Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒട്ടേറെ അവകാശ വാദങ്ങൾ, ഒന്നും കളത്തിൽ കാണാനില്ല; ബ്ലാ,ബ്ലാ, ബ്ലാസ്റ്റേഴ്സ് !

എ. ഹരിപ്രസാദ്
blasters-fans

കൊച്ചി∙ ഒട്ടേറെ ഗോളുകൾ വഴങ്ങുന്ന ടീം എന്ന വിശേഷണം സമ്മാനിച്ചാണ് എഫ്സി ഗോവയെ ബ്ലാസ്റ്റേഴ്സ് വരവേറ്റത്. ഇതറിഞ്ഞിട്ടും ഗോവൻ പരിശീലകൻ സെർജിയോ ലൊബേറ അതേ നാണയത്തിൽ മറുപടി പറയാൻ നിന്നില്ല. പകരം ഇങ്ങനെ മാത്രം പറഞ്ഞു – ഏതു ടീമാണ് കൂടുതൽ ഗോൾ വഴങ്ങുകയെന്നു കളത്തിൽ അറിയാം. ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്തു കളിച്ചുതന്നെ ലൊബേറ മറുപടി നൽകി.

പ്രതിരോധത്തെ ചോദ്യം ചെയ്ത എതിരാളികളുടെ വല നിറച്ചാണ് ലൊബേറയുടെ ശിഷ്യർ കളം വിട്ടത്. എവേ മൽസരത്തിനെത്തിയ ടീമിനെ പ്രകോപിപ്പിച്ച ബ്ലാസ്റ്റേഴ്സാകട്ടെ കളത്തിൽ ഒന്നും ചെയ്യാനാവാതെ നിറംകെട്ടു. അഞ്ചാമൂഴത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിശാലചിത്രം കൂടി തെളിയുന്നുണ്ട് ഈ പോരാട്ടത്തിൽ. വാക്കും പ്രവൃത്തിയും തമ്മിൽ ‘മാനേജ്’ ചെയ്യാനാവാതെ കിതയ്ക്കുകയാണു ബ്ലാസ്റ്റേഴ്സ്.

∙ ഇലവൻ കണ്ടെത്താനാവാതെ

18 മൽസരം മാത്രമുള്ള ലീഗിലെ ഏഴാം മൽസരം കളിച്ചിട്ടും ബ്ലാസ്റ്റേഴ്സിന് കെട്ടുറപ്പുള്ളൊരു പ്ലേയിങ് ഇലവനെ കണ്ടെത്താനായിട്ടില്ല. നാട്ടിൽ ലാ ലിഗ ടീമിനെതിരെ വരെ പ്രീ സീസൺ കളിച്ചുതുടങ്ങിയ ടീമാണ് മുന്നിലും പിന്നിലും മധ്യത്തിലുമെല്ലാം ആരാദ്യം വരണമെന്ന ഉത്തരം കിട്ടാതെ തപ്പിത്തടയുന്നത്. സീസൺ തുടങ്ങും മുൻപേ തന്നെ ടീമിന്റെ തുരുപ്പുചീട്ടായി കരുതിയ ഒന്നാണു പ്രതിരോധം. ഈ വിഭാഗത്തിൽപ്പോലും ആരാണ് കൂടുതൽ യോഗ്യൻ എന്നുള്ള അന്വേഷണത്തിലാണ് ടീം മാനേജ്മെന്റ്.

ലീഗിൽ ലീഡ് ചെയ്യുന്ന ഗോവയ്ക്കെതിരെയും പ്രതിരോധത്തിൽ ഒരു യുക്തിയുമില്ലാത്ത അനാവശ്യ പരീക്ഷണവുമായാണു ടീമിറങ്ങിയത്. അത്ര ബഞ്ച് ബലമൊന്നും ഇല്ലാത്ത സംഘമായിട്ടും അഞ്ച് താരങ്ങളെ വരെ മാറ്റിയുള്ള ഇലവൻ പരീക്ഷണങ്ങൾ ടീമിനു തിരിച്ചടിയാണുണ്ടാക്കുന്നത്.

∙ മധ്യത്തിൽ കാലിടറുന്നു

കൊച്ചിയുടെ മണ്ണിൽ വിജയം കുറിച്ചു കടന്നുപോയ ബെംഗളൂരു, ഗോവ ടീമുകളെയും ബ്ലാസ്റ്റേഴ്സിനെയും തമ്മിൽ താരതമ്യം പോലും സാധ്യമല്ലാത്തൊരു വിഭാഗമുണ്ടെങ്കിൽ അതു മധ്യനിരയാണ്. ബെംഗളൂരുവിനു വേണ്ടി ദെൽഗാഡോയും ഗോവയ്ക്കു വേണ്ടി ജോഹോയും ബെഡിയയും പുറത്തെടുത്ത പോലൊരു പ്രകടനത്തിനു ബ്ലാസ്റ്റേഴ്സ് മധ്യത്തിൽ നിന്നൊരു മറുപടിയേയുണ്ടായില്ല. കെട്ടു വിട്ടു പറക്കുന്ന ഹൈഡ്രജൻ ബലൂണുകൾ പോലെയാണു ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര. അവിടെയും ഇവിടെയുമായി താരങ്ങളെ കാണാം. കളി പുരോഗമിക്കുന്നതോടെ 'സ്ഥലം ' കാലിയാകുന്ന പ്രതീതിയാണ്.

എതിരാളികൾക്കു യഥേഷ്ടം നീക്കങ്ങൾ മെനയാൻ സ്ഥലവും സമയവും സ്വാതന്ത്യവും നൽകി ബ്ലാസ്റ്റേേഴ്സ് മധ്യനിര കാഴ്ചക്കാരാകും. മരുന്നിനു പോലും ഒരാളില്ല കളിയൊരുക്കാനും കളം നിയന്ത്രിക്കാനും. എന്തിനേറെ, പന്ത് പിടിച്ചു വച്ച് എതിരാളികളുടെ താളം തെറ്റിക്കാനുള്ള എളിയ ശ്രമം പോലും മധ്യത്തിലെ ആൾക്കൂട്ടത്തിൽ നിന്നുണ്ടാവുന്നില്ല.

∙ തിരിച്ചുവരാനും സമയം?

രാജ്യാന്തര മൽസരങ്ങളുടെ ഇടവേളയ്ക്കു പിരിയുന്ന ലീഗിൽ ‘കയ്യാലപ്പുറത്താണ്’ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. 7 മൽസരം, 7 പോയിന്റ്, ഏഴാം സ്ഥാനം. 11 മൽസരം ബാക്കിയുള്ള ലീഗിൽ തിരിച്ചുവരവിന് ഇനിയും സമയമുണ്ട്. അതു തിരിച്ചറിയാൻ ഇനിയും വൈകരുതെന്ന് മാത്രം. മധ്യത്തിൽ വിഹരിക്കാനൊരു ഒറ്റയാൻ ഇല്ലെന്നത് ഒഴിച്ചാൽ, പരിഹരിക്കാനാകാത്ത പ്രശ്നങ്ങളൊന്നും ഈ ടീമിലില്ല.

കരുത്തുറ്റ ടീമുകൾക്കെതിരായ പരാജയമൽസരങ്ങളിൽ ഉൾപ്പെടെ അവസരങ്ങൾ സൃഷ്ടിക്കാൻ മുന്നേറ്റനിരയ്ക്കു സാധിച്ചിട്ടുണ്ട്. പക്ഷേ, ഫൈനൽ തേഡിൽ അവ ഗോളാക്കി മാറ്റുന്നതിൽ വേണ്ടത്ര വിജയിച്ചില്ലെന്നു മാത്രം. അസ്ഥാനത്തെ പരീക്ഷണങ്ങൾക്കും ലക്ഷ്യബോധമില്ലാത്ത ഗെയിം പ്ലാനിനും കൂടി തിരുത്തൽ വരുത്തുന്നതോടെ മറികടക്കാനാവുന്നതേയുള്ളൂ ഈ പ്രതിസന്ധി.

∙ വേണം അഗ്രസീവ് ഫുട്ബോൾ

വീ നെവർ ഗിവ് അപ്പ് ! കൊച്ചിയിലെ ആരാധകർ കളിക്കാർക്കു നേരെ ഉയർത്താറുള്ള ബാനറിലെ വാക്കുകളാണിത്. കളത്തിൽ പക്ഷേ ഇതിന്റെ നേർവിപരീതകാഴ്ചയാണു ബ്ലാസ്റ്റേഴ്സ് ഒരുക്കുന്നത്. ആരാധകരുടെ ആഗ്രഹം പോലെ ടീം കത്തിക്കയറുന്ന ഏതാനും മിനിട്ടുകളും ഉണ്ടാകും. അപ്പോഴെല്ലാം എതിർ ഗോൾമുഖം വിറപ്പിക്കു‌ം ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ. കാത്തിരുന്ന ഗോളും വീഴും.

ഗോവയ്ക്കെതിരായ അവസാന 10 മിനിട്ടുകൾ അത്തരത്തിലൊന്നായിരുന്നു. എടികെയ്ക്കെതിരെ എവേ മൽസരം ജയിപ്പിച്ച, 90 മിനിട്ട് നീളുന്ന പ്രെസിങ് ഗെയിമാണു ബ്ലാസ്റ്റേഴ്സിനു യോജിച്ചതും വേണ്ടതും.

∙ ‘വീട്ടിൽ നന്നാകണം’

ഹോം മൽസരങ്ങളിലെ ഫോം ഇല്ലായ്മ പ്ലേ ഓഫ് സാധ്യതകൾക്കു കുറച്ചൊന്നുമല്ല മങ്ങലേൽപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സിനു തെറ്റ് തിരുത്താനും മുന്നേറാനുമുള്ള അവസരം കൂടിയാണത്. സ്വന്തം മൈതാനത്തു‘സ്വന്തമാക്കുന്ന’ മൽസരങ്ങളുടെ മൂല്യം അറിയാൻ ബ്ലാസ്റ്റേഴ്സിന്റെ തന്നെ മുൻകാല കണക്കുകൾ പരിശോധിച്ചാൽ മതി.

രണ്ടാം സ്ഥാനക്കാരായ മൂന്നാം സീസണിൽ ഏഴു ഹോം മൽസരങ്ങളിൽ നിന്നു 16 പോയിന്റുകൾ വാരിക്കൂട്ടിയതാണു മുന്നേറ്റത്തിന് ഊർജമായത്. അന്ന് അഞ്ച് മൽസരങ്ങളിൽ ജയം കുറിച്ച കൊപ്പലിന്റെ ടീം പരാജയപ്പെട്ടത് ഒരു മൽസരം മാത്രം.