Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതിവഴിയിൽ കയ്യൊഴിഞ്ഞ് ജയിംസും; ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ആരു വരും?

David James ഡേവിഡ് ജയിംസ്

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഡേവിഡ് ജയിംസ് ടീം വിട്ടു. ‘പൂർണ പരസ്പരധാരണയോടെ’ വഴിപിരിയുന്നതായി ടീം മാനേജ്മെന്റ് അറിയിച്ചു. എന്നാൽ മുംബൈ സിറ്റി എഫ്സിക്കെതിരായ 1–6 തോൽവിയുടെ ആഘാതത്തിൽ ജയിംസ് സ്വയം മാറുകയായിരുന്നു. കോച്ചിന്റെ രാജി ആരാധകരിൽ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു.

5–ാം ഐഎസ്എൽ സീസണിൽ മൂന്നു ഹോംമാച്ചുകളടക്കം 6 മൽസരങ്ങൾ ബാക്കിനിൽക്കെയാണു ഡേവിഡ് ജയിംസ് മടങ്ങുന്നത്. മൂന്നു സീസണുകളിലേക്കായിരുന്നു കരാർ. പ്രഥമ സീസണിൽ മാർക്വീതാരവും മുഖ്യപരിശീലകനുമായിരുന്നു ജയിംസ്.

അന്നു ടീം ഫൈനൽ കളിച്ചിരുന്നു. ഇക്കുറി ഒരു വർഷം തികയാതെയാണു മടക്കം. റെനി മ്യൂലൻസ്റ്റീനെ പുറത്താക്കിയതിനെത്തുടർന്നു കഴിഞ്ഞ ജനുവരിയിലാണു ജയിംസ് ചുമതലക്കാരനായത്. കഴിഞ്ഞ സീസണിൽ ടീമിനെ ആറാം സ്ഥാനത്ത് എത്തിച്ചു. ഇക്കുറി ഉദ്ഘാടന മൽസരത്തിൽ വിജയത്തോടെ തുടങ്ങിയെങ്കിലും തുടർന്നുള്ള 11 മൽസരങ്ങളിൽ ഒന്നുപോലും ജയിക്കാനായില്ല.

∙ പകരക്കാരനെത്തേടി

മുഖ്യപരിശീലകൻ മടങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിനു മുൻപിൽ 3 വഴികൾ. ജയിംസിന്റെ സഹായി ഹെർമൻ ഹ്രീഡാർസൻ, ഇന്ത്യക്കാരൻ താങ്ബോയ് സിങ്തോ, പുതിയൊരു പരിശീലകൻ.

ഹ്രീഡാർസനെ ചുമതലപ്പെടുത്തുകയാണ് എളുപ്പം. ജയിംസ് കൊണ്ടുവന്നയാളാണ് ഈ ഐസ്‌ലൻഡുകാരൻ. പിണങ്ങിയല്ല വേർപിരിയൽ എന്നതിനാൽ ഹ്രീഡാർസൻ ആശാന്റെ പിന്നാലെ പോകില്ലെന്നാണു കണക്കുകൂട്ടൽ. ഹ്രീഡാർസൻ തുടരുന്നില്ലെങ്കിൽ താങ്ബോയ് ചുമതലയേൽക്കും. ഇന്ത്യൻ കളിക്കാരെ നന്നായിറിയാവുന്നയാൾ എന്ന അനുകൂലഘടകമുണ്ട്. താങ്ബോയിയുടെ മേൽക്കോയ്മ ചോദ്യം ചെയ്യുന്ന വിദേശതാരങ്ങളാരും ടീമിൽ ഇല്ല എന്നതും പ്രധാനം.

പുതിയ ആളെ കണ്ടെത്താൻ ഒന്നര മാസത്തെ ഇടവേളയുണ്ട്. ബാക്കിയുള്ള 6 മാച്ചിനും സൂപ്പർ കപ്പിനും മാത്രമായി വിദേശപരിശീലകനെ കണ്ടെത്തുക എളുപ്പമല്ല. ഇംഗ്ലീഷ് ഫുട്ബോളിന്റെ ‘ഹാങ്ഓവർ’ കുടഞ്ഞെറിയാൻ ഇതൊരു അവസരമാണു ബ്ലാസ്റ്റേഴ്സിന്. ഭാഷയ്ക്ക് ഇന്ത്യൻ ഫുട്ബോളിൽ അമിതപ്രാധാന്യമില്ലെന്ന് വിവിധ ഐഎസ്എൽ ടീമുകളുടെ പരിശീലകരായെത്തിയ സീക്കോയും കാർലെസ് കുവാദ്രാത്തും മറ്റെരാസിയും ഹബാസും ഹോസെ മൊളീനയും തെളിയിച്ചതാണ്.

ഡേവിഡ് ജയിംസിന് കീഴിൽ ബ്ലാസ്റ്റേഴ്സ്

ജയം 1
സമനില 6
തോൽവി 5
പോയിന്റ് 9
അടിച്ചഗോൾ 12
വഴങ്ങിയഗോൾ 20
മഞ്ഞക്കാർഡ് 22
ചുവപ്പുകാർഡ് 1
പാസിങ് 68.85%

related stories