Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫറി കളിച്ചു!; ഗോൾ അനുവദിച്ചു പിന്നെ നിഷേധിച്ചു; നഷ്ടം ബ്ലാസ്റ്റേഴ്സിന്

isl-kerala-blasters-1 ഇതു ഫൗളല്ലേ സർ: ബ്ലാസ്റ്റേഴ്സിനു കിട്ടിയ കോർണർ കിക്കിൽ നിന്ന് പെസിച്ചിന്റെ തലയിലുരുമ്മി പന്ത് നിലത്തേക്ക്.

പുണെ സിറ്റിക്കെതിരായ മൽസരത്തിൽ കേരളത്തിന് ആവേശമേകി പന്ത്രണ്ടാമൻ ‘മഞ്ഞപ്പട’ ഗാലറിയിൽ. പക്ഷേ പുണെയുടെ പന്ത്രണ്ടാമനും പതിമൂന്നാമനും കളത്തിൽത്തന്നെയായിരുന്നു, റഫറിമാരുടെ രൂപത്തിൽ. ബ്ലാസ്റ്റേഴ്സിന് ലഭിക്കേണ്ട പെനൽറ്റി നിഷേധിച്ചും പുണെയ്ക്ക് പെനൽറ്റി അനുവദിച്ചും റഫറി ഓം പ്രകാശ് ഠാക്കൂർ ‘നിറഞ്ഞുകളിച്ചു’. കളിക്ക് പ്രായം 45 മിനിറ്റിലേക്ക് എത്തുമ്പോഴായിരുന്നു വിവാദം പന്തുതട്ടിയത്. ബ്ലാസ്റ്റേഴ്സിനു കിട്ടിയ കോർണർ കിക്കിൽ പോസ്റ്റിന്റെ ഇടതുമൂലയിൽ ലാകിച് പെസിച് തലവയ്ക്കുന്നു. പുണെയുടെ എമിലിയാനോയും ഉയർന്നു ചാടുന്നു. കുത്തിച്ചാടിയ പന്തിനെ കിർച്മാരെവിച്ച് ഗോളിലേക്കു തട്ടുന്നു.

isl-kerala-blasters-2 നിലത്തു കുത്തിയ പന്ത് കിർച്മാരെവിച്ച് ഗോളിലേക്കു തട്ടുന്നു. തടയാൻ എമിലിയാനോ അൽഫാരോയും കമൽജിത് സിങും.

പന്ത് ഗോൾവരയ്ക്കരികിൽ. എന്നാൽ നിലത്തു വീണ എമിലിയാനോയുടെയും കമൽജിതിന്റെയും ഇടയിൽ കുരുങ്ങുന്നു. ശങ്കിച്ചുനിന്ന റഫറിക്കരികിലേക്ക് ഗോളിനായി വാദിച്ച് കേരള താരങ്ങൾ. റഫറിയുടെ കൈകൾ മൈതാന മധ്യത്തിലേക്ക് – ഗോൾ!. കേരളത്തിന്റെ ആഹ്ലാദത്തിന് ആയുസ് വെറും നിമിഷങ്ങൾ. പുണെ താരങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ലൈൻസ്മാൻ കെന്നഡി പാമുമായി സംസാരിച്ച ശേഷം ഒന്നാം റഫറി ഗോൾ നിഷേധിക്കുന്നു. ഒപ്പം അശുതോഷ് മേത്തയെ തള്ളിയിട്ടെന്ന കാരണം കാട്ടി പെസിച്ചിന്റെ പേരിൽ ഫൗളും.

isl-kerala-blasters-3 അൽഫാരോ പന്തിലേക്കു വീഴുന്നു. പിന്നിൽ കമൽജിതും.

 പന്തു പൂർണമായും ഗോൾവര കടന്നിട്ടില്ലെന്ന് ടിവി റീപ്ലേകളിൽ കാണാമായിരുന്നു. പക്ഷേ, അൽഫാരോ ഗോൾ ലൈനിൽ പന്ത് ബോധപൂർവം കൈകൊണ്ടു തടുത്തിട്ടത് വ്യക്തം. റെഡ്കാർഡ് കിട്ടേണ്ട കുറ്റം. എന്നാൽ വിധിച്ചതോ പുണെയ്ക്ക് അനുകൂലമായ ഫൗൾ. 55– ാം മിനിറ്റിലാണ് ഓം പ്രകാശ് ഠാക്കൂർ കേരളത്തിന്റെ പെട്ടിയിൽ രണ്ടാമത്തെ ആണിയടിച്ചനത്. കേരളത്തിന്റെ പോസ്റ്റിൽ കോർണർ കിക്കിനായി ഉയർന്നു ചാടിയ അൽഫാരോയെ നിക്കോള കിർച്മാരെവിച് തട്ടിയിട്ടെന്ന കാരണത്തിൽ പുണെയ്ക്ക് പെനൽറ്റി അനുവദിച്ചു.

isl-kerala-blasters-4 അൽഫാരോയുടെയും കമൽജിതിന്റെയും പൂട്ടിൽ പന്ത് കുരുങ്ങി. കിർച്മാരെവിച്ച് നിസ്സഹായൻ.

അൽഫാരോയുടെ ‘ഡൈവ് അഭിനയം’ റിപ്ലേകളിൽ വ്യക്തമായിരുന്നു. നിക്കോള അൽഫാരോയെ തട്ടിയിട്ടെന്ന ‘വിധി’ എങ്ങനെ ന്യായയുക്തമാകുമെന്നു മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നു. ഇലവീഴുമ്പോഴുള്ള സ്പർശത്തിൽ അൽഫാരോ കരഞ്ഞുവിളിച്ചുകൊണ്ടു താഴെ വീഴുന്നതിൽ അഭിനയമികവല്ലാതെ കളിമികവ് ഒട്ടുമില്ലായിരുന്നു. കേരളത്തിന്റെ പ്രതിഷേധം റഫറി കേട്ടില്ല. പക്ഷേ, ഫുട്ബോൾ ദൈവങ്ങൾ കേരളത്തിനൊപ്പമായിരുന്നു: അൽഫാരോയെടുത്ത കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക്.

‘നിലവാരമില്ലാത്തവരെ പുറത്താക്കണം’ - ഐ. എം. വിജയൻ (മുൻ ഇന്ത്യൻ നായകൻ)

പുണെയ്ക്ക് എതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിനെ കൊലയ്ക്കുകൊടുക്കും പോലെ ആയി. ആദ്യം ഗോൾ വിളിക്കുക, പിന്നെ മറ്റൊരു റഫറൻസും ഇല്ലാതെ ഗോൾ നിഷേധിക്കുക. ഇത്തരത്തിൽ ഒരു റഫറിയിങ് ഞെട്ടിച്ചു കളഞ്ഞു. പരിചയ സമ്പന്നനല്ലാത്ത റഫറിയുടെ തെറ്റാണിത്. ലോക ഫുട്ബോളിലും ക്ലബ് ഫുട്ബോളുകളിലും ഇങ്ങനെയുള്ള റഫറിമാരെ പുറത്താക്കുകയാണു ചെയ്യുന്നത്.  വിഡിയോദൃശ്യങ്ങളുടെ പരിശോധനയും ഗോൾ ലൈൻ ടെക്നോളജിയുമൊക്കെ ഐഎസ്എല്ലിലേക്ക് എത്തിക്കണം.