Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധ വേണ്ടത് അടിസ്ഥാന കാര്യങ്ങളിൽ– ആശയക്കൂട്ടായ്മയിൽ ജിജി തോംസൺ പറയുന്നു

Jiji-Thomson

അടുത്ത കാലത്തായി അത്‌‌ലറ്റിക്സിൽ കേരളം തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ‘മലയാള മനോരമ’ സംഘടിപ്പിച്ച ഈ ആശയക്കൂട്ടം ഏറെ പ്രാധാന്യമർഹിക്കുന്നു. അത്‍ലറ്റിക്സിൽ എക്കാലത്തും മുൻപന്തിയിൽ നിൽക്കുന്നവരാണു നാം. എന്നാൽ, ആ പ്രതാപത്തിനു മങ്ങലേൽക്കുന്നുവെന്ന യാഥാർഥ്യം ഞെട്ടിക്കുന്നതാണ്. പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക. അതിനു പരിഹാരം നിർദേശിക്കുക. അതാണ് ഈ ആശയക്കൂട്ടായ്മയുടെ ലക്ഷ്യം. ചൈനയിലെപ്പോലെ നിർബന്ധിത പരിശീലനത്തിന്റെ വഴിയല്ല നാം സ്വീകരിക്കേണ്ടത്.

പക്ഷേ എൽകെജി തലം മുതൽ കുട്ടികളെ ശ്രദ്ധിച്ചു തുടങ്ങണം. ശാസ്ത്രീയമായി അവരുടെ കായികസിദ്ധികൾ വികസിപ്പിച്ചെടുക്കാനുള്ള നടപടികൾ വേണം. ആറു വയസ്സുവരെ ശരീരചലനങ്ങളിൽ മാത്രമായിരിക്കണം ശ്രദ്ധ. പിന്നീട് ഓരോ ഘട്ടത്തിലും ശാസ്ത്രീയ രീതികൾ അവലംബിച്ച് കായികമികവ് വളർത്തിക്കൊണ്ടു വരണം. പല സ്കൂളുകളിലും കായികാധ്യാപകരില്ല എന്നുള്ളതു കായികവികസനത്തിനു തിരിച്ചടിയാകുന്ന വസ്തുതയാണ്. അതിനുള്ള പരിഹാരം സർക്കാർ തലത്തിൽ വരേണ്ടതുണ്ട്. അത്‍ലറ്റിക്സിലെ പങ്കാളിത്തം വർധിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കണം. കുട്ടികൾക്കു ജിംനാസ്റ്റിക്സ് പരിശീലനം ചെറുപ്പത്തിലേ നൽകുന്നതിനെപ്പറ്റിയും ആലോചിക്കണം. ആവശ്യത്തിനു കായികാധ്യാപകരെ നിയമിക്കുക, കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക. ഓപ്പറേഷൻ ഒളിംപിയ പോലെയുള്ള വലിയ പദ്ധതികളേക്കാൾ കൂടുതൽ ഗുണം ചെയ്യുന്നത് അതാകും.