Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജ് ഗെയിംസ്: എംഎ കോളജിന് കിരീടം

triple-abhji പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ കാസർകോട് ഗവ. കോളജിലെ പി. അഭിജിത്ത് റെക്കോർഡോടെ ഒന്നാംസ്ഥാനം നേടുന്നു. ചിത്രം: അബു ഹാഷിം ∙ മനോരമ

കോഴിക്കോട്∙ കോളജ് ഗെയിംസിൽ കോതമംഗലം എംഎ കോളജിന് ടീം ചാംപ്യൻഷിപ് ഓവറോൾ കിരീടം. 22 പോയിന്റുമായി എംഎ കോളജ് രാജീവ് ഗാന്ധി ട്രോഫി സ്വന്തമാക്കി. 16 പോയിന്റുമായി ക്രൈസ്റ്റ്, തൃശൂർ കേരളവർമ, ഗുരുവായൂരപ്പൻ കോളജുകൾ രണ്ടാംസ്ഥാനവും 12 പോയിന്റുമായി കോട്ടയം ബസേലിയസ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജുകൾ മൂന്നാംസ്ഥാനവും നേടി. പുരുഷവിഭാഗം ടീം ചാംപ്യൻഷിപ്പിൽ 20 പോയിന്റുമായി എംഎ കോളജ് ഒന്നാമതായി. വനിതാവിഭാഗത്തിൽ തിരുവല്ല മാർത്തോമ്മാ കോളജ്, ഗുരുവായൂരപ്പൻ കോളജ്, തൃശൂർ സെന്റ് മേരീസ്, ഗവ. ബ്രണ്ണൻ, മേഴ്സി, അൽഫോൻസ, പ്രോവിഡൻസ് എന്നിവർ ചാംപ്യൻഷിപ് പങ്കുവച്ചു. 

വനിതാവിഭാഗം അത്‌ലറ്റിക്സിൽ അൽഫോൻസയ്ക്കാണു കിരീടം. ഒൻപതു സ്വർണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം 113 പോയിന്റാണ് ജേതാക്കൾക്കുള്ളത്. രണ്ടാംസ്ഥാനം 107 പോയിന്റുമായി അസംപ്ഷൻ കോളജ് സ്വന്തമാക്കി. 41 പോയിന്റുള്ള എംഎ കോളജിനാണ് മൂന്നാംസ്ഥാനം. പുരുഷവിഭാഗം അത്‌ലറ്റിക്സിൽ 92.5 പോയിന്റുമായി എംഎ കോളജ് കിരീടം നേടി. ആറു സ്വർണം, അഞ്ചുവെള്ളി, നാലു വെങ്കലം എന്നിങ്ങനെയാണു നേട്ടം. 89.5 പോയിന്റുമായി ക്രൈസ്റ്റ് രണ്ടാംസ്ഥാനവും 47 പോയിന്റുമായി എസ്ബി ചങ്ങനാശേരി മൂന്നാംസ്ഥാനവും നേടി. 

പുരുഷ ബാസ്കറ്റ്ബോളിൽ മാർ ഇവാനിയോസിനു സ്വർണം ലഭിച്ചു. കേരളവർമയ്ക്കു രണ്ടാംസ്ഥാനവും ചങ്ങനാശേരി എസ്ബിക്കു മൂന്നാംസ്ഥാനവും ലഭിച്ചു. ഫുട്ബോളിൽ എംഎ കോളജ് ഒന്നാമതും ബസേലിയസ് രണ്ടാമതും തിരുവനന്തപുരം യൂണിവേഴ്സിറ്റി മൂന്നാമതുമാണ്. ഖോഖൊയിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജാണ് ജേതാക്കൾ. താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് രണ്ടാമതും കോട്ടയം മണർകാട് സെന്റ് മേരീസ് മൂന്നാമതുമെത്തി. വനിതാ ബാസ്കറ്റ്ബോളിൽ പ്രോവിഡൻസ് കോളജ് കിരീടം നേടി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിനു രണ്ടാം സ്ഥാനവും ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജിനു മൂന്നാംസ്ഥാനവുമുണ്ട്. വനിതകളുടെ ഖോഖൊയിൽ മേഴ്സി കോളജിന് ഒന്നാം സ്ഥാനം ലഭിച്ചു. 

അവസാനദിനം ആറു റെക്കോർഡുകൾ

കോളജ് ഗെയിംസിന്റെ അവസാനദിനം മീറ്റ് റെക്കോർഡുകൾ പെരുമഴയായി. ആറു റെക്കോർഡുകളാണ് പുതുതായി പിറന്നത്. 

പെൺകുട്ടികളുടെ 5000 മീറ്ററിൽ അസംപ്‌ഷൻ കോളജിന്റെ യു.നീതു (17:55.19) റെക്കോർഡിട്ടു. അസംപ്‌ഷന്റെ തന്നെ ഒ.പി.ജയ്ഷ 2003ൽ കുറിച്ച സമയമാണ് (18:6.70) നീതു മറികടന്നത്. വനിതകളുടെ 200 മീറ്ററിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്മെന്റിലെ യു.വി.ശ്രുതിരാജും (24.99) റെക്കോർഡ് നേടി. 

 5000 മീറ്റർ നടത്തത്തിൽ അൽഫോൻസയുടെ ടെസ്ന ജോസഫ് പുതിയ സമയം (24:55.90) കുറിച്ചു.  വനിതകളുടെ 4x400 മീ റിലേയിൽ അൽഫോൻസ കോളജ് ടീം പുതിയ മീറ്റ് റെക്കോർഡിട്ടു. സമയം– 3:53.82 വി.ഒ.നിമ്മി, കെ.ടി.എമിലി, ആതിര ശശി, ജെറിൻ ജോസഫ് എന്നിവരാണ് താരങ്ങൾ. നിലവിലെ റെക്കോർഡ് അസംപ്ഷൻ കോളജും (3:53.85) ഇക്കുറി മറികടന്നിട്ടുണ്ട്. 20 കി.മി. നടത്തത്തിൽ എംഎ കോളജിന്റെ തോമസ് ഏബ്രഹാമാണ് പുതിയ സമയം (1:40:11.52) കുറിച്ചത്. എ.അനീഷും നിലവിലെ റെക്കോർഡിനെക്കാൾ മികച്ച പ്രകടനം (1:40:22:32) നടത്തി. ട്രിപ്പിൾ ജംപിൽ കാസർകോട് ഗവ. കോളജിലെ പി.അഭിജിത്ത് പുതിയ ദൂരം (15.87) കുറിച്ചു.

മൂന്നിൽ മൂന്ന് !

‌കോഴിക്കോട് ∙ വനിതാവിഭാഗത്തിൽ മൂന്നുസ്വർണത്തിന്റെ തിളക്കവുമായാണ് ജെറിൻ ജോസഫ് പാലായിലേക്കു മടങ്ങുന്നത്. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും സ്വർണം നേടിയ താരം ഇന്നലെ നടന്ന 4x400 മീറ്റർ റിലേയിൽ റെക്കോർഡോടെ സ്വർണം നേടിയ ടീമിലുമുണ്ടായിരുന്നു. 

athletic-meet റെക്കോര്‍ഡ് നേട്ടക്കാർ: യു. നീതു (5000 മീറ്റർ), യു.വി. ശ്രുതിരാജ് (200 മീറ്റർ), തോമസ് എബ്രഹാം(20 കി.മി. നടത്തം), ടെസ്ന ജോസഫ് (5 കി.മി നടത്തം, വി.ഒ. നിമ്മി,ആതിര ശശി, ജെറിൻ ജോസഫ് കെ.ടി. എമിലി (4–400 റിലേ)

തങ്കച്ചൻ മാത്യുവിന്റെ ശിഷ്യയായ ജെറിൻ അൽഫോൻസ കോളജിൽ എംഎ പൊളിറ്റിക്സ് ഒന്നാംവർഷ വിദ്യാർഥിയാണ്. പാലാ പാദുവ സ്വദേശിയായ താരം ഏഴുവർഷമായി അത്‌ലറ്റിക്സ് പരിശീലിക്കുന്നുണ്ട്. ദേശീയ സ്കൂൾ മീറ്റിൽ 400 മീറ്റർ സ്വർണം, കഴിഞ്ഞവർഷം നടന്ന അന്തർസർവകലാശാലാ ചാംപ്യൻഷിപ്പിൽ 400 മീറ്റർ റിലേ സ്വർണം, 400 മീറ്റർ ഹർഡിൽസ് വെള്ളി, 400 മീറ്റർ വെങ്കലം ഇങ്ങനെ പോകുന്നു നേട്ടങ്ങൾ. ഒന്നരവർഷം മുൻപ് വിടപറഞ്ഞ പിതാവ് വി.ജെ.ജോസഫിന്റെ ഓർമകളുമായാണ് താരം ട്രാക്കിലിറങ്ങിയത്.