ADVERTISEMENT

തിരുവല്ല ∙ എഴുപതാമത് ദേശീയ സീനിയർ ബാസ്ക്കറ്റ് ബോൾ ചാംപ്യൻഷിപ്പിനുള്ള പുരുഷ വിഭാഗം കേരള ടീമിൽ മാനേജർ ഉൾപ്പെടെ 5 പേർ കുറിയന്നൂരിന്റെയും തിരുവല്ലയുടെയും ബാസ്ക്കറ്റ് തട്ടകത്തിൽ നിന്ന്. സെജിൻ മാത്യു, ജിഷ്ണു ആർ.നായർ, അഖിൽ ബൈജു, എ.ആർ. അഖിൽ, പുരുഷ ടീം മാനേജർ വിശാൽ രവി എന്നിവരാണു തിരുവല്ലയുടെ അഭിമാനമായി മാറിയത്. മീഡിയ കോ–ഓർഡിനേറ്ററും ദേശീയ റഫറിയുമായ കെ.ഒ. ഉമ്മനെക്കൂടി ചേർത്താൽ അംഗബലം ആറാകും. ടീം ഇന്നലെ കൊച്ചുവേളി – അമൃത്‌സർ എക്സ്പ്രസിൽ ലുധിയാനയിലേക്കു പുറപ്പെട്ടു.

21 മുതൽ 28 വരെ പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന 12 അംഗ കേരള ടീമിലാണ് നാലംഗ തിരുവല്ല സംഘം ഇടം കണ്ടെത്തിയത്. നേപ്പാളിൽ ഈയിടെ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസ് ബാസ്ക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണമെഡൽ നേടിയ സെജിൻ ഈ ടീമിലെ ഏക മലയാളിയുമായിരുന്നു. ബാസ്ക്കറ്റ് ബോൾ ഗ്രാമമായ കുറിയന്നൂരിലെ എംടി ഹൈസ്ക്കൂളിലും തിരുവല്ല എസ്‌സിഎസ്എച്ച്എസ്എസിലും വിദ്യാഭ്യാസം പൂർത്തിയാക്കി മാർ ഇവാനിയോസ് കോളജിൽ ബിരുദ വിദ്യാർഥിയാണ്. നോയിഡയിലെ എൻബിഎ ബാസ്ക്കറ്റ് അക്കാദമിയിയിൽ നിന്ന് പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ പഠനത്തിനു ശേഷം ജിഷ്ണു തിരുവനന്തപുരത്ത് കെഎസ്ഇബിയിൽ സബ് എൻജിനീയറായി ജോലി ചെയ്യുന്നു. അഖിലും ക്രൈസ്റ്റിലെ പഠനത്തിനു ശേഷം ചങ്ങനാശേരി എസ്ബി കോളജിലെ വിദ്യാർഥിയാണ്. കുറിയന്നൂർ എംടിഎച്ച്എസിലെ പഠനത്തിനുശേഷം അഖിലിന് കേരള പൊലീസിൽ നിയമനം ലഭിച്ചു.

കുറിയന്നൂരിൽ ഈയിലെ നടന്ന സംസ്ഥാന സീനിയർ ബാസ്ക്കറ്റ് ബോൾ ചാംപ്യൻഷിപ്പിൽ ജിഷ്ണു തിരുവനന്തപുരം ജില്ലയെയും അഖിൽ ബൈജു കോട്ടയം ജില്ലയെയും എ.ആർ. അഖിൽ പത്തനംതിട്ട ജില്ലയെയുമാണു പ്രതിനിധീകരിച്ചത്. സെജിൻ പത്തനംതിട്ടയുടെ താരമാണെങ്കിലും സാഫ് ഗെയിംസ് പരിശീലനത്തിനായി ബെംഗളൂരുവിലായിരുന്നതിനാൽ പങ്കെടുത്തിരുന്നില്ല.

തിരുവല്ല തീപ്പനി ചന്ദ്രവിരുത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥനായ പോളിന്റെയും ശോഭയുടെയും മകനാണ് സെജിൻ. വള്ളംകുളത്ത് ബിസിനസ് നടത്തുന്ന ജൈത്രത്തിൽ ഗോപാലകൃഷ്ണൻ നായരുടെയും ഓമനക്കുട്ടിയുടെയും മകനാണ് ജിഷ്ണു. മുത്തൂർ അഖിൽ വില്ലയിൽ വിമുക്ത ഭടൻ ബൈജുവിന്റെയും ലതയുടെയും മകനാണ് അഖിൽ. പുല്ലാട് ആൽമാവ് ജംക്ഷനടുത്ത് അജൻ നിവാസ് റിട്ട. എഎസ്ഐ എ.ആർ. രഘുവിന്റെയും അമ്പിളിയുടെയും മകനാണ് എ.ആർ. അഖിൽ. പുല്ലാട് ആൽമാവ് ശ്രീരഞ്ജിനിയിൽ രവിയുടെയും രഞ്ജിനിയുടെയും മകനാണ് മാനേജർ വിശാൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com