Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിസ്ഥാന വികസനം ലക്ഷ്യമിട്ട് എറണാകുളം

kalikkottam-challenge-ernakulam-district-panchayath മണീട് ഗവ.എച്ച്എച്ച്എസിൽ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ജംപിങ് പിറ്റും പോളും ഉപയോഗിച്ചു നടക്കുന്ന പരിശീലനം.

കൊച്ചി∙ എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകളിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും ഒരു കോടിയിലേറെ രൂപ വീതം കായിക പദ്ധതികൾക്കു നീക്കിവച്ചു. സർക്കാർ സ്കൂളുകളിലെ കായിക മികവുള്ള കുട്ടികൾക്ക് പരിശീലനത്തിനു മികച്ച സാഹചര്യവും സൗകര്യവും ഒരുക്കുന്നതിനായിരുന്നു മുൻഗണന.

ജില്ല സ്കൂൾ കായിക മേളയിൽ കഴിഞ്ഞ രണ്ടു വർഷമായി അട്ടിമറി വിജയങ്ങൾ കൊയ്യുന്ന മണീട് ഗവ.എച്ച്എസ്എസിന്റെ നേട്ടങ്ങൾക്കു പിന്നിൽ ജില്ല പഞ്ചായത്തിന്റെ പിന്തുണയുണ്ട്. മികച്ച കായിക ഉപകരങ്ങൾ വാങ്ങാൻ 13 ലക്ഷം രൂപയാണു ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. സംസ്ഥാന തലത്തിലുള്ള ടെന്നീസ് പ്രതിഭകളെ വരെ വളർത്തിയെടുത്ത ചെല്ലാനം പുത്തൻതോട് ഗവ.എച്ച്എസ്എസിന് ആധുനിക സിന്തറ്റിക് ടെന്നിസ് കോർട്ട് നിർമിക്കാൻ 39.5 ലക്ഷം രൂപ കായിക യുവജന ക്ഷേമവകുപ്പിനു കൈമാറി. മുളന്തുരുത്തി പഞ്ചായത്ത് സ്റ്റേഡിയം നിർമിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു. സമീപ സ്കൂളുകളെ ഉദ്ദേശിച്ചാണിത്.

വാളകം കെ.സി.മത്തായി സ്മാരക സ്റ്റേഡിയം നിർമാണത്തിനു 50.80 ലക്ഷം, തുറവുർ പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് 25 ലക്ഷം, പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ സ്റ്റേഡിയവും ഗാലറിയും നിർമിക്കാൻ 15 ലക്ഷം, തിരുമാറാടി മൈലാടും പാറയിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ 20 ലക്ഷം, ആയവന കാലാമ്പൂർ സ്റ്റേഡിയം നിർമ്മാണത്തിനു 15 ലക്ഷം എന്നിങ്ങനെ കായിക പദ്ധതികൾക്കും വൻ തുകകൾ അനുവദിച്ചു.