Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോറ്റ് തോറ്റ് തോറ്റ് ബ്ലാസ്റ്റേഴ്സ്; ഡൽഹിയോടും തോറ്റ് ഒൻപതാം സ്ഥാനത്ത് (2–0)

delhi-first-goal ഗോൾ നേടിയ ജിയാനി സ്യൂവർലൂന് സഹതാരത്തിന്റെ അഭിനന്ദനം.

ന്യൂഡൽഹി∙ ‘വിജയ ദാരിദ്ര്യം’ നേരിടുന്ന രണ്ടു ടീമുകൾ മുഖാമുഖമെത്തിയ ഐഎസ്എൽ പോരാട്ടത്തിൽ ‍കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഡൽഹി ഡൈനാമോസിന് തകർപ്പൻ ജയം. സ്വന്തം മൈതാനത്ത് ഈ സീസണിൽ ഇതുവരെ ജയം നേടാൻ സാധിച്ചിട്ടില്ലെന്ന കേടുതീർത്ത ഡൽഹി, എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്. മൽസരത്തിന്റെ ഇരുപകുതികളിലുമായി ജിയാനി സ്യൂവർലൂൻ (28), റെനെ മിഹേലിച്ച് (90+2, പെനൽറ്റി) എന്നിവർ നേടിയ ഗോളുകളാണ് ആതിഥേയർക്കു വിജയം സമ്മാനിച്ചത്. ഇൻജുറി ടൈമിലെ പെനൽറ്റിക്കു കാരണക്കാരനായ ലാൽറുവാത്താര ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി.

സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണിത്. പുതിയ പരിശീലകൻ വിൻഗാഡയ്ക്കു കീഴിൽ നേരിടുന്ന ആദ്യ പരാജയവും. ഇതോടെ 14 മൽസരങ്ങളിൽനിന്ന് ഒരേയൊരു ജയവും ഏഴു സമനിലയും ആറു തോൽവിയും ഉൾപ്പെടെ 10 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്കു പതിച്ചു. സീസണിലെ രണ്ടാമത്തെ മാത്രം ജയം കുറിച്ച ഡ‍ൽഹിയാകട്ടെ, 13 മൽസരങ്ങളിൽനിന്ന് രണ്ടു ജയവും നാലു സമനിലയിലും ഏഴു തോൽവിയും സഹിതം 10 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.

∙ ഗോളുകൾ വന്ന വഴി

ഒന്നാം ഗോൾ: ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് ഡൽഹി ഡൈനാമോസ് ആദ്യം ലീഡ് നേടിയത് 28–ാം മിനിറ്റിൽ. ‍ഡൽഹിയുടെ ഡച്ച് താരം ജിയാനി സ്യൂവർലൂനാണ് ഗോൾ നേടിയത്. ഡൽഹിക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്ന് സ്ലൊവേനിയൻ താരം റെനെ മിഹേലിച്ച് ഉയർത്തിവിട്ട പന്തിൽ സ്യൂവർലൂന്റെ കിടിലൻ ഫിനിഷിങ്. ഡൈവു ചെയ്ത് പന്തു തടയാനുള്ള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ധീരജ് സിങ്ങിന്റെ ശ്രമം വിഫലം. കയ്യിലടിച്ച് പന്ത് വലയിൽ. സ്വന്തം ബോക്സിന്റെ നടുമുറ്റത്ത് കോർണർ കിക്ക് പ്രതിരോധിക്കുമ്പോൾ എതിർ ടീം താരത്തെ മാർക്ക് ചെയ്യാതെ വിട്ട ബ്ലാസ്റ്റേഴ്സിന് അർഹിച്ച ശിക്ഷ. സ്കോർ 1–0.

രണ്ടാം ഗോൾ: രണ്ടാം പകുതിയുടെ ഇൻജുറി സമയത്ത് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഡൽഹി താരം ചാങ്തെയുടെ മുന്നേറ്റം. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ ബോക്സിനുള്ളിൽ വെട്ടിയൊഴിഞ്ഞു കയറാനുള്ള ചാങ്തെയുടെ ശ്രമത്തെ പ്രതിരോധിച്ച് പിന്നിൽനിന്നും ലാൽറുവാത്താരയുടെ ഫൗൾ. പെനൽറ്റി സ്പോട്ടിലേക്കു വിരൽ ചൂണ്ടിയ റഫറി ലാൽറുവാത്താരയ്ക്ക് ചുവപ്പുകാർഡും നൽകി. പെനൽറ്റിയെടുത്ത റെനെ മിഹേലിച്ചിനു പിഴച്ചില്ല. പന്തു വലയിൽ. സ്കോർ 2–0.

മൽസരത്തിന്റെ തൽ‌സമയ വിവരണത്തിലേക്ക്...

LIVE UPDATES