Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷയുടെയും നിരാശയുടെയും വഴിത്തിരിവുകളിൽ ഐഎസ്എല്ലിന് ഇടവേള; ടീമുകൾ രണ്ടു വഴി

എ. ഹരിപ്രസാദ്
PTI9_29_2018_000195A

ടീമുകളെ രണ്ടായി പകുത്ത് ഇടവേളയ്ക്കു പിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ്. പ്ലേ ഓഫ് പോരാട്ടത്തിലുള്ള ടീമുകള്‍ ഒരു വശത്തും  അഭിമാനം വീണ്ടെടുക്കാൻ പൊരുതുന്ന ടീമുകൾ മറുവശത്തുമായി നിരക്കുന്നതാകും പുതുവർഷത്തിന്റെ ഐഎസ്എൽ കാഴ്ച. 

ലീഗ് മൽസരങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും പിന്നിടുമ്പോൾ ബെംഗളുരു എഫ്സിയാണ് ഒന്നാം സ്ഥാനത്തിന്റെ അവകാശികൾ. 11 മൽസരങ്ങളിൽ നിന്ന് 27 പോയിന്റോടെ മുന്നേറുന്ന ബെംഗളൂരുവിനൊപ്പം 5 ടീമുകൾ കൂടി പ്ലേഓഫ് പ്രതീക്ഷയിൽ ഇടവേള കഴി‍ഞ്ഞെത്തും. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള നാലു ടീമുകൾക്കു മുഖം രക്ഷിക്കാനുള്ളതാണ് ഇനിയുള്ള മൽസരങ്ങൾ. 

∙ നീലപ്പടകളുടെ മുന്നണി

ലീഗിൽ എതിരാളികളില്ലാതെയാണു ബെംഗളൂരുവിന്റെ കുതിപ്പ്.  ഈ സീസണിൽ തോൽവി അറിയാത്ത ഏക ടീമും ഛേത്രിയുടെ സംഘം തന്നെ. സ്കോറിങ്ങിൽ വന്ന മാന്ദ്യം ഒഴിച്ചുനിർത്തിയാൽ മുൻ ലീഗിൽ നിന്നൊരു മാറ്റവും നീലപ്പടയ്ക്കു വന്നിട്ടില്ല. സ്റ്റാർ സ്ട്രൈക്കർ മിക്കുവിന്റെ അഭാവം പോലും ടീമിന്റെ കുതിപ്പിനു കാര്യമായ പ്രശ്നം സൃഷ്ടിച്ചില്ല. ഏഴ് മൽസരം ബാക്കിയുള്ള ബെംഗളൂരു പ്ലേഓഫിലെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ച മട്ടിലാണു പുതുവർഷത്തിലേയ്ക്കു പ്രവേശിക്കുന്നത്. 

ഒരു മൽസരം കൂടുതൽ കളിച്ചെങ്കിലും ബെംഗളൂരുവിന്റെ തൊട്ടുപിന്നിലായി മുംബൈ സിറ്റിയുണ്ട് (24 പോയിന്റ്). ഈ സീസണിലെ അദ്ഭുത സംഘങ്ങളിലൊന്നാണു പോർചുഗീസ് കോച്ച് ഹോർഗെ കോസ്റ്റയുടെ മുംബൈ. കടലാസിൽ വേണ്ടത്ര പകിട്ടില്ലാതെയെത്തിയ മുംബൈ നിര ഓരോ മൽസരം പിന്നിടുന്തോറും മെച്ചപ്പെടുന്ന ചിത്രമാണു കാട്ടിത്തന്നത്. കൊച്ചിയിലെ ആദ്യമൽസരങ്ങളിലൊന്നിൽ ശരാശരിക്കും താഴെയെന്ന മട്ടിൽ കളിച്ച മുംബൈ ഒടുവിൽ അതേ എതിരാളികൾക്കെതിരെ ഐഎസ്എൽ ചരിത്രത്തിലെ തന്നെ എറ്റവും വലിയ വിജയവുമായാണ് ഇടവേളയ്ക്കു പിരിയുന്നത്. 

∙ അപ്രതീക്ഷിതം, പ്രവചനാതീതം

മുൻവിധികളെ ഡ്രിബ്ൾ ചെയ്തൊഴിഞ്ഞ വിസ്മയ  പ്രകടനത്തിന്റെ കാര്യത്തിൽ മുംബൈയ്ക്കൊപ്പം സഞ്ചരിക്കുന്നൊരു ടീം കൂടിയുണ്ട് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. പ്രീസീസണിൽ ഒരു പിടിയും തരാതെ ഒരുങ്ങിവന്ന ടീമാണ് നോർത്ത് ഈസ്റ്റ്. ഈ സീസണിൽ ഏറ്റവും വൈകി സംഘം ചേർന്ന ടീം വിദേശത്തെ തയാറെടുപ്പ് പോലും ഉപേക്ഷിച്ചാണു കളത്തിലിറങ്ങിയത്. അജ്ഞാതരായെത്തിയ യുണൈറ്റഡ് ഇന്നു ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ്. 12 കളികളിൽ നിന്ന് 5 വീതം ജയവും സമനിലയുമായി 20 പോയിന്റോടെ ആദ്യ നാലിനുള്ളിലാണു ഗുവാഹത്തി ടീമിന്റെ സ്ഥാനം. 

ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത യുണൈറ്റഡിനൊപ്പം എഫ്സി ഗോവ കൂടി ചേരുന്നുണ്ട്. ഒരു മൽസരം കുറച്ചു കളിച്ച ആനുകൂല്യമുള്ള ഗോവയ്ക്കും 20 പോയിന്റാണ്. 6 ജയവും 3 തോൽവിയും അക്കൗണ്ടിലുള്ള ഗോവ സ്ഥിരതയുടെ കാര്യത്തിൽ പക്ഷേ മുൻസീസണിനു സമാനപ്രകടനമാണ്. ഗോൾ മഴ ചൊരിയുന്ന പ്രകടനത്തോടെ വിജയം ആഘോഷിക്കും, പിന്നാലെ ആരോടും തോൽവി വഴങ്ങും – ഇതാണ് ഇത്തവണയും ഗോവ.  പ്ലേഓഫിന് അവകാശികൾ ഏറെയുള്ള അടുത്ത ഘട്ടത്തിൽ നിർണായകമാകുന്ന ഒന്നാകും സ്ഥായിയായ പ്രകടനം. മുംബൈയും  ഇക്കാര്യത്തിൽ നോർത്ത് ഈസ്റ്റും മാത്രമല്ല, ജംഷഡ്പുരും എടികെയും കൂടി ചേരുന്നുണ്ട് ഗോവയ്ക്കു വെല്ലുവിളി ആകാൻ. 

∙ പ്രതീക്ഷകളിലെ മധ്യസ്ഥർ

12 മൽസരങ്ങളിൽ നിന്നു 19 പോയിന്റുമായി പ്ലേഓഫ് മൽസരത്തിന്റെ വാതിൽപ്പടിയിലാണ് ടാറ്റയുടെ ജംഷഡ്പുർ എഫ്സി. ടിം കാഹിൽ എന്ന തലയെടുപ്പുള്ള താരം കൂട്ടത്തിലുണ്ടെങ്കിലും ഒരാളെ മാത്രം ആശ്രയിച്ചല്ല ടീമിന്റെ തന്ത്രങ്ങൾ. വിദേശതാരങ്ങളും നാട്ടിലെ യുവതാരങ്ങളും ഒരു പോലെ ചേർന്ന  കൂട്ടായ്മയുടെ മുന്നേറ്റമാണ് ഫെറാൻഡോയുടെ ടീമിന്റെ കരുത്ത്.

ആളിക്കത്തുന്ന പ്രകടനം വരുന്നില്ലെങ്കിലും രണ്ടു വട്ടം ജേതാക്കളായ എടികെയെയും എഴുതിത്തള്ളാനാവില്ല. മോശം തുടക്കത്തെ അതിജീവിച്ച കൊൽക്കത്ത നാലു വീതം ജയവും തോൽവിയും സമനിലയും ഏറ്റുവാങ്ങി 16 പോയിന്റുമായി ആറാം സ്ഥാനത്താണുള്ളത്. ലീഗ് പുരോഗമിക്കുന്തോറും ടീമിനു കൂടുതൽ കെട്ടുറപ്പ് സമ്മാനിക്കുന്ന സ്റ്റീവ് കൊപ്പലിന്റെ ശൈലിയിലാണു എടികെയുടെ പ്രതീക്ഷയത്രയും. 

∙ യുദ്ധം കഴിഞ്ഞു, പോരാട്ടം ബാക്കി

ഈ സീസണിലെ നിരാശയുടെ ചിത്രങ്ങളാണ് എടികെയ്ക്കു പിന്നിലായി പോയിന്റ് പട്ടികയിലുള്ളവർ. ഇതിൽ രണ്ടക്കം കടന്നതു പുണെ സിറ്റി മാത്രം. 12 കളികളിൽ നിന്നു 11 പോയിന്റ് മാത്രമുള്ള പുണെയുടെ ലീഗ് സ്വപ്നം അവസാനിച്ചുകഴിഞ്ഞു. അവസാന രണ്ട് മൽസരങ്ങളിലെ മിന്നും പ്രകടനവുമായി ആദ്യ ആറിൽ ഉൾപ്പെടാനുള്ള ലക്ഷ്യത്തിനു പിന്നാലെയാണു മാഴ്സലീഞ്ഞോയുടെ ടീം.

ഡേവിഡ് ജെയിംസ് പരിശീലകദൗത്യം അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സും  (9 പോയിന്റ്) ഇക്കുറിയും കളി കൈവിട്ട ഡൽഹി ഡൈനാമോസും (7 പോയിന്റ്) ആശ്വാസവിജയങ്ങളോടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള യത്നത്തിലാണ്. നിലവിലെ കിരീടധാരികളായ ചെന്നൈയ്ൻ  ( 5 പോയിന്റ്) ആകട്ടെ നാണക്കേട് ഒഴിവാക്കാനുള്ള തത്രപ്പാടിലും. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.