Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതി ലാഭം, ഭക്ഷണം നഷ്ടം

India ഇന്ത്യ– വെസ്റ്റ് ഇൻഡീസ് മൽസരത്തിൽ നിന്ന്

തിരുവനന്തപുരം∙ വെസ്റ്റ് ഇൻഡീസിനെതിരായ മൽസരം 4 മണിക്കൂർ മുൻപേ അവസാനിച്ചപ്പോൾ നിരാശ കാണികൾക്കു മാത്രമല്ല. 35,000 പേർക്കു രാത്രി ഭക്ഷണം തയാറാക്കിക്കൊണ്ടുവന്ന കുടുംബശ്രീ, ജയിൽവകുപ്പ് എന്നിവർക്കു ലക്ഷക്കണക്കിനു രൂപയാണു നഷ്ടമായത്. ഭക്ഷണം പാഴാകാതിരിക്കാൻ അവസാനം സ്റ്റേഡിയത്തിന്റെ പരിസരപ്രദേശങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു.

കപ്പയും മീനും ഉൾപ്പെടെയുള്ള വിഭവങ്ങളാണു കുടുംബശ്രീ തയാറാക്കിയത്. ചപ്പാത്തിയും ചിക്കനും ഉൾപ്പടെ ജയിൽ വകുപ്പും ഒരുക്കി. സ്വകാര്യ കാറ്ററിങ് സ്ഥാപനവും ഭക്ഷണം തയാറാക്കിയിരുന്നു. ഭക്ഷണം സ്റ്റേഡിയത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കെ കളി കഴിഞ്ഞു. അതേസമയം, സംഘാടകരമായ കേരള ക്രിക്കറ്റ് അസോസിയേഷനു മാത്രമാണ് ഇത്തരിയെങ്കിലും ആശ്വസിക്കാൻ വകയുള്ളത്. രാത്രി മൽസരത്തിനു വേണ്ട വെളിച്ചത്തിനു ഫ്ലഡ‍്‌ലിറ്റ് തെളിക്കാൻ വേണ്ട ചെലവ് ഒഴിവായി.

പിച്ചല്ല, ചതിച്ചത് വിൻഡീസ്

 ബാറ്റിങ് വെടിക്കെട്ടു പ്രതീക്ഷിച്ചെത്തിയ കാണികളെ ചതിച്ചതു പിച്ചല്ല, ലക്ഷ്യബോധമില്ലാതെ ബാറ്റ് വീശിയ വെസ്റ്റ് ഇൻഡീസ് ബാറ്റ്്സ്മാൻമാരാണ്. ആദ്യ ഇന്നിങ്സിൽ പന്ത് പ്രതീക്ഷിച്ചതു പോലെ ബാറ്റിലേക്കെത്തിയില്ല എന്നതു ശരിതന്നെ. പക്ഷേ, അതു മനസ്സിലാക്കി കളിക്കുന്നതിൽ വിൻഡീസ് പരാജയപ്പെട്ടു.

വിൻഡീസ് ബാറ്റ് ചെയ്തപ്പോൾ വിക്കറ്റിന് അൽപം വേഗം കുറവായിരുന്നുവെന്ന് ഗ്രൗണ്ട് ആൻഡ് പിച്ച് കമ്മിറ്റി ചെയർമാനായിരുന്ന എഡ്വിൻ ജോസഫ് പറഞ്ഞു. പിന്നീട് അതു മാറി. ഗ്രൗണ്ടിന്റെ ഒരു വശത്ത് 80 മീറ്ററും മറുവശത്ത് 75 മീറ്ററുമായിരുന്നു അതിർത്തിയിലേയ്ക്കുള്ള ദൂരം. വിൻഡീസിന്റെ കൂടുതൽ പേരും ക്യാച്ച് നൽകിയതു മൈതാനത്തിന്റെ ദൂരം കൂടിയ ഭാഗത്തായിരുന്നു. ഇതുപോലും മനസ്സിലാക്കാതെയായിരുന്നു അവരുടെ കളി.

related stories