Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22 പന്തിൽ അഞ്ചു റൺസ് വഴങ്ങി അഞ്ചു വിക്കറ്റ്; വിസ്മയിപ്പിച്ച് ഡോട്ടിൻ

deandra-dottin അഞ്ചു വിക്കറ്റ് വീഴ്ത്തിയ ദിയേന്ദ്ര ഡോട്ടിന്റെ ആഹ്ലാദം.

പ്രൊവിഡൻസ്∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ താരം ഹർമൻപ്രീത് കൗർ വാർത്തകളിൽ ഇടം േനടിയത് ബാറ്റിങ് പ്രകടനം കൊണ്ടായിരുന്നെങ്കിൽ, ബോളിങ്ങിലെ വിസ്മയ പ്രകടനത്തിലൂടെ ശ്രദ്ധ േനടുകയാണ് വെസ്റ്റ് ഇൻഡീസ് താരം ദിയേന്ദ്ര ഡോട്ടിൻ. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന വിൻഡീസ് ആദ്യ മൽസരത്തിൽ ബംഗ്ലദേശിനെ നേരിടുമ്പോഴാണ് അദ്ഭുത പ്രകടനവുമായി ഡോട്ടിൻ വരവറിയിച്ചത്. 3.4 ഓവർ ബോൾ ചെയ്ത ഡോട്ടിൻ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ വെറും അഞ്ചു റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. വെറും 106 റൺസെടുത്ത വിൻഡീസ്, ഡോട്ടിന്റെ ബോളിങ് കരുത്തിൽ ബംഗ്ലദേശിനെ 46 റൺസിനു പുറത്താക്കി 60 റൺസിന്റെ വിജയവും ആഘോഷിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് 50 റൺസ് നേടുമ്പോഴേയ്ക്കും അഞ്ചു വിക്കറ്റ് നഷ്ടമായെങ്കിലും വിക്കറ്റ് കീപ്പർ  കൂടിയായ കിസിയ നൈറ്റ് 24 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം നേടയ 32 റൺസിന്റെ കരുത്തിലാണ് 100 പിന്നിട്ടത്. കിസിയയ്ക്കു പുറമെ വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത് ക്യാപ്റ്റൻ ടെയ്‌ലർ (44 പന്തിൽ 29), മക്‌ലീൻ (10 പന്തിൽ 11) എന്നിവർ മാത്രം. ഒടുവിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 106 റൺസ് മാത്രം.

താരതമ്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലദേശിനെ ‍ഡോട്ടിന്റെ നേതൃത്വത്തിൽ വിൻഡീസ് ബോളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ബംഗ്ലാ നിരയിൽ ആർക്കും രണ്ടക്കം കടക്കാനായില്ല. എട്ടു റൺസെടുത്ത ഫർഗാന ഹഖാണ് ടോപ് സ്കോറർ. 19 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ശേഷമാണ് ബംഗ്ലദേശിനെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിട്ട് ഡോട്ടിൻ അവതരിച്ചത്. ഫർഗാനയെ സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്തു പുറത്താക്കി തുടക്കമിട്ട ഡോട്ടിൻ, പിന്നീല് നാലു പേരെ ക്ലീൻ ബോൾഡാക്കി. ഒടുവിൽ 14.4 ഓവറിൽ ബംഗ്ലദേശിനെ വെറും 46 റൺസിനു പുറത്താക്കി 60 റൺസ് വിജയവും നേടി.

related stories