Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച മിഡ്ഫീൽഡർമാരെ കൊണ്ടുവരും, ടീം പുതുക്കിപ്പണിയും: ബ്ലാസ്റ്റേഴ്സ് ഉടമ പ്രസാദ്

nimmagadda-prasad

ഹൈദരാബാദ് ∙ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ മികവുള്ള വിദേശ മിഡ്ഫീൽഡർമാരെ കൊണ്ടുവരുമെന്നു ക്ലബ് ഉടമ നിമ്മഗഡ്ഡ പ്രസാദ്. ടീം രൂപപ്പെടുത്തുന്നതിൽ കോച്ചിന്റെ തീരുമാനങ്ങളിൽ കൈകടത്തൽ ഉണ്ടാവില്ല. പക്ഷേ ക്ലബ് മാനേജ്മെന്റിനും പങ്കുണ്ടാവും.കേരള ബ്ലാസ്റ്റേഴ്സിന് ആരാധകരുടെ പിന്തുണ ഏറ്റവുമധികം ആവശ്യമുള്ള ഘട്ടമാണിത്. ശേഷിക്കുന്ന മൽസരങ്ങൾ കാണാൻ കലൂർ സ്റ്റേഡിയത്തിൽ എത്തണമെന്നും ടീമിനെ പ്രോൽസാഹിപ്പിക്കണമെന്നും പ്രസാദ് അഭ്യർഥിച്ചു.

നീണ്ട ഇടവേളയ്ക്കുശേഷം ഐഎസ്എൽ സീസൺ 25ന് പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വ്യവസായ പ്രമുഖൻ കൂടിയായ നിമ്മഗഡ്ഡ പ്രസാദ് ‘മനോരമ’യോട്:

∙ഈ സീസണിൽ ഇനിയൊന്നും തെളിയിക്കാനില്ല എന്നു ചിന്തിക്കരുത്. അഭിമാനം കാക്കാനാണ് ഇനിയുള്ള മൽസരങ്ങൾ. ചെറുപ്പക്കാർക്ക് അവസരവുമാണ്. എന്നുവച്ച് ജയം ബലികഴിച്ചുള്ള പരീക്ഷണങ്ങൾ ഉണ്ടാവില്ല. സൂപ്പർ കപ്പിനു യോഗ്യത നേടുക എന്ന ലക്ഷ്യവുമുണ്ട്.

∙ഇതുവരെ പരിശീലകരുടെ സിലക്‌ഷൻ നയങ്ങളിൽ ‍ക്ലബ് മാനേജ്മെന്റ് ഇടപെട്ടിട്ടില്ല. ഇനി യുക്തിസഹമായി ഇടപെടും. അതൊരു കൈകടത്തൽ ആവില്ല. കോച്ചിനെ ബഹുമാനിച്ചുള്ള ഇടപെടൽ തന്നെയാവും

∙ബ്ലാസ്റ്റേഴ്സിന് ഇതുവരെ മികച്ച മിഡ്ഫീൽഡർമാർ ഉണ്ടായിരുന്നില്ല എന്ന പരാതി തീർക്കാൻ ശ്രമിക്കും. നല്ല വിദേശ മിഡ്ഫീൽഡർമാരെ കൊണ്ടുവരും. 

∙നല്ല മിഡ്ഫീൽഡർമാരെ കൊണ്ടുവരാത്തത് ആവശ്യത്തിനു പണം മുടക്കാത്തതിനാലാണ് എന്ന ആരോപണം ശരിയല്ല. പിശുക്കു കാണിച്ചിട്ടില്ല. ബെർബറ്റോവ് ഉദാഹരണം. കൂടുതൽ പണം കൊടുത്തതുകൊണ്ട് ഒരാൾ നല്ല മിഡ്ഫീൽഡർ ആകണമെന്നില്ല.

∙ഫുട്ബോൾ ക്ലബ് നടത്തിപ്പിലെ ഒട്ടേറെ പാഠങ്ങൾ പഠിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. 

∙ബ്ലാസ്റ്റേഴ്സ് താഴെത്തട്ടിൽ നടത്തുന്ന ഫുട്ബോൾ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. ജൂനിയർ തലത്തിൽ നല്ല നേട്ടം ഉണ്ടാക്കുന്നു. സഹൽ അബ്ദുൽ സമദ് ഒരുദാഹരണം മാത്രം. ബ്ലാസ്റ്റേഴ്സ് കളരിയിൽനിന്നൊരാൾ യൂറോപ്പിൽ ലീഗ് കളിക്കുന്നതു ഞങ്ങളുടെ സ്വപ്നമാണ്. 

∙ആരാധകർക്കു ക്ലബ്ബിൽ‍ അംഗത്വം നൽകുന്നതു ചർച്ച ചെയ്യുന്നുണ്ട്.

∙സി.കെ. വിനീതും നർസാരിയും ഗോളി നവീനും ടീം വിടുന്നു. ഗോവയുടെ ഗോളി റാൾട്ടെ പകരം വരുന്നു. ജിങ്കാൻ ഉൾപ്പെടെ മറ്റു പ്രമുഖരാരും ടീം വിടുന്നില്ല. 

∙കോച്ച് വിൻഗാഡ കാര്യങ്ങൾ പഠിക്കട്ടെ എന്നു കരുതിയാണ് മേയ് വരെ മാത്രം കരാർ ഒപ്പിട്ടത്. അതുകഴിഞ്ഞു തീരുമാനിക്കാം ഭാവി കാര്യങ്ങൾ. തുടരെ പരിശീലകരെ മാറുന്നത് നല്ലതല്ല എന്നു തിരിച്ചറിയുന്നു.