Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വള്ളംകളി ലീഗും; നെഹ്റു ട്രോഫിയോടെ തുടക്കം

vallam

ആലപ്പു​ഴ ∙ കേരള ബോട്ട് റേസ് ലീഗ് എന്ന പേരിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വള്ളംകളി ചാംപ്യൻഷിപ് സ​ംഘടിപ്പിക്കുന്നതിനു സർക്കാരിന്റെ പച്ചക്കൊടി. ന‌െഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കുറഞ്ഞ സമയം രേഖപ്പെടുത്തുന്ന ഒൻപതു ചുണ്ടൻ വള്ളങ്ങളായിരിക്കും  പങ്കെ‌ടുക്കുക.

നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട ഏഴംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന മന്ത്രിതല യോഗത്തിലാണു തീരുമാനം. ഇതു സംബന്ധിച്ചു വ്യക്തത വരുത്താൻ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കൺവീനറായി സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ  നിയമാവലി തയാറാക്കും. അതിനു ശേഷം സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കാനും മന്ത്രിമാരായ തോമസ് ചാണ്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർകൂടി പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. വിദഗ്ധ സമിതിക്കൊപ്പം അതതു ജില്ലാ കലക്ടർമാർ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എന്നിവർക്കായിരിക്കും മുഖ്യ ചുമതല. നെഹ്റു ട്രോഫി ഒഴികെ ഓരോ സ്ഥലത്തെയും പ്രാദേശിക വള്ളംകളികൾക്കു പുറമേയാകും ലീഗ് മത്സരങ്ങൾ.

ഒൻപതു കേന്ദ്രങ്ങളിലായി അരങ്ങേറുന്ന ലീഗ് മത്സരങ്ങൾക്ക് ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ ആരംഭിക്കുന്ന നെഹ്റു ട്രോഫിയോടെ തുടക്കമാകും. തൃശൂർ കോട്ടപ്പുറത്താണു ഫൈനൽ. ഐപിഎൽ മാതൃകയിൽ മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ നിർദേ​ശം വച്ചതു മന്ത്രി തോമസ് ഐസക്കാണ്.  

ഓഗസ്റ്റ് മൂന്നാം ശനിയാഴ്ച മുതൽ എല്ലാ ശനിയാഴ്ചകളിലുമായി പുളിങ്കുന്ന്, കായംകുളം, കോട്ടയം കോടിമത, കരുവാറ്റ, മദർ തെരേസ, കൈനകരി, എറണാകുളം പിറവം എന്നീ പേരുകളിലാണു മൽസരം. ഒക്‌ടോബർ രണ്ടാം ശനിയാഴ്ച തൃശൂർ കോട്ടപ്പുറത്തു സമാപനം.

 നെഹ്‌റു ട്രോഫി ഒഴികെയുള്ള ഏഴു വള്ളംകളികളിലുമായി കൂടുതൽ പോയിന്റ് നേടുന്ന മൂന്നു ടീമുകൾ ഫൈനലിൽ മൽസരിക്കും. ടൂറിസം ഡയറക്ടർ ബാൽകിരൺ, സെക്രട്ടറി വി.വേണു, കലക്ടർ വീണ എൻ. മാധവൻ, ആർഡിഒ ​ആർ. മുരളീധരൻപിള്ള, വിദഗ്ധ സമിതി അംഗങ്ങളായ സി.കെ.സദാശിവൻ, കെ.കെ.ഷാജു, നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, ആർ.കെ.കുറുപ്പ്, ജോയിക്കുട്ടി ജോസ്, എസ്.എം.ഇക്ബാൽ, ജയിംസ്‌കുട്ടി ജേക്കബ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഓഗസ്റ്റ് മൂന്നാം ശനിയിൽ പുളിങ്കുന്ന്, നാലാം ശനിയിൽ കായംകുളം, സെപ്റ്റംബർ ആദ്യ ശനിയിൽ കോട്ടയം കോടിമത, സെപ്റ്റംബർ രണ്ടാം ശനിയിൽ കരുവാറ്റ, മൂന്നാം ശനിയിൽ മദർ തെരേസ, നാലാം ശനിയിൽ കൈനകരി, ഒക്‌ടോബർ ആദ്യ ശനിയിൽ എറണാകുളം പിറവം എന്നീ വള്ളംകളി മത്സരങ്ങൾക്കു ശേഷം ഒക്‌ടോബർ രണ്ടാം ശനിയിൽ തൃശൂർ കോട്ടപ്പുറത്ത് മത്സരം സമാപിക്കുന്ന വിധമാണു രൂപരേഖ. നെഹ്‌റു ട്രോഫി ഒഴികെയുള്ള ഏഴു വള്ളംകളികളിലുമായി കൂടുതൽ പോയിന്റ് നേടുന്ന മൂന്നു ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും.