Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണെയെ വരെ ‘ജയിപ്പിച്ചു’; സീസണിലെ നാലാം തോൽവിയുമായി ബ്ലാസ്റ്റേഴ്സ് പിന്നോട്ട് (0–1)

dheeraj-save പുണെയുടെ ഗോൾ ശ്രമം തടയുന്ന ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പർ ധീരജ് സിങ്. ചിത്രം: ഐഎസ്എൽ ട്വിറ്റർ‌

കൊച്ചി∙ ‘ഒരുമ ഞങ്ങളുടെ പെരുമ’ എന്ന പ്രഖ്യാപനത്തോടെ പിണക്കം മറന്നെത്തിയ ആരാധകർ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ വീണ്ടും മഞ്ഞക്കടലാക്കിയ മൽസരത്തിൽ എഫ്സി പുണെ സിറ്റിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് പുണെ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ആദ്യപകുതിയിൽ ബ്രസീലിയൻ താരം മാർസലീഞ്ഞോ നേടിയ ഗോളാണ് പുണെയ്ക്ക് ജയം സമ്മാനിച്ചത്. മലയാളി താരം ആഷിഖ് കുരുണിയന്റെ പാസിൽനിന്നായിരുന്നു മാർസലീഞ്ഞോയുടെ വിജയഗോൾ. ഇതോടെ, ഈ വർഷത്തെ അവസാനത്തെ ഹോം മൽസരത്തിൽ സീസണിലെ രണ്ടാം ജയം കൊതിച്ചെത്തിയ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി പുണെ സ്വന്തമാക്കിയത് അവരുടെ രണ്ടാമത്തെ ജയം!

മൽസരത്തിന്റെ ഇരുപകുതികളിലുമായി ഒട്ടേറെ സുവർണാവസരങ്ങൾ പാഴാക്കിയാണ് ‘പതിവുപോലെ’ ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഗോൾ നേടിയ മാർസലീഞ്ഞോയ്ക്ക് ഉൾപ്പെടെ പുണെ താരങ്ങള്‍ക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പോസ്റ്റിനു മുന്നിൽ ധീരജ് സിങ്ങിന്റെ തകർപ്പൻ സേവുകളാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയഭാരം ഒരു ഗോളിൽ ഒതുക്കിയത്. രണ്ടാം പകുതിയിൽ സി.കെ. വിനീത്, കെ.പ്രശാന്ത് എന്നിവർ കൂടി കളത്തിലിറങ്ങിയതോടെ മലയാളികളുടെ സ്വന്തം ടീമിൽ ഒരേ സമയത്ത് അഞ്ച് മലയാളി താരങ്ങൾ നിറഞ്ഞത് തോൽവിക്കിടയിലും സന്തോഷം പകരുന്ന കാഴ്ചയായി. സഹൽ അബ്ദുൽ സമദ്, അനസ് എടത്തൊടിക, സക്കീർ മുണ്ടംപറമ്പ എന്നിവർ ആദ്യ ഇലവനിൽത്തന്നെ ഇടംപിടിച്ചിരുന്നു.

സീസണിലെ 11–ാം മൽസരം കളിച്ച് നാലാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ഒൻപതു പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുകയാണ്. 11 മൽസരങ്ങളിൽനിന്ന് സീസണിലെ രണ്ടാമത്തെ മാത്രം ജയം നേടിയ എഫ്സി പുണെ സിറ്റി എട്ടു പോയിന്റുമായി എട്ടാം സ്ഥാനത്തേക്കു കയറി.

∙ വിജയഗോൾ വന്ന വഴി

പുണെയുടെ ഗോൾ: ആക്രമണത്തിൽ താരതമ്യേന മികച്ചുനിന്ന ബ്ലാസ്റ്റേഴ്സ് ലീഡ് നേടുന്നതും കാത്തിരുന്ന ആരാധകരെ ഞെട്ടിച്ച് പുണെ മുന്നിലെത്തുമ്പോൾ മൽസരത്തിനു പ്രായം 20 മിനിറ്റു മാത്രം. ബ്ലാസ്റ്റേഴ്സ് നടത്തിയ ഗോൾനീക്കം പൊളിച്ച് പുണെ നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നായിരുന്നു ഗോളിന്റെ പിറവി. മധ്യവരയ്ക്കു സമീപത്തുനിന്നും ഇയാൻ ഹ്യൂം ഇടതുവിങ്ങിലേക്ക് നീട്ടിനൽകിയ പാസ് മലയാളി താരം ആഷിഖ് കുരുണിയന്. ശരവേഗത്തിൽ കുതിച്ചുകയറി ആഷിഖ് നൽകിയ ക്രോസിൽ അപകടം മണത്തവർ ചുരുക്കം. ഓടിക്കയറി പന്തു പിടിച്ചെടുത്ത മാർസലീഞ്ഞോയുടെ മനസ്സിൽ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. സ്ഥാനം തെറ്റിനിന്ന ധീരജ് സിങ്ങിനെ കബളിപ്പിച്ച് മാർലസലീഞ്ഞോയുടെ ലോബ് ബ്ലാസ്റ്റേഴ്സ് വലയിൽ. സ്കോർ 1–0. ഏഴാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽനിൽക്കെ പാഴാക്കിയ സുവർണാവസരത്തിന് മാർസലീഞ്ഞോയുടെ പ്രായശ്ചിത്തം!

∙ മികച്ചു കളിച്ചു, ഗോളടിക്കാൻ മറന്നു!

മൽസരത്തിൽ പുണെയേക്കാൾ എന്തുകൊണ്ടും മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. പന്തടക്കത്തിലും പാസിങ്ങിലും ആക്രമണത്തിലുമെല്ലാം ബ്ലാസ്റ്റേഴ്സ് പുണെയേക്കാൾ മുന്നിലായിരുന്നുവെന്നതിന് കണക്കുകൾ സാക്ഷി. പുണെ താരങ്ങൾ മൽസരത്തിലാകെ നൽകിയത് 291 പാസുകളായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത് 409 പാസുകളാണ്! മൽസരത്തിന്റെ 59 ശതമാനം സമയവും പന്ത് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈവശമായിരുന്നു. പുണെ പന്തു നിയന്ത്രിച്ചത് 41 ശതമാനം സമയം മാത്രം.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ പോസ്റ്റിലേക്കും പുറത്തേക്കുമായി 17 തവണ ഷോട്ട് ഉതിർത്തപ്പോൾ പുണെ നടത്തിയ ഗോൾ ശ്രമങ്ങൾ വെറും ആറു മാത്രം. പറഞ്ഞിട്ടെന്ത്, ആറു തവണ ഗോൾ ലക്ഷ്യം വച്ചതിൽ ഒരെണ്ണത്തിൽ അവർ വിജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ 17 ഗോൾശ്രമങ്ങളും പാഴായിപ്പോയി! ഈ കണക്കുകൾ മാത്രം നോക്കിയാൽ മതി, മൽസരത്തിന്റെ ഗതിയും ദിശയുമറിയാൻ.

∙ അവസരങ്ങൾ സൃഷ്ടിച്ച്, പാഴാക്കി ബ്ലാസ്റ്റേഴ്സ്!

അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പാഴാക്കുന്നതിലും ‘സ്വയം മൽസരി’ച്ചാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തോൽവിയേറ്റു വാങ്ങിയത്. ആദ്യപകുതിയിൽ മാത്രം അര ഡസനോളം സുവർണാവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാഴാക്കിയത്. ആദ്യപകുതിയിൽ സ്ലാവിസ സ്റ്റോയനോവിച്ച്, ലെൻ ഡുംഗൽ എന്നിവരും രണ്ടാം പകുതിയിൽ സി.കെ. വിനീത്, പ്രശാന്ത്, തുടങ്ങിയവരും അവസരം പാഴാക്കി. ഇരുപകുതികളിലുമായി സഹലും പാഴാക്കി മികച്ച രണ്ട് അവസരങ്ങൾ. അതേസമയം, മൽസരത്തിലെ ഏറ്റവും മികച്ച ഗോളവസരം ലഭിച്ചത് പുണെയ്ക്കായിരുന്നു.

മൽസരത്തിന് ഏഴു മിനിറ്റ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇത്. അനസ് എടത്തൊടികയുടെ പാളിപ്പോയൊരു പ്രതിരോധ ശ്രമത്തിൽനിന്ന് ലഭിച്ച പന്തുമായി മാർലസീഞ്ഞോ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഓടിക്കയറുമ്പോൾ മുന്നിൽ ഗോൾകീപ്പർ മാത്രം. ഒറ്റയ്ക്കായിട്ടും മനഃസാന്നിധ്യം കൈവിടാതെ പോസ്റ്റിനു കാവൽനിന്ന ധീരജിന്റെ ധീരമായ ശ്രമം മാർസലീഞ്ഞോയ്ക്ക് ഗോൾ നിഷേധിക്കുമ്പോൾ ഗാലറിയിൽ കയ്യടി പടർന്നു.

പിന്നീട് മൽസരത്തിലെ മികച്ച അവസരങ്ങളിലേറെയും ലഭിച്ചത് ബ്ലാസ്റ്റേഴ്സിനാണ്. കറേജ് പെക്കൂസൻ ബോക്സിനു തൊട്ടുവെളിയിൽനിന്ന് നൽകിയ ഉജ്വലമായൊരു ക്രോസിന് കാൽവയ്ക്കാൻ സ്റ്റോയനോവിച്ചിന് സാധിക്കാതെ പോയതാണ് ആദ്യത്തെ നിർഭാഗ്യം. ഇടയ്ക്ക് ബോക്സിനു തൊട്ടുമുന്നിൽ ലഭിച്ച അവസരം ലെൻ ഡുംഗൽ പതിവുപോലെ ദുർബലമായ ഷോട്ടിനു ശ്രമിച്ച് പാഴാക്കി. ഇതിനിടെ ഒറ്റയ്ക്ക് മുന്നേറി പുണെ ബോക്സിനുള്ളിലേക്കു കടന്ന സഹൽ അബ്ദുൽ സമദിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പോയപ്പോഴും പാഴായത് മറ്റൊരു ഗോളവസരം. 20–ാം മിനിറ്റിൽ ഗോള്‍ വഴങ്ങിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമാവുകയും ചെയ്തു.

ആദ്യ പകുതിയിൽ തീരെ ലക്ഷ്യബോധമില്ലാതെ കളിച്ച ലെൻ ഡുംഗലിനെ പിൻവലിച്ച് മലയാളി താരം സി.കെ. വിനീതിനെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതി ആരംഭിച്ചത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽത്തന്നെ ഹാലിചരൺ നർസാരിയുടെ പാസിൽ സ്റ്റോയനോവിച്ചിന് തകർപ്പനൊരു അവസരം ലഭിച്ചെങ്കിലും പാഴായിപ്പോയി. അവസരം കിട്ടിയപ്പോഴെല്ലാം ഗോളിയുടെ കൈകളിലേക്ക് അടിച്ചുകൊടുത്ത് സി.കെ. വിനീത് ‘നല്ല കുട്ടിയായി’. ഇതിനിടെ കറേജ് പെക്കൂസനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് കെ.പ്രശാന്തിനെയും ഹാലിചരൺ നർസാരിയെ പിൻവലിച്ച് സൂരജ് റാവത്തിനെയും പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.

മൽസരത്തിന്റെ തൽസമയ വിവരണത്തിലേക്ക്...

LIVE UPDATES