Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒത്തൊരുമ കൈവിട്ട്, അവസരം കളഞ്ഞുകുളിച്ച് ബ്ലാസ്റ്റേഴ്സ്

Manjappada-banner പ്രളയകാല രക്ഷാപ്രവർത്തനത്തിനുള്ള ആദരമായി ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തിയ ബാനർ ചിത്രം: ടോണി ഡൊമിനിക്

സ്വന്തം മൈതാനത്തു വിജയത്തോടെ തുടങ്ങാനുള്ള സുവർണാവസരമാണു ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചത്. ആദ്യപകുതിയിൽ ഒന്നാന്തരം കളി പുറത്തെടുത്ത ടീം രണ്ടാം പകുതിയിൽ കളി മറന്നുവെന്ന പോലെ തോന്നിപ്പിച്ചു. കളിയുടെ അവസാന നിമിഷങ്ങളിലെ മുംബൈ ആക്രമണം തടയുന്നതിനുള്ള കരുതലും കൗശലവും ബ്ലാസ്റ്റേഴ്സ് കാണിച്ചില്ല. തുടക്കത്തിൽ പുറത്തെടുത്ത ഒത്തൊരുമ പിന്നീടു കൈമോശം വന്നതാണു തിരിച്ചടിയായത്. ഇടവേളയ്ക്കു ശേഷം രണ്ടു ടീമുകളിലുമുണ്ടായ  മാറ്റം ശ്രദ്ധേയമായി.

പന്ത് കൈവശം വച്ച് ആക്രമിക്കാൻമുംബൈ തുനിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്നു ലീഡ് ഉയർത്താനുള്ള ശ്രമമുണ്ടായില്ല. അവസാന മിനിറ്റുകളിൽ ലീഡ് നിലനിർത്താനും ടീം ശ്രദ്ധ വച്ചില്ല. പരിചയക്കുറവിന്റെ പോരായ്മയാണിത്. മുംബൈയ്ക്കു സമനില നേടിക്കൊടുത്ത ഗോൾ ഉജ്വലമെന്നു തന്നെ പറയണം. രണ്ടു പകുതികളിലായി തൊണ്ണൂറു മിനിട്ട് നീളുന്നതാണ് ഫുട്ബോൾ. അതിലൊരു ഭാഗം മാത്രം നന്നായതുകൊണ്ടു കളി മികച്ചതെന്ന് ആരും പറയില്ല.. 

നഷ്ടപ്പെടുത്തിയ രണ്ടു പോയിന്റിന്റെ വില ഇപ്പോൾ മനസിലാകില്ല. വൻടീമുകൾക്കെതിരെയുള്ള മൽസരവുംപിന്നിട്ടു ലീഗ് അന്തിമഘട്ടം എത്തുമ്പോൾ മാത്രമേ കൈവിട്ട കളിയുടെയും  പോയിന്റിന്റെയും മൂല്യം അറിയൂ. എടികെക്കെതിരെ അവരുടെ ഗ്രൗണ്ടിൽ ചെന്നു കാഴ്ചവച്ച കളി സ്വന്തം കാണികൾക്കു മുന്നിൽ പുറത്തെടുക്കാനായില്ലെന്നു പറയാതെ വയ്യ.