കേരളം കേൾക്കുന്നുണ്ടോ; ദേശീയ സ്കൂൾ കായികമേളയിൽ ഓവറോൾ ഉണ്ട്!

doha-world-athletics-championship
SHARE

മലപ്പുറം ∙ ദേശീയ സ്കൂൾ കായികമേളയിലെ സമഗ്രാധിപത്യം തിരിച്ചുപിടിക്കാൻ കേരളത്തിനു സുവർണാവസരം. പഞ്ചാബിലെ സംഗരൂറിൽ നടക്കുന്ന ഇത്തവണത്തെ ദേശീയ സ്കൂൾ അത്‌ലറ്റിക്സിൽ ഓവറോൾ ചാംപ്യൻമാരെ നിശ്ചയിച്ചു പുരസ്കാരം നൽകാൻ സ്കൂൾ ഗെയിംസ് ഫെഡറേഷൻ തീരുമാനിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽനിന്നായി ഏറ്റവും കൂടുതൽ പോയിന്റു നേടുന്ന ടീം ഓവറോൾ ചാംപ്യൻമാരാകും. മുൻപ് തുടർച്ചയായി 19 വർഷം സ്കൂൾ മീറ്റിൽ ഓവറോൾ ചാംപ്യൻമാരായിരുന്ന കേരളത്തിന് ഏറെ പ്രതീക്ഷയേകുന്ന തീരുമാനമാണിത്.

4 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ സ്കൂൾ അത്‍ലറ്റിക്സിലേക്കു ഓവറോൾ ചാംപ്യൻഷിപ് തിരിച്ചെത്തുന്നത്. കോഴിക്കോടു നടന്ന 2015ലെ മീറ്റിലായിരുന്നു കേരളത്തിന്റെ തുടർച്ചയായ 19-ാം കിരീടധാരണം. തുടർന്നുള്ള 3 വർഷങ്ങളിലും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കായി വെവ്വേറെ ചാംപ്യൻഷിപ്പുകൾ നടത്തി. അതിൽ സീനിയർ, ജൂനിയർ ചാംപ്യൻഷിപ്പുകളിൽ കഴിഞ്ഞ 3 വർഷവും കേരളം ചാംപ്യൻമാരായി. പക്ഷേ സബ് ജൂനിയർ വിഭാഗത്തിൽ 3 തവണയും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി.

സംഗരൂറിൽ ഇത്തവണ 2 ചാംപ്യൻഷിപ്പുകളായാണു ദേശീയ സ്കൂൾ മീറ്റ് നടത്തുന്നത്. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ മത്സരം 4ന് ആരംഭിച്ച് 8നു സമാപിക്കും. സീനിയർ ചാംപ്യൻഷിപ് 11 മുതൽ 15 വരെ ഇതേ വേദിയിൽ നടക്കും. സീനിയർ വിഭാഗം മത്സരത്തിനുശേഷം ഓവറോൾ ചാംപ്യൻമാർക്കു ട്രോഫി സമ്മാനിക്കുമെന്നു ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി രുപീന്ദർ സിങ് ‘മനോരമ’യോടു പറഞ്ഞു.

∙ 56 മണിക്കൂർ; കേരളം എത്തി

56 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ 107 അംഗ കേരള സംഘം ഇന്നലെ രാത്രി സംഗരൂറിലെത്തി. മംഗള എക്സ്പ്രസിൽ ഉച്ചയ്ക്കു നിസ്സാമുദ്ദീനിൽ ഇറങ്ങിയ ടീം അവിടെനിന്നു ബസ് മാർഗമാണു സംഗരൂറിലേക്കു പോയത് 48 ആൺകുട്ടികളും 51 പെൺകുട്ടികളുമടങ്ങിയ ടീമിന് ഇന്നു പൂർണ വിശ്രമദിനമാണ്. നാളെ പരിശീലനത്തിനിറങ്ങും. കെ.പി.അജയ് രാജ്, കെ.യു.നന്ദഗോപാൽ, ജാഫർ ബാബു, ഷിബി മാത്യു, ജിജി ജോൺ, ജിക്കു സി.ചെറിയാൻ, സിജു കെ.ദാസ്, കെ.സൂര്യമോൾ, കെ.വി.നിർമല, കെ.ജെ.മേരി എന്നിവരടങ്ങുന്നതാണു കേരളത്തിന്റെ പരിശീലക സംഘം. പി.പി.മുഹമ്മദ് അലിയാണ് മാനേജർ. 

English Summary: Over-all Championship re-introduced in National School Games this year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOCAL SPORTS
SHOW MORE
FROM ONMANORAMA