Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫൈനൽ’ കാണാൻ മുംബൈയെക്കാള്‍ നാലിരട്ടി ആരാധകർ; നീലക്കടലിൽ വിജയക്കുളിര്

bumrah-online വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ

തിരുവനന്തപുരം∙ ‘തല’യ്ക്കൊരു സലാം കൊടുത്ത് ‘ഫൈനൽ’ മൽസരം കാണാൻ എത്തിയത് 38,000ൽ അധികം കാണികൾ. സ്റ്റേഡിയത്തിനു പുറത്ത് ഉയർത്തിയ ‘തല’ ധോണിയുടെ 35 അടി ഉയരത്തിലുള്ള കട്ടൗട്ടായിരുന്നു ഇന്നലെ ആരാധകരുടെ ഇഷ്ടകേന്ദ്രം. പ്രവേശനം അനുവദിച്ചിരുന്നതിനും മണിക്കൂറുകൾക്ക് മുൻപേ കാണികൾ ഒഴുകിയെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനും കിലോമീറ്ററുകൾ മുൻപേ ഇന്ത്യൻ ടീമിന്റെ ജഴ്സി അണിഞ്ഞും മുഖത്ത് ചായം പൂശിയും ആരാധകരുടെ ചെറുസംഘങ്ങളെ കാണാമായിരുന്നു.

നാലാം ഏകദിനം നടന്ന മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ എത്തിയതു കഷ്ടിച്ചു പതിനായിരം പേരാണെങ്കിൽ കാര്യവട്ടം സ്റ്റേഡിയത്തിലതു നാലിരട്ടിയോളമായി. ധോണിയുടെ കട്ട ആരാധകനായ റാം ബാബുവും സച്ചിന്റെ ആരാധകനായ സുധീർ കുമാറും കളി കാണാൻ എത്തിയിരുന്നു. നീല ജഴ്സി അണിഞ്ഞ കാണികൾ ഗാലറി കീഴടക്കി. ധോണിയുടെയും ക്യാപ്റ്റൻ കോഹ്‌ലിയുടെയും ജഴ്സി അണിഞ്ഞെത്തിയവരായിരുന്നു അധികവും. സിംഗിളിനും ബൗണ്ടറിക്കും ഒരേ ആവേശത്തോടെ അവർ കയ്യടിച്ചു. വിൻഡീസ് ടീമിനോടും ആരാധകർ പ്രതിപക്ഷ ബഹുമാനം കാണിച്ചു. വെടിയും പുകയും പോലെ തീർന്ന മൽസരത്തിന്റെ എല്ലാ സമയവും കാണികൾ ഉൽസവാവേശം സൃഷ്ടിച്ചു.

bumrah-celebrations

കളിയിൽ ആവേശം കുറയുമ്പോൾ മെക്സിക്കൻ തീരമാലകളും വുവുസേല വിളികളും ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു. ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോൾ മാത്രം കാണികൾ നിരാശരായി. ഏകദിന മൽസരത്തിനു ടിക്കറ്റെടുത്തിട്ടു ട്വന്റി 20 മൽസരം കണ്ടപോലെ ആയല്ലോയെന്ന ‘ചെറിയ വിഷമം’ മാത്രം കാണികൾക്ക്. മൽസരശേഷം ഇരുടീമുകളെയും കൈവീശി യാത്രയാക്കിയിട്ടാണ് അവർ കാര്യവട്ടത്തോടു വിട ചൊല്ലിയത്.

green-field-stadium ഗ്രീൻഫീൽഡ് സ്റ്റേഡിയം മൽസരത്തിനു മുൻപ്
related stories