Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാന ഏകദിനത്തിന് കാര്യവട്ടത്തേത് ബാറ്റിങ് വിക്കറ്റ്; റണ്ണൊഴുകട്ടെ!

trivandrum-sports-hub

തിരുവനന്തപുരം ∙ ഇന്ത്യ– വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ‘ഫൈനൽ’ പോരാട്ടത്തിനും ഒരുക്കിയിരിക്കുന്നതു ബാറ്റിങ് പിച്ച്.  കഴിഞ്ഞ 4 മൽസരങ്ങളിലും നിർലോഭം റൺസൊഴുകി, 8 സെഞ്ചുറികളും 8 അർധ സെഞ്ചുറികളും പിറന്നു. പരമ്പരയിലെ 6 ടോപ് സ്കോറർമാരിൽ 3 പേർ വീതം ഇരുടീമുകളിൽ നിന്നുമുണ്ട്. കോഹ്‌ലി, രോഹിത് ശർമ, അമ്പാട്ടി റായുഡു എന്നിവരാണ് ഇന്ത്യൻ നിരയിലെ ടോപ്സ്കോറർമാർ. വിൻഡീസ് നിരയിൽ   ഷായ് ഹോപ്, ഹാർഡ് ഹിറ്ററായ ഷിമ്രോൺ ഹെറ്റ്മിയർ എന്നിവർക്കൊപ്പം നായകൻ ജയ്സൻ ഹോൾഡറുമുണ്ട്.  

ക്ലാസ് കോ‌ഹ്‍ലി

ഇടയ്ക്കുവച്ചു മുടങ്ങിയ സെഞ്ചുറി നേട്ടം വിരാട് കോഹ്‌ലി കാര്യവട്ടത്ത് വീണ്ടും തുടങ്ങുമോ?. കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരെ നടന്ന ട്വന്റി20 മൽസര ശേഷം കാര്യവട്ടം സ്പോർട്സ് ഹബ്ബിനെക്കുറിച്ച് നല്ലതു പറഞ്ഞാണ് കോഹ്‌ലി മടങ്ങിയത്. പ്രിയപ്പെട്ട പിച്ചിൽ സെഞ്ചുറി നേട്ടത്തോടെ ആരാധകരെ വിരുന്നൂട്ടാൻ കോഹ്‌ലി തീരുമാനിച്ചാൽ മൽസരം പൊടിപാറും.

നട്ടെല്ലാകാൻ റായുഡു

നാലാമനെ തപ്പി നടന്ന ഇന്ത്യൻ ടീമിലേക്കു അടിച്ചുകയറിയ താരമാണ് അമ്പാട്ടി റായുഡു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇതിനകം റായുഡു മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞു. നാലാം നമ്പറിൽ ലോകകപ്പ് വരെ കളിക്കുക റായുഡു തന്നെയാണെന്ന സൂചന കോ‌ഹ്‍ലി  നൽകിയിട്ടുണ്ട്. ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും അടക്കം 217 റൺസ് റായുഡു ഈ പരമ്പരയിൽ നേടി. 

ഹിറ്റ്മാൻ രോഹിത്

കഴിഞ്ഞ കളിയിൽ നേടാനാകാതെ പോയ ഇരട്ട ടസെഞ്ചുറി ഇന്നത്തെ മൽസരത്തിൽ രോഹിത് അടിച്ചെടുക്കുമോ?  രോഹിത് ഫോമിലേക്കുയർന്നാൽ വിൻഡീസ് ബോളർമാർ വശംകെടും. പരമ്പരയിൽ ഇന്ത്യ വിജയിച്ച രണ്ട് മൽസരങ്ങളിലും രോഹിത് സെഞ്ചുറി നേടി. 

ഹോപ്, ഒരു പ്രതീക്ഷ

പരമ്പരയിൽ ഇതുവരെ മികച്ച രീതിയിൽ ബാറ്റ് വീശിയ ഷായ് ഹോപാണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. രണ്ടാം ഏകദിനം സമനിലയിലാക്കുന്നതിലും മൂന്നാം ഏകദിനം കൈപ്പിടിയിൽ ഒതുക്കുന്നതിലും വിൻഡീസ് നിരയെ പ്രാപ്തമാക്കിയത് ഹോപിന്റെ ഇന്നിങ്സുകളാണ്. വൺ ഡൗണായി ഇറങ്ങുന്ന ഹോപിലാണ് വിൻഡീസ് ഇന്നിങ്സ് അടിത്തറ കെട്ടുന്നത്. 

സിക്സർ ഹെറ്റ്മിയർ

അഞ്ചാമനായി ഇറങ്ങി സിക്സറുകളുടെ ആറാട്ട് തീർക്കുന്ന താരം. വിൻഡീസ് നിരയിലെ കൗമാര താരത്തിന്റെ ബാറ്റിങ് ചൂടറിയാത്ത ബോളർമാർ ഇന്ത്യൻ നിരയിൽ അപൂർവം. ഇതിനകം 16 സിക്സറുകളാണ് താരം അടിച്ചത്. ഗ്രീൻഫീൽഡിലെത്തുന്ന കാണികൾക്കും ഹെറ്റ്മിയർ വിരുന്നൊരുക്കുമെന്ന് കരുതാം. 

പതറാത്ത നായകൻ

വിൻഡീസ് ബാറ്റ്സ്മാൻമാരെല്ലാം കാലിടറിയ നാലാം ഏകദിനത്തിൽ പിടിച്ചുനിന്ന ഏക താരമാണ് ജയ്സൻ ഹോൾഡർ. മൂന്നാം ഏകദിനത്തിൽ ഷായ് ഹോപ്പിനൊപ്പം ഹോൾഡറുടെ പ്രകടനമാണു വിൻഡീസ് വിജയത്തിൽ നിർണായകമായത്. നാല് കളികളിൽ നിന്നായി 2 വിക്കറ്റുകളും ഹോൾഡർ നേടി.

related stories