദ്യ ഇലവനിൽ മൂന്നു മലയാളി താരങ്ങൾ ഒന്നിക്കും.

സ്വന്തം താരങ്ങൾക്കായി ആഞ്ഞുവിളിക്കുന്നത് നോർത്ത് ഈസ്റ്റ് കാണികൾക്കു ശീലമായതിനാൽ കയ്യടിയിൽ പകുതി ബ്ലാസ്റ്റേഴ്സിനും ലഭിച്ചേക്കാം. കാരണം, ആദ്യ ഇലവനിൽ തന്നെ മിസോറം താരം ലാൽറുവാത്താരയും മണിപ്പൂർ താരം ഡുംഗലും കേരളത്തിനായി കളിക്കും. 

∙ വിശ്വാസം കാക്കാതെ നവീൻ

ഗോൾവലയ്ക്കു മുന്നിൽ ഹെഡ് കോച്ച് ഡേവിഡ് ജെയിംസിനു വിശ്വാസം നവീൻ കുമാറിനെയാണ്. പക്ഷേ, നവീന്റെ പ്രകടനം ഒട്ടും വിശ്വാസമുണർത്തുന്നതല്ല. ആദ്യ കളികളിൽ മികച്ച പ്രകടനം പുറത്തെടുത്ത കൗമാരതാരം ധീരജ് സിങ് എട്ടു ഷോട്ടുകളിൽ നിന്നു വഴങ്ങിയത് ഒരേയൊരു ഗോൾ മാത്രം.

എന്നാൽ, ധീരജിനു പകരം കോച്ച് വിശ്വസിച്ചു ഗോൾവല ഏൽപ്പിച്ച നവീൻ 17 ഷോട്ടുകളിൽ നിന്നു വഴങ്ങിയത് ഒൻപതു ഗോളുകൾ. ശരാശരി ഓരോ പകുതിസമയത്തും നവീൻ ഓരോ ഗോൾ വഴങ്ങുന്നുവെന്നു സാരം.

∙ അതേ ‘ഹോട്സീറ്റി’ൽ ഡേവിഡ് ജെയിംസും! 

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് 7 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ വിചിത്രമായ ചിലതു സംഭവിച്ചു. ഏഴു മത്സരങ്ങളിൽ ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തായി. കോച്ച് റെനെ മ്യൂലൻസ്റ്റീന്റെ കസേര തെറിച്ചു. ലീഗിന്റെ പാതിവഴിയിൽ ഡേവിഡ് ജെയിംസ് പരിശീലകസ്ഥാനമേറ്റെടുത്തു. ഈ സീസണിലും ഏഴു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ എവിടെയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം? കഴിഞ്ഞ സീസണിലേതു പോലെ ഏഴാം സ്ഥാനത്തു തന്നെ. പോയിന്റും അതേപടി ഏഴു തന്നെ!

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റ് കോച്ച് എന്ന സൽപ്പേരുമായി ബ്ലാസ്റ്റേഴ്സിലെത്തിയ മ്യൂലൻസ്റ്റീനു കീഴിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഏഴു മത്സരങ്ങളും ആശയക്കുഴപ്പം നിറഞ്ഞതായിരുന്നു. നാലു മത്സരവും സമനില. രണ്ടു കളിയിൽ സമ്പൂർണതോൽവി. ഒന്നിൽ മാത്രം ജയം. പോയിന്റ് ഏഴുമാത്രം. കോച്ചിന്റെ കസേര തെറിച്ചതോടെ ആപത്ബാന്ധവനായി ഡേവിഡ് ജെയിംസ് എത്തി. ഈ സീസണിലും ഏഴു മത്സരം പൂർത്തിയാകുമ്പോൾ ഡേവിഡ് ജെയിംസിന്റെ അക്കൗണ്ടിലും ഒരു വിജയം മാത്രം. നാലു സമനിലയും രണ്ടു തോൽവിയും. കണക്കുകളിൽ അതേപടി സാമ്യം. 

∙ പരിശീലകർ പറയുന്നു

‘‘ഞങ്ങളുടെ ഒരു വിദേശതാരത്തിനു പരുക്കുണ്ട്. ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിനു കളിക്കാനാകുമോ എന്നു തീർച്ചയില്ല. ഇന്ത്യൻ താരങ്ങളിൽ ചിലർക്കും പരുക്കുണ്ട്. എങ്കിലും ആശങ്കയില്ല, ഇതൊക്കെ ഫുട്ബോളിന്റെ ഭാഗമാണ്.’’ - ഈൽകോ ഷാറ്റോറി (നോർത്ത് ഈസ്റ്റ് കോച്ച്) 

‘‘ഗോവയ്ക്കെതിരായ മത്സരത്തിലൊഴികെ എല്ലാ കളികളിലും ബ്ലാസ്റ്റേഴ്സ് മാന്യമായ പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചിരുന്നു. ഗോവയോടു നന്നായി കളിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്കു വിജയമാണ് വേണ്ടത്. എല്ലാ കളികളിലും ഞങ്ങൾ 3 പോയിന്റ് ലക്ഷ്യംവയ്ക്കുന്നു.’’ - ഡേവിഡ് ജയിംസ് (കേരള ബ്ലാസ്റ്റേഴ്സ് കോച്ച്)