Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറഞ്ഞുകളിച്ച്, ഗോളടിച്ച്, ആവേശമായ് നർസാരി

blasters-mumbai

കൊച്ചി∙ ഹാലിചരൺ നർസാരിയെന്ന ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർക്കു വയസ് 24. ഇന്നലെ, മുംബൈയ്ക്കെതിരെ കൊമ്പൻമാർക്കു ലീഡ് നൽകിയ നർസാരി ഗോൾ പിറന്നതും  24 -ാം മിനിറ്റിൽ! പക്ഷേ, 24 -ാം മിനിറ്റിൽ മാത്രമൊതുങ്ങിയില്ല, നർസാരിയുടെ കളിമിടുക്ക്. 90 മിനിറ്റും നിറഞ്ഞു കളിച്ച നർസാരി ഗോളടിക്കുക മാത്രമല്ല ചെയ്തത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മികച്ചു നിന്നു; അതെല്ലാം ഗോളിലെത്തിയില്ലെങ്കിലും. 

∙ ആദ്യ കളിയിൽ കൊൽക്കത്തയ്ക്കെതിരെ പുറത്തെടുത്ത മിന്നുന്ന പ്രകടനം നർസാരി ഇന്നലെയും ആവർത്തിച്ചപ്പോൾ മധ്യ – മുന്നേറ്റനിരകൾ ഒരേ താളത്തിൽ എതിർബോക്സിലേക്ക് ഇരമ്പിക്കയറി. കൊൽക്കത്തയ്ക്കെതിരെ സ്റ്റൊയനോവിച് നേടിയ ഗോളിനു വഴി തുറന്നതു നർസാരിയായിരുന്നു. 

∙ ഇന്നലെ തുടക്കത്തിൽ കളി കൈവശം വച്ച ബ്ലാസ്റ്റേഴ്സിനായി മധ്യനിരയിൽ അധ്വാനിച്ചു കളിച്ചതു നർസാരിയായിരുന്നു. അതിനു ഗോളെന്ന ഫലവും കിട്ടി.  ഐഎസ്എലിൽ എഫ്സി ഗോവയ്ക്കും നോർത്ത് ഈസ്റ്റിനും വേണ്ടി കളിച്ചിട്ടുള്ള അസം സ്വദേശിയായ നർസാരിയുടെ ആദ്യ സീസണാണു ബ്ലാസ്റ്റേഴ്സിനൊപ്പം. വേഗം, എതിർ ബോക്സിലേക്കുള്ള മികച്ച ക്രോസുകൾ, 90 മിനിറ്റും പറന്നുകളിക്കാനുള്ള ചുറുചുറുക്ക്; ഇത്രയും ചേർന്നാൽ ഹാലിചരൺ നർസാരിയായി.