ഡാമിയന്റെ മനസ്സ്, മഹേഷിന്റെ മേൽവിലാസം; ആ പ്രതികാര കഥയ്ക്ക് ട്വിസ്റ്റ്!
Mail This Article
കഴിഞ്ഞ വർഷം കേരളം നെഞ്ചോടു ചേർത്ത ‘മഹേഷിന്റെ പ്രതികാര’ കഥയ്ക്ക് പുതിയ ട്വിസ്റ്റ്...
കണ്ണൂർ ∙ ഇനിഷ്യൽ ഇല്ലാത്ത മഹേഷിന് ഇപ്പോൾ മേൽവിലാസവുമില്ല! കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളക്കാലത്ത് കേരളം ‘മനോരമ’യിലൂടെ വായിച്ചറിഞ്ഞ മഹേഷിന്റെ കഥ തുടരുകയാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ രണ്ടാം ഭാഗത്തിൽ ‘നായകൻ’ സുഹൃത്താണ്. പ്രതിസന്ധിയിൽ തളർന്നു വീഴുന്ന ഘട്ടം വന്നപ്പോൾ സ്വന്തം സഹോദരനെപ്പോലെ വീട്ടിലേക്കു ക്ഷണിച്ച കൂട്ടുകാരൻ ജാവലിൻ ത്രോ താരമായ ഡാമിയൻ കുര്യാക്കോസ്.
അച്ഛനും അമ്മയ്ക്കും പിന്നാലെ മുത്തച്ഛനും മുത്തശ്ശിയും കൂടി ഉപേക്ഷിച്ചു പോയതോടെ അനാഥത്വത്തിലേക്കു വലിച്ചെറിയപ്പെട്ട മഹേഷിനെ ഡാമിയൻ ഒപ്പം കൂട്ടുകയായിരുന്നു. കഴിഞ്ഞവർഷത്തെ സംസ്ഥാന മേളയിൽ സബ്ജൂനിയർ ഡിസ്കസ് ത്രോയിൽ സ്വർണനേട്ടത്തോടെയാണ് ആലപ്പുഴ കലവൂർ സ്വദേശി മഹേഷ് കേരളത്തിന്റെ മനസ്സിൽ ഇടംപിടിച്ചത്. ഒൻപതാം മാസത്തിൽ, നെഞ്ചോടു ചേർത്തുപിടിക്കേണ്ട പ്രായത്തിൽ തന്നെ ഉപേക്ഷിച്ചുപോയ അച്ഛനോടും അമ്മയോടുമുള്ള പ്രതികാരമായിരുന്നു ആലപ്പുഴ ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസ് വിദ്യാർഥിക്ക് ആ വിജയം.
ഇനിഷ്യൽ ചോദിച്ചവരോട് അന്ന് മഹേഷ് സിനിമയിലെ നായകൻമാരെപ്പോലെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു: എന്റെ പേരിന് ഇനിഷ്യൽ ഇല്ല. പിന്നാലെ പലരും സഹായ വാഗ്ദാനങ്ങളുമായി എത്തിയയെങ്കിലും പലതും ഇതുവരെ യാഥാർഥ്യമായിട്ടില്ല. ദാരിദ്ര്യവും ഇനിയെന്ത് എന്ന ആശങ്കയും മുൻപത്തേക്കാളേറെ ശക്തമായി ഇപ്പോഴും മഹേഷിന്റെ കൂടെയുണ്ട്.
കഴിഞ്ഞ മേയിൽ ചികിത്സയ്ക്കായി ഡൽഹിയിലേക്കു പോയ മുത്തച്ഛനും മുത്തശ്ശിയും തിരിച്ചുവന്നിട്ടില്ല. ആകെയുണ്ടായിരുന്ന വാടകവീട് ഒഴിയേണ്ടിവന്നു. തലചായ്ക്കാൻ ഇടമില്ലാതായ മഹേഷിനെ ദുരിതങ്ങൾക്കു വിട്ടുകൊടുക്കാൻ സുഹൃത്ത് ഡാമിയൻ കുര്യാക്കോസ് ഒരുക്കമല്ലായിരുന്നു. സ്വന്തം മനസ്സിനൊപ്പം വീട്ടിലേക്കും ഡാമിയൻ വാതിൽ തുറന്നു കൊടുത്തപ്പോൾ മഹേഷിനു പുതിയ തുടക്കമായി.
ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസ് പഠന, ഭക്ഷണ ചെലവുകളെല്ലാം ഏറ്റെടുത്തിട്ടുണ്ട്. ഈ സുമനസ്സുകളാണ് ഇന്നു മഹേഷിന്റെ കരുത്ത്. നഷ്ടങ്ങൾ പലതവണ വട്ടംകറക്കിയെറിഞ്ഞ ജീവിതമാണ് മഹേഷിന്റേത്. പക്ഷേ, പ്രതിസന്ധികളെ പൊരുതിത്തോൽപിക്കുന്ന കരുത്തുമായി ജൂനിയർ ഡിസ്കസ്ത്രോയിൽ മഹേഷ് നാളെ മത്സരത്തിനിറങ്ങും. ജൂനിയർ ജാവലിൻ ത്രോയിൽ ഇന്നാണ് ഡാമിയന്റെ മത്സരം.\